Skip to main content

തുറമുഖ നവീകരണ പദ്ധതി പുരോഗമിക്കുന്നു:മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

· തുറമുഖ പരിധിയിൽ അനധികൃത ഉൾനാടൻ ജലവാഹനങ്ങൾ നിയന്ത്രിക്കാൻ നടപടി 

ആലപ്പുഴ:ആലപ്പുഴ തുറമുഖത്ത് ജോലിചെയ്തിരുന്ന തൊഴിലാളികളും ആശ്രിതരുമായ 293പേർക്ക് ഓണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു ധനസഹായവും രണ്ടാഴ്ചത്തെ സൗജന്യ റേഷനും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം  തുറമുഖ,പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. ആലപ്പുഴ തുറമുഖ ഓഫീസിൽ നടന്ന ചടങ്ങിൽ 5250 രൂപ വീതം മൊത്തം  15,38,250 രൂപയാണ് വിതരണം ചെയ്തത്.
ആലപ്പുഴ തുറമുഖത്തിന്റെ ഗോഡൗണുകൾ,യാർഡുകൾ,ഷെഡുകൾ,കനാലുകൾ എന്നിവ നവീകരിച്ച് നടപ്പാക്കുന്ന പോർട്ട്മ്യൂസിയം പദ്ധതി പുരോഗമിക്കുന്നതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.ഈ പദ്ധതിക്കൊപ്പം പഴയ കടൽപാലത്തിനടുത്തായി പുതിയ കടൽപ്പാലവും ചെറിയ യാത്രാകപ്പലുകൾക്ക് ബർത്ത് ചെയ്യുന്നതിന് സംവിധാനവും രൂപകൽപന ചെയ്തിട്ടുണ്ട്.സർക്കാർ സ്ഥാപനമായ മുസിരിസ് സ്പൈസ് റൂട്ട് പ്രോജക്ട് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഗോഡൗണുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിന് ടെണ്ടർ നടപടികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
തുറമുഖ ഓഫീസ് കെട്ടിടം(ഒരു കോടി 72 ലക്ഷം രൂപ),ജീവനക്കാരുടെ ക്വർട്ടേഴ്സ് നിർമ്മാണം (79 ലക്ഷം രൂപ),ഓഫീസ് കെട്ടിടത്തിൽ സി.സി.ടി.വി സ്ഥാപിക്കൽ(1.85ലക്ഷം രൂപ),സിഗ്നൽ സ്റ്റേഷന്റെ നവീകരണം(98.73ലക്ഷം രൂപ) തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.ഒരുകോടി 21 ലക്ഷം രൂപ ചെലവിൽ ട്രെയിനിംഗ് ഹാളിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

ആലപ്പുഴ തുറമുഖ പരിധിയിൽ അനധികൃത ഉൾനാടൻ ജലവാഹനങ്ങളെ നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.ഇത്തരം അനധികൃത ജലയാനങ്ങളെ പിടിച്ചുകെട്ടുന്നതിന് ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിലെ കായൽത്തീര പ്രദേശത്ത് സ്ഥലം നിശ്ചയിച്ചു.ഈ സ്ഥലത്ത് സെക്യൂരിറ്റി പോസ്റ്റിങ്,സി.സി.ടി.വി ക്യാമറ സ്ഥാപിക്കൽ എന്നിവ പൂർത്തിയാകുന്നതോടെ അനധികൃത സർവ്വീസ് നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി ഫലപ്രദമായി സ്വീകരിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു.അഡ്വ.എ എം ആരിഫ് എം പി,മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, ബി അൻസാരി, ജയലാൽ,കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ഹരിദാസ്, തുറമുഖ ഓഫീസർ ഹരി അച്യുത വാര്യർ എന്നിവർ പങ്കെടുത്തു. 
ഇനി മൂന്നു ദിവസങ്ങളിലും ധനസഹായം വിതരണം തുടരും. തുറമുഖ തൊഴിലാളികളോ നിയമപരമായ ആശ്രിതരോ പിൻതുടർച്ചാവകാശികളോ അവകാശം തെളിയിക്കുന്നതിനുള്ള രേഖകളായി - ടോക്കൺ, ആധാർ കാർഡ്, റേഷൻ കാർഡ്, പണം കൈപ്പറ്റുന്നതിനായുള്ള ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് എന്നിവ സഹിതം തുറമുഖ ഓഫീസിൽ ഹാജരാക്കി ധനസഹായം കൈപ്പറ്റാവുന്നതാണ്.

