Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സംഘാടക സമിതി രൂപീകരിച്ചു
    മൂന്നാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി (ചെയര്‍മാന്‍), കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്  (വൈസ്‌ചെയര്‍മാന്‍),
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് വി പുരുഷോത്തമന്‍ (ജനറല്‍ കണ്‍വീനര്‍),  എസ് ഐ ടി ടി ടി ആര്‍ ജോയിന്റ്. ഡയരക്ടര്‍ എന്‍ കെ രാജന്‍ (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.  കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  മേള നടത്തും.
പി എന്‍ സി/3170/2019

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ നടക്കും
    ഇന്ന്(സപ്തംബര്‍ അഞ്ച്) കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ടവര്‍ www.norkaroots.org ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495-2304885, 2304882.
പി എന്‍ സി/3171/2019

മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍ ആറിന്
    കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ്അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സപ്റ്റംബര്‍ ആറിന് നടക്കും. അക്കാദമിയുടെ എറണാകുളം കാക്കനാട്ടുള്ള കാമ്പസില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷന് അപേക്ഷ അയച്ച് പ്രവേശനപരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കും പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം. 
    പ്രായപരിധി 35 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് രണ്ടുവര്‍ഷത്തെ വയസ്സിളവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് അക്കാദമി ഓഫീസില്‍ ഹാജരാകണം. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ് സി/ എസ് ടി/ ഒ ഇ സി വിഭാഗങ്ങള്‍ക്ക് 150 രൂപ. അഡ്മിഷന്‍ ഉറപ്പാകുന്നവര്‍ ഫീസിന്റെ അഡ്വാന്‍സ് തുകയായ 2000 രൂപ അടക്കാന്‍ തയ്യാറായി വരേണ്ടതാണ്. ഫോണ്‍:0484-2422275, 2422068, 9868105355. വെബ്‌സൈറ്റ്: www.keralamediaacademy.org. 
പി എന്‍ സി/3172/2019

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക്  സപ്തംബര്‍ ഏഴിന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
    ത്രീഡി മാക്‌സ് ഇന്റീരിയര്‍/ എക്സ്റ്റീരിയര്‍ ഡിസൈനിംഗ്, ടുഡി ഓട്ടോകാഡ് , സൈറ്റ് സൂപ്പര്‍വൈസര്‍ , ഇ എം ടി നഴ്‌സ്, ഫൈന്‍ ആര്‍ട്‌സ് ടീച്ചര്‍, മള്‍ട്ടിമീഡിയ ഇന്‍സ്ട്രക്ടര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, വനിത ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ , മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സ്‌പോക്കണ്‍ ഇംഗ്ലീഷ് ടീച്ചര്‍, ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് എന്നിവയിലാണ് ഒഴിവുകള്‍.
     യോഗ്യത: ബി ടെക്ക്  സിവില്‍/മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍, ഐ ടി ഐ, ഡിപ്ലോമ, ജി എന്‍ എം/ബി എസ് സി നഴ്‌സിംഗ്, കെ ജി സി ഇ  ഫൈന്‍ ആര്‍ട്‌സ്/ബി എഫ് എ, എസ് എസ് എല്‍ സി/പ്ലസ്ടു, എം എ ഇംഗ്ലീഷ്. 
    താല്‍പര്യമുള്ള  ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം.  നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും  പങ്കെടുക്കാം. ഫോണ്‍: 0497 -2707610.
പി എന്‍ സി/3173/2019

പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണകിറ്റ് വിതരണം ചെയ്യുന്നു
    പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഓണാത്തോടനുബന്ധിച്ച് ജില്ലയിലെ 13108 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 15 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റും 60 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് ഓണക്കോടിയും നല്‍കുന്നു. കുറുവ അരി(15 കി ഗ്രാം), ചെറുപയര്‍(500 ഗ്രാം), പഞ്ചസാര(500 ഗ്രാം), മുളക് പൊടി(200 ഗ്രാം), ശര്‍ക്കര(500 ഗ്രാം), വെളിച്ചെണ്ണ(500 മില്ലി), ഉപ്പ്‌പൊടി(ഒരു കി ഗ്രാം), തുവരപരിപ്പ്(250 ഗ്രാം), ചായപ്പൊടി(200 ഗ്രാം) എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്ന സാധനങ്ങള്‍.  കൂടാതെ 2191 പുരുഷന്‍മാര്‍ക്ക് കസവ് കരയുള്ള ഡബിള്‍മുണ്ടും തോര്‍ത്തും 2855 സ്ത്രീകള്‍ക്ക് കസവ് സെറ്റ് മുണ്ടും  ലഭിക്കും.
പി എന്‍ സി/3174/2019

