Skip to main content

പ്രളയം: കണക്കെടുപ്പ് 10 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍  കലക്ടറുടെ നിര്‍ദേശം കൂടുതല്‍ സംഘങ്ങളെ നിയോഗിക്കും

    ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പ് 10 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. ഇതിനായി തദ്ദേശസ്ഥാപനങ്ങളിലെയും റവന്യു വകുപ്പിലെയും ഓരോ ജീവനക്കാര്‍, അസി. എഞ്ചിനീയര്‍ അല്ലെങ്കില്‍ ഓവര്‍സിയര്‍ എന്നിവരടങ്ങിയ സംഘമാണ് വീടുകളിലെത്തി പരിശോധന നടത്തുന്നത്. ജില്ലയില്‍ നിലവില്‍ 83 സംഘങ്ങളെയാണ് കണക്കെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ പഞ്ചായത്തിലും നഗരസഭയിലും ആവശ്യമെങ്കില്‍ കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. 
നിലവില്‍ ഓരോ തദ്ദേശസ്ഥാപന പരിധിയിലും ഓരോ ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. പല തദ്ദേശസ്ഥാപനങ്ങളിലും പരിശോധിക്കേണ്ട വീടുകളുടെ എണ്ണം കൂടുതലായതിനാല്‍ കൂടുതല്‍ പരിശോധന സംഘങ്ങളെ നിയോഗിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇതിനായി ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയത്. 'കൂടുതല്‍ ടീമിനെ ആവശ്യമാകുന്ന മുറക്ക് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നിയമിച്ച് ഉത്തരവിറക്കേണ്ടതാണെന്ന്' ഈ ഉത്തരവില്‍ പറഞ്ഞു. ഇതിലേക്ക് ആവശ്യമായ റവന്യു ജീവനക്കാരെ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ആവശ്യപ്പെടുന്ന മുറക്ക് തഹസില്‍ദാര്‍മാര്‍ വിട്ടുനല്‍കേണ്ടതാണെന്നും ഉത്തരവില്‍ പറഞ്ഞു. എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ ജില്ലാ കലക്ടറെ അറിയിച്ചാല്‍ മറ്റ് വകുപ്പുകളില്‍ നിന്ന് ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കുമെന്നും കലക്ടര്‍ അറിയിച്ചു. 
പി എന്‍ സി/3168/2019

date