(ചിത്രമുണ്ട്)

ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിക്കും

ആലപ്പുഴ: പ്രകൃതിക്ഷോഭത്തോടനുബന്ധിച്ച് ആരംഭിച്ചതും ഓണസമയത്ത് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശമായി. തിരുവോണ നാളിൽ മന്ത്രിമാർ ക്യാമ്പു സന്ദർശിച്ച് ക്യാമ്പംഗങ്ങൾക്കൊപ്പം ഓണസദ്യ കഴിക്കുകയും അവർക്ക് ഓണക്കോടി വിതരണം നടത്തുകയും ചെയ്യും. പുരുഷന്മാർക്ക് വേഷ്ടി/മുണ്ട് സ്ത്രീകൾക്ക് സെറ്റ്‌സാരി കുട്ടികൾക്ക് ആവശ്യമായ ഡ്രസ് തുടങ്ങിയവ ഹാൻടെക്‌സ്, ഹാൻവീവ് എന്നീ സ്ഥാപനങ്ങളിൽ നിന്നോ അതുപോലുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്നോ വാങ്ങാം. ക്യാമ്പുകളിൽ ജില്ല ടൂറിസം പ്രൊമേഷൻ കൗൺസിൽ, മറ്റ് സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സഹായത്തോടെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഓരോ ജില്ലകളിലും ലൈഫ് മിഷൻ മുഖേന നിർമ്മാണം പൂർത്തിയാക്കിയ 10 വീടുകളിൽ ഏഴിന് ഗൃഹപ്രവേശന ചടങ്ങ് സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. 

ലൈഫ് മിഷൻ - ജില്ലയിൽ 8701 വീടുകൾ പൂർത്തീകരിച്ചു

ആലപ്പുഴ:കേരള സർക്കാരിന്റെ നവകേരള കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ 8701 വീടുകൾ പൂർത്തീകരിച്ചു. ലൈഫ് ഒന്നാംഘട്ടത്തിൽ 2694 വീടുകളും രണ്ടാംഘട്ടത്തിൽ 4151 വീടുകളും പി.എം.എ.വൈ പ്ലസ് ലൈഫിന്റെ ഭാഗമായി 1856 വീടുകളുമാണ് പൂർത്തീകരിച്ചത്.

 8418 വീടുകൾ കൂടി നിർമ്മാണ ഘട്ടത്തിലാണ്.ലൈഫ് ഒന്നാംഘട്ടത്തിൽ വിവിധ ഭവനപദ്ധതികളിൽ പൂർത്തീകരിക്കാതിരുന്ന വീടുകളാണ് പൂർത്തീകരിച്ചത്. ഏറ്റെടുത്ത വീടുകളിൽ 95 ശതമാനവും ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചു. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിർമ്മാണമാണ് ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ 8940 വീടുകളിൽ 4151 വീടുകളും പൂർത്തീകരിച്ചു. കൂടാതെ പി.എം.എ.വൈ റൂറലിന്റെ ഭാഗമായി 684 വീടുകളും പൂർത്തീകരിച്ചു.നഗരപ്രദേശത്ത് പി.എം.എ.വൈ പ്ലസ് ലൈഫ് എന്ന പദ്ധതിയുടെ ഭാഗമായി 1172 വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ലൈഫ് മിഷന്റെ ഭാഗമായി 1.03 ലക്ഷം വീടുകളാണ് പൂർത്തീകരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം വീടുകൾ പൂർത്തീകരിച്ച ആദ്യ പദ്ധതി ലൈഫ് മിഷനാണ്. ഡിസംബറോടെ രണ്ടു ലക്ഷം വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് ഹഡ്‌കോ വായ്പ, സംസ്ഥാന വിഹിതം, ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് വീടു നിർമ്മാണം. ഹഡ്‌കോ വായ്പ ഇനത്തിൽ ജില്ലയിൽ ഇതുവരെ 165 കോടി രൂപയും സംസ്ഥാന വിഹിതമായി 51 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.നഗരപ്രദേശത്ത് ഹഡ്‌കോ വായ്പ , നഗരസഭാ വിഹിതം, പി.എം.എ.വൈ വിഹിതം എന്നിവ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നതെന്ന് ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പി.ഉദയസിംഹൻ പറഞ്ഞു. 