വൈദ്യുതി മുടങ്ങും
    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലൂര്‍ സിറ്റി, കെ പി ആര്‍ നഗര്‍, പനക്കളം, എരട്ടേങ്ങല്‍, വെണ്ണക്കല്‍ വയല്‍, പാലോട്ട് വയല്‍, കുരുമ്പോളി, കരിവെള്ളൂര്‍ ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 05) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/3175/2019

ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് 17 മുതല്‍
    ഈ വര്‍ഷത്തെ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ  സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് സപ്തംബര്‍ 17,18,19 തീയ്യതികളില്‍ നടക്കും. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനുള്ള എന്‍ട്രികള്‍ സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്‌റ്റേഷന്‍, പി ഒ കണ്ണൂര്‍ എന്ന വിലാസത്തില്‍ സപ്തംബര്‍ 16നകം ലഭിക്കണം. തീയ്യതി, സ്ഥലം, ഇനം എന്ന ക്രമത്തില്‍.  സപ്തംബര്‍ 17- മുണ്ടയാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം- ഷട്ടില്‍ ബാറ്റ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ബാസ്‌ക്കറ്റ് ബോള്‍, പവര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ആന്റ് ബെസ്റ്റ് ഫിസിക്, റസലിംഗ്, ലോണ്‍ ടെന്നീസ്. പിണറായി സ്വിമ്മിംഗ് പൂള്‍- സ്വിമ്മിംഗ്, പോലീസ് പരേഡ് ഗ്രൗണ്ട്- കബഡി, വോളിബോള്‍ 18- പോലീസ് പരേഡ് ഗ്രൗണ്ട്- അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, 19- ഡിസ്ട്രിക്റ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍- ചെസ്സ്, കലക്ടറേറ്റ് ഗ്രൗണ്ട്- ക്രിക്കറ്റ്.
പി എന്‍ സി/3176/2019

നോര്‍ക്ക റൂട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം
     തോട്ടട ഗവ. ഐടിഐയില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് നോര്‍ക്ക റൂട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ്, ഫീസ് എന്ന ക്രമത്തില്‍. ഓട്ടോ മൊബൈല്‍ ടെക്‌നീഷ്യന്‍ (10000   രൂപ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സിസിടിവി (9000), സിഎന്‍സി പ്രോഗ്രാമിംഗ് കം ഓപ്പറേറ്റര്‍ (10000), ഇന്റീരിയര്‍ ഡിസൈന്‍ വിത്ത് കാഡ് (7500), ഓട്ടോ കാഡ് 2ഡി ആന്റ് 3ഡി (10000) ആകെ ഫീസിന്റെ 25 ശതമാനം മാത്രം നല്‍കിയാല്‍ മതി. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net ല്‍. എസ് സി, എസ് ടി വിഭാഗത്തില്‍പ്പെടുന്ന ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. ഫോണ്‍. 0497 2835183.
പി എന്‍ സി/3177/2019

പാല്‍ പരിശോധന ക്യാമ്പ്
    ഓണക്കാലത്ത് ഉപയോഗം കൂടുതലാകുന്ന സാഹചര്യത്തില്‍ ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ പാലിന്റെ വിപണനം തടയുന്നതിനായി  ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന്(സപ്തംബര്‍ 05) മുതല്‍ 10 വരെ ജില്ലാ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ സൗജന്യ പാല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.  ഇതോടൊപ്പം ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കും. കര്‍ഷകര്‍ക്ക് തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലും ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ വാങ്ങുന്ന പാലും പരിശോധിച്ച് ബോധ്യപ്പെടാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.  പരിശോധനക്ക് വരുന്നവര്‍ 200 മില്ലി ലിറ്റര്‍ പാല്‍ കൊണ്ടുവരണം.  ഫോണ്‍: 0497 2763720
പി എന്‍ സി/3178/2019

