തട്ടുകടകളിലും ഹോട്ടലുകളിലും റെയ്ഡ് ശക്തമാക്കും: ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ
വൃത്തിഹീനായ സാഹചര്യങ്ങളില്‍ ആഹാരസാധനങ്ങള്‍ പാചകം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകളിലും തട്ടുകടകളിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംയുക്ത റെയ്ഡുകള്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു.കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ ഭക്ഷ്യോപദേശക സമിതിയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. ഫുഡ്സേഫ്റ്റി വിഭാഗം, ആരോഗ്യ വകുപ്പ്, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്നതാണ് സ്ക്വാഡ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കടഅടപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കും. ഭക്ഷണശാലകളില്‍ നിന്നും സ്ക്വാഡ് ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയും ആവശ്യമെങ്കില്‍ പരിശോധനക്ക് അയയ്ക്കുകയും ചെയ്യും. അനുവദനീയമായതിലും അളവില്‍ കൂടുതല്‍ നിറം ചേര്‍ക്കുക, പഴകിയ ഭക്ഷണസാധനങ്ങളുടെ വിതരണം, തുറസ്സായ സ്ഥലത്തെ പാചകം തുടങ്ങി എല്ലാത്തരം നിയമലംഘനങ്ങളും സ്ക്വാഡ് പരിശോധിക്കും.
സോഡാഫാക്ടറികളില്‍ ജലശുദ്ധി ഉറപ്പു വരുത്തുന്ന കാര്യത്തില്‍ വീഴ്ചകള്‍ ഉള്ളതായി യോഗം വിലയിരുത്തി. ചില ഫാക്ടറികളില്‍ ജലം കൃത്യമായ രീതിയില്‍ ശുദ്ധീകരിക്കുന്നില്ല. ഇത്തരം ഫാക്ടറികളില്‍ പരിശോധന ശ്കതമാക്കി ലൈസന്‍സ് റദ്ദുചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെങ്കിലും പല കട ഉടമകളും ഇത് പാലിക്കാറില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ആഹാര സാധനങ്ങള്‍ കൈകൊണ്ട് എടുത്ത് നല്‍കുന്നതിന് പകരം കൈയുറയും ടോങ്സുകളും നിര്‍ബന്ധമായും ഉപയോഗിക്കണം.
റേഷന്‍ ഗോഡൗണുകളില്‍ ചുമട്ട് തൊഴിലാളികളുടെ കുറവുള്ളതായ പരാതികളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവല്ല ആര്‍ ഡി ഒ ടി.കെ.വിനീത്, ജില്ലാ സപ്ലൈ ഓഫീസര്‍ പ്രസന്ന കുമാരി, സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 23/18)
- Log in to post comments