അനധികൃത ചിട്ടി:ജാഗ്രത വേണം

ആലപ്പുഴ: സ്വകാര്യ കമ്പനികളുടെ ചിട്ടികളിൽ ചേരുന്നവർ അവ രജിസ്റ്റർ ചെയ്തതാണെന്ന് ഉറപ്പാക്കണമെന്ന് ജില്ല രജിസ്ട്രാർ  (ജനറൽ) അറിയിച്ചു. അതത് സ്ഥലങ്ങളിലെ സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടാം. കമ്പനികൾ സബ് രജിസ്ട്രാർ ഓഫീസിൽ ഫയൽ ചെയ്യുന്ന കക്ഷികളുടെ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും സ്ഥാപനം നൽകുന്ന ചിട്ടി പാസ്ബുക്കിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫ്  ചിറ്റ്‌സിന്റെ (സബ് രജിസ്ട്രാർ) ഒപ്പും സീലും ഉണ്ടെന്നും സ്ഥിരീകരിക്കണം. രജിസ്റ്റർ ചെയ്ത ചിട്ടി ഉടമ്പടിയുടെ പകർപ്പ് വാങ്ങണം. വ്യാജച്ചിട്ടി  കമ്പനികളുടെ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വഞ്ചിതരാകരുത്.  വ്യാജച്ചിട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ   ആലപ്പുഴ ഡപ്യൂട്ടി രജിസ്ട്രാർ ഓഫ് ചിറ്റിസിനെ രേഖാമൂലം  അറിയിക്കണം. ബന്ധപ്പെടേണ്ട വിലാസം: ജില്ല രജിസ്ട്രാർ (ജനറൽ) ഹെഡ് .പി.ഒ ആലപ്പുഴ 688001.ഫോൺ:0477-2253257.

പ്രോജക്ട് കോ-ഓർഡിനേറ്റർ നിയമനം

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും എന്നതിൽപ്പെടുത്തി 2019-20 സാമ്പത്തിക  വർഷം നടപ്പിലാക്കുന്ന സോഷ്യൽ മൊബൈലൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പ്രോജക്ട് കോ-ഓർഡിനേറ്ററിനെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താൽക്കാലികാടിസ്ഥാനത്തിൽ നിയമാനുസ്യതമായ കരാറിൽ മാസം 25,000 രൂപ വേതനാടിസ്ഥാനത്തിൽ നിയോഗിക്കും.താൽപ്പര്യമുള്ളവർക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ  സെപ്റ്റംബർ 16നകം ബയോഡാറ്റാ സഹിതം അപേക്ഷിക്കാം. പ്രായം 22 നും 45 നും മദ്ധ്യേ. യോഗ്യത: അംഗീകൃത  യൂണിവേഴ്‌സിറ്റിയിൽ നിന്നും  സോഷ്യൽ  വർക്ക്/ സോഷ്യോളജി/സൈക്കോ                   ളജി ഇവയിൽ ഏതെങ്കിലും ഒരു വിഷയത്തിനുള്ള  ബിരുദാനന്തര ബിരുദം.അധിക  യോഗ്യത:- എം.എസ്.ഓഫീസ് / കെ.ജി.ടി.ഇ./ വേർഡ് പ്രോസസിംഗ് (ഇംഗ്ലീഷ് & മലയാളം) / പി.ജി.ഡി.സി.എ   ഇവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ നേടിയ കംപ്യൂട്ടർ പരിജ്ഞാനം. 