ലേലം ചെയ്യും
    കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മയ്യില്‍ അംശം ചെറുപഴശ്ശി ദേശത്ത് റി സ 84/6 ല്‍ പെട്ട 0.0202 ഹെക്ടര്‍ ഭൂമി ഒക്‌ടോബര്‍ 22 ന് രാവിലെ 11.30 ന് മയ്യില്‍ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് താലൂക്ക് റവന്യൂ റിക്കവറി ഓഫീസിലും മയ്യില്‍ വില്ലേജ് ഓഫീസിലും ലഭിക്കും.
പി എന്‍ സി/3179/2019

ജില്ലാ ആസൂത്രണ സമിതി യോഗം 
    ജില്ലാ ആസൂത്രണ സമിതി യോഗം സപ്തംബര്‍ 06) വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി എന്‍ സി/3180/2019

റേഷന്‍ വിതരണം
    സപ്തംബര്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് താഴെ ചേര്‍ക്കുന്നു.  എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കി ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും കി ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണന ഇതര വിഭാഗത്തില്‍പ്പെട്ട നാല് രൂപ നിരക്കിലുളള ഭക്ഷ്യധാന്യ  വിതരണ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് (എന്‍ പി എസ്) ഓരോ അംഗത്തിനും രണ്ട് കി ഗ്രാം  അരി വീതം കി ഗ്രാമിന് നാല് രൂപ നിരക്കിലും  ഓരോ കാര്‍ഡിനും മൂന്ന് കി ഗ്രാം (സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച്) ഫോര്‍ട്ടിഫൈഡ് ആട്ട കി ഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കും. 
    നാല് രൂപനിരക്കിലുളള ഭക്ഷ്യധാന്യ വിതരണപദ്ധതിയില്‍ ഉള്‍പ്പെടാത്ത ബാക്കിയുളള മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (എന്‍ പി എന്‍ എസ്) കാര്‍ഡിന് ഏഴ് കി ഗ്രാം അരി കി ഗ്രാമിന് 10.90 രൂപാ നിരക്കിലും, ഓരോ  കാര്‍ഡിനും മൂന്ന് കി ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട (സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച്) കി.ഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കും.  വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും   അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലഭിക്കും.
    റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍  താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ്  -  0460 2203128, തലശ്ശേരി - 0490 2343714,  കണ്ണൂര്‍ - 0497 2700091, ഇരിട്ടി - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്, കണ്ണൂര്‍          - 0497 2700552, ടോള്‍ഫ്രീ നമ്പര്‍ -  1800 425 1550, 1947 എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
പി എന്‍ സി/3181/2019

കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
പ്രതിദിന നറുക്കെടുപ്പ് വിജയികള്‍
    ഓണത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണ മേളയിലെ പ്രതിദിന നറുക്കെടുപ്പിലെ സപ്തംബര്‍ നാലിലെ സമ്മാന വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍. 23655 - വി വി രാജന്‍, 23261 - ഗീതഷാജി, 13604 - അനിത സുരേഷ്, 23303 - നിവേദ്.  വിജയികള്‍  സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി സപ്തംബര്‍ 10 ന് മുമ്പ് രേഖകള്‍ സഹിതം പൊലീസ് മൈതാനിയിലുള്ള  പ്രദര്‍ശന വിപണന മേള പവലിയന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
പി എന്‍ സി/3182/2019

ഓണാഘോഷം: വിദ്യാര്‍ഥികള്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാം
    സപ്തംബര്‍ ആറ് മുതല്‍ 14 വരെ കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. സ്‌കൂള്‍, കോളേജ് കലോത്സവങ്ങളിലെ വിവിധ മത്സര വിജയികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ ആറിനകം ഡിടിപിസി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍. 0497 2706336, 2760255.
പി എന്‍ സി/3183/2019 

 

date