കായിക പരിശീലകരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു

ആലപ്പുഴ: ജില്ലയിലെ അർത്തുങ്കൽ ഗവൺമെന്റ് റീജീയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂൾ (ചേർത്തല സൗത്ത് പഞ്ചായത്ത്) ലെ മത്സ്യത്തൊഴിലാളി കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിന് വേണ്ടി ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദം/ഡിപ്ലോമ  യോഗ്യതയുള്ളവരിൽ നിന്നും കായിക പരിശീലകരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  15,000 രൂപ ഹോണറേറിയം നൽകി എട്ടു മാസത്തേയ്ക്കാണ് നിയമനം.  മത്സ്യത്തൊഴിലാളി കുടംബങ്ങളിൽ നിന്നുള്ള ബന്ധപ്പെട്ട പഞ്ചായത്തിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.  താൽപ്പര്യമുള്ളവർ  സെപ്റ്റംബർ 17ന്  ഉച്ചയ്ക്ക് രണ്ടിന്  യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം..  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477- 2251103 

സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഗവ/ എയ്ഡഡ്/പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും ഭിന്നശേഷിക്കാരെയും അവർക്കായി നടപ്പാക്കുന്ന മെഡിക്കൽ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിലും സഹായം നൽകുന്ന മികച്ച മൂന്ന് എൻ.എസ്.എസ്/എൻ.സി.സി/എസ്.പി.സി  യൂണിറ്റിന് അവാർഡ് നൽകുന്ന  സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറത്തിനും മറ്റ് വിവരങ്ങൾക്കും  ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം.  അപേക്ഷഫോറം www.swd.kerala.gov.in  എന്ന സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 30. ഫോൺ 0477 2253870.

തെങ്ങിൻതൈ സൗഹൃദഗ്രാമങ്ങൾ; സംസ്ഥാനത്തിലെ പ്രഥമ സംരംഭം തുടങ്ങി

ആലപ്പുഴ:  തെങ്ങുകൃഷിയുടെ പരിസ്ഥിതി സൗഹൃദ പുനരുജ്ജീവനത്തിനും നാടൻ തെങ്ങുകളുടെ പരിപോഷണത്തിനുമായി കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന  'കേരനന്മ' പദ്ധതി ചുനക്കര, വള്ളികുന്നം, ഭരണിക്കാവ് പഞ്ചായത്തുകളിൽ നടപ്പിലാക്കിത്തുടങ്ങി. കേരനന്മയുടെ ഭാഗമായി വള്ളികുന്നം ഗ്രാമപഞ്ചായത്തിനെ, തെങ്ങിൻ തൈ സൗഹൃദ ഗ്രാമമായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രജിനി ജയദേവ്, ഒരു തെങ്ങിൻതൈ വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഇന്ദിര തങ്കപ്പന് കൈമാറിക്കൊണ്ട് പ്രഖ്യാപിച്ചു.

 സംസ്ഥാനത്ത് ഇദംപ്രഥമമായി നടപ്പാക്കുന്ന 'തൈതെങ്ങ് സൗഹൃദ ഗ്രാമ' പരിപാടിയിൽ അതാത് പഞ്ചായത്തിലെ മികച്ച 'അമ്മതെങ്ങു'കളെ ശാസ്ത്രജ്ഞരും കർഷകരും കൃഷിവകുപ്പുദ്യോഗസ്ഥരും അടങ്ങുന്ന ഒരു കമ്മിറ്റി തെരഞ്ഞെടുക്കുകയും അവയിൽ നിന്നും ഏറ്റവും ഗുണമേന്മയുള്ള കൂടതെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുകയും ആണ് പ്രധാന പ്രവർത്തനം. ഇത്തരത്തിൽ മൂന്ന് പഞ്ചായത്തിലും കേരനഴ്‌സറികൾക്ക് കർഷക പങ്കാളിത്തത്തോടെ തുടക്കമിട്ടു കഴിഞ്ഞു. തെങ്ങിൻ തൈകളുടെ ശാസ്ത്രീയ പരിപാലനം നടപ്പാക്കുന്ന 100-ലധികം തെങ്ങിൻ തോപ്പുകൾ  തെരഞ്ഞെടുത്തു. തെങ്ങിൻ തൈകളുടെ നടീൽ രീതികൾ, വളപ്രയോഗം, കേരപ്രോബയോ, ട്രൈക്കോഡെർമ എന്നിവയുടെ പ്രയോഗം, കീടരോഗ പ്രതിരോധം എന്നിവയിൽ വിശദമായ 'കൃഷിയിട സ്‌കൂളുകൾ' കർഷകർക്ക് വേണ്ടി ആരംഭിക്കുന്നുണ്ട്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തങ്കപ്പൻ കീടരോഗ നിയന്ത്രണ ഗ്രൂപ്പിനുള്ള സസ്യസംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.റസിയ മാതൃകാപുരയിടങ്ങൾക്കുള്ള 'പരിപാലന കിറ്റു'കളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
തെങ്ങുകൃഷിയുടെ മൂല്യശൃംഖല മെച്ചപ്പെടുത്താനായി ആരംഭിച്ച ചക്കിലാട്ടിയ വെളിച്ചെണ്ണ 'പ്രൈം കല്പകം' ബ്രാൻഡിന്റെ ആദ്യ വില്പന സി. പി. സി. ആർ. ഐ. മേധാവി ഡോ. വി. കൃഷ്ണകുമാർ നടത്തി. ചടങ്ങിൽ ഡോ.പി.അനിതകുമാരി, പ്രിൻസിപ്പൽ സയന്റിസ്റ്റ് സ്വാഗതവും, ഷാനിദ ബീവി, കൃഷി ഓഫീസർ കൃതജ്ഞതയും പറഞ്ഞു. കർഷക സംവാദത്തിൽ ഡോ.ജോസഫ് രാജ്കുമാർ, ഡോ. ഷരീഫ,  ഡോ. ഇന്ദുജ എന്നിവരും 80-ലധികം കേരകർഷകരും പങ്കെടുത്തു.  

രജത ജൂബിലി ഉദ്ഘാടന വേളയിൽ എം.എൽ.എ.യുടെ സഹായഹസ്തം

ചെങ്ങന്നൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തിരുവൻവണ്ടൂർ ഇരമല്ലിക്കര  അയ്യപ്പാ കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സജി ചെറിയാൻ എം.എൽ.എ.ലോഗോ പ്രകാശനം ചെയ്ത് ഉദ്ഘാടനം ചെയ്തു. കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എൽ.എ.ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ശൗചാലയ നിർമ്മാണത്തിനും വിദ്യാർഥികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള ഹാളിനുമായി അനുവദിക്കുന്നതാണന്ന് അദ്ദേഹം ഉറപ്പ് നല്കി.
രജത ജൂബിലിയോടനുബന്ധിച്ച് ഇരുപത്തഞ്ചിന കർമ്മ പദ്ധതികളിൽ പ്രധാന ഇനമായ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും സജി ചെറിയാൻ എം.എൽ.എ.നിർവ്വഹിച്ചു.
മഹാപ്രളയത്തിൽ വീടും സ്ഥലവും ഒലിച്ചുപോയ   തിരുവൻവണ്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ഇട്ടിയ വടക്കേതിൽ രാധാമണിക്കാണ്പുതിയ വീട് നിർമ്മിച്ച് നല്കുന്നത്.
കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഊർജ്ജസംരക്ഷണ പദ്ധതിയുടെയും വിവിധ സ്‌കോളർഷിപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ നിർവ്വഹിച്ചു. അവതരണ ഗാന വീഡിയോ പ്രകാശനം ഗാന രചയിതാവ് ജി.നിശീകാന്ത് ചെറിയനാട് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ്.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ പ്രൊഫ.കെ.സി.പ്രകാശ്, രഞ്ജിത്ത് .എസ്, ഡോ.എസ്.സുരേഷ്, ആർ.സുരേഷ് കുമാർ, ഡോ.ശ്രീദേവി.എസ്. എന്നിവർ പ്രസംഗിച്ചു.

വീടിന്റെ താക്കോൽ ദാനം ഇന്ന്

ആലപ്പുഴ: ഐ ആംഫോർ ആലപ്പി പദ്ധതി വഴി പുന്നമട വാർഡിൽ നിർമ്മിച്ച പ്രളയത്തെ പ്രതിരോധിക്കാവുന്ന തരത്തിലുള്ള  വീടിന്റെ താക്കോൽ ദാനം ഇന്ന് (05.09.2019) വൈകിട്ട്  നാലിന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിർവഹിക്കും.

ഓട്ടിസം സെന്ററിൽ സോഷ്യൽ വർക്കർ, ക്ലീനിങ് സ്റ്റാഫ്  നിയമനം

 ആലപ്പുഴ: മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ഓട്ടിസം റീഹാബിലിറ്റേഷൻ സെന്ററിൽ സോഷ്യൽ വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ  നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 18നകം രാവിലെ 10.30ന് ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം. സോഷ്യൽ വർക്കർ യോഗ്യത: സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം, ക്ലീനിങ്ങ് സ്റ്റാഫിനെ നിയമിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകർക്ക് മുൻഗണന.

ജില്ല ആസൂത്രണ സമിതിയുടെ യോഗം സെപ്റ്റംബർ ആറിന്

ആലപ്പുഴ: ജില്ല ആസൂത്രണ സമിതിയുടെ യോഗം സെപ്റ്റംബർ ആറിന് ഉച്ചയ്ക്ക്  ശേഷം 2.30ന്  ജില്ല ആസൂത്രണ സമതി കോൺഫറൻസ് ഹാളിൽ ചേരും.

പ്രളയാനന്തരം നെൽകൃഷിയിൽ കണ്ടുവരുന്ന കീടരോഗബാധകളെ നിയന്ത്രിക്കാം

ആലപ്പുഴ: പ്രളയത്തെ അതിജീവിച്ച  പാടശേഖരങ്ങളിൽ  ബാക്ടീരിയൽ ഇലകരിച്ചിൽ രോഗം കണ്ടുവരുന്നതായും ഇതിനെതിരെ പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണെന്നും കൃഷി വകുപ്പ് അറിയിച്ചു. നെല്ലോലകളുടെ ഇരുവശങ്ങളിലൂടെയോ, നടുഞരമ്പിൽ കൂടിയോ മുകളിൽ നിന്നും താഴേക്ക് മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിൽ കരിവ് ബാധിക്കുന്നതാണ് ലക്ഷണം. രോഗത്തിന്റെ തുടക്കത്തിൽ 20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി ആറ് മണിക്കൂറിന് ശേഷം തെളി ഊറ്റിയെടുത്ത് അരിച്ച് ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ഫ്‌ളൂറസെൻസ് ചേർത്ത് തളിച്ചാൽ നിയന്ത്രണം സാധ്യമാക്കാം. അല്ലാത്തപക്ഷം ബയോനോൾ/ ബാക്ടീരിയനാശക്/ബ്രോണോപോൾ രണ്ട് ഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കാം. രോഗവ്യാപനം അധികരിക്കുന്ന സാഹചര്യത്തിൽ സ്‌ട്രെപ്‌റ്റോമൈസിൻ സൾഫേറ്റ്, ടെട്രാസൈക്ലിൻ ഹൈഡ്രോക്ലോറൈഡ് എന്നിവ ചേർന്ന ആന്റിബയോട്ടിക് ഫോർമുലേഷനുകൾ രണ്ട് ഗ്രാം 10 ലിറ്റർ വെള്ളത്തിൽ തളിച്ച് കൊടുക്കാം. ഇതിന് പുറമേ രോഗവ്യാപനം തടയുന്നതിന് ബ്ലീച്ചിങ് പൗഡർ രണ്ട് കിലോഗ്രാം ഒരേക്കറിന് എന്ന തോതിൽ ചെറിയ കിഴികളിൽ കെട്ടി വെള്ളം കയറിയിറങ്ങുന്ന തൂമ്പുകളിൽ ഇട്ടു കൊടുക്കാം. വിതച്ച് 80 ദിവസം കഴിഞ്ഞ പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. നെൽച്ചെടികൾ വകഞ്ഞ് വച്ച് നോക്കുമ്പോൾ ആദ്യദശയിലുള്ള നിംഫുകളാണ് കൂടുതലായി കാണുന്നതെങ്കിൽ ബ്യൂപ്രോഫെസിൻ 25 എസി.സി അടങ്ങിയ കീടനാശിനി 10 ലിറ്റർ വെള്ളത്തിന് 20 മില്ലി എന്ന തോതിൽ കലർത്തി തളിക്കാം. മുതിർന്ന മുഞ്ഞകൾക്ക് ഡൈനെറ്റോഫുറാൻ 20 എസ്.ജി അടങ്ങിയ കീടനാശിനി നാല്- അഞ്ച് ഗ്രാം 10 ലിറ്റർ വെള്ളത്തിൽ തളിക്കാം.  നെൽച്ചടികളുടെ ചുവട്ടിൽ വീഴത്തക്കവണ്ണം വകഞ്ഞുവച്ച് വേണം കീടനാശിനി പ്രയോഗിക്കാൻ. ശുപാർശ ചെയ്യുന്ന അളവിൽ തന്നെ വെള്ളം ഉപോയഗിച്ചു വേണം സ്‌പ്രേ ലായനി തയ്യാറാക്കാൻ. നെൽച്ചെടി പൂവിടുന്ന സമയത്ത് ഒരു കാരണവശാലും മരുന്ന് തളി നടത്താൻ പാടില്ല. മരുന്ന് തളി ഫലപ്രദമാകാൻ ഫിൽവെറ്റ്, സ്‌റ്‌റാനോവെറ്റ്, ടീപ്പോൾ മുതലായ ഏതെങ്കിലും പശ കൂടി 10 ലിറ്ററിന് മൂന്ന് മില്ലി എന്ന തോതിൽ ചേർത്ത് തളിക്കണം.

'വിദ്യാർത്ഥി സൗഹൃദ ബസ്' നടപ്പാക്കാൻ കർശന നടപടി:കളക്ടർ

ആലപ്പുഴ:വിദ്യാർത്ഥികളുടെ ബസ് യാത്ര സുഗമമാക്കാൻ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള വ്യക്തമാക്കി.'വിദ്യാർത്ഥി സൗഹൃദ ബസ്' എന്ന ആശയം നടപ്പാക്കുകയാണ് ലക്ഷ്യം.വിദ്യാർത്ഥികളുടെ യാത്ര സൗകര്യ സമിതിയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.

വിദ്യാർത്ഥികളോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്റ്റാർ റേറ്റിങ് ഏർപ്പെടുത്താൻ കളക്ടർ നിർദേശം നൽകി.ഒക്ടോബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിലാക്കണം.മോശമായി പെരുമാറുന്ന ജീവനക്കാർക്ക് ഈ മാസം മുതൽ ബോധവത്കരണം നൽകണമെന്നും റോഡ് ഗതാഗത അധികൃതർക്ക് കളക്ടർ നിർദേശം നൽകി.ബോധവത്കരണ പരിപാടിക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്ന് ബസുടമകളുടെ പ്രതിനിധികൾ യോഗത്തെ അറിയിച്ചു.
വിദ്യാർത്ഥികളിൽ നിന്നുള്ള പ്രതികരണം ആരാഞ്ഞശേഷമാണ് ആർ ടി ഒ സ്വകാര്യ ബസ് ജീവനക്കാർക്ക് റേറ്റിങ് നൽകുക.വിദ്യാർത്ഥികളിൽ നിന്നുള്ള പ്രതികരണം ശേഖരിച്ചുനൽകാൻ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ യോഗത്തിൽ സന്നദ്ധത അറിയിച്ചു.മൂന്നുമാസം കൂടുമ്പോൾ റേറ്റിങ് പുനരവലോകനം ചെയ്യും.
ഇരട്ടക്കുളങ്ങരപോലെ സ്വകാര്യ ബസ് സർവ്വീസ് കുറവുള്ള പ്രദേശങ്ങളിൽ വിദ്യാർത്ഥികളുടെ യാത്രക്ലേശം പരിഹരിക്കാൻ കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നത് സംബന്ധിച്ച് ശാസ്ത്രീയ വിലയിരുത്തൽ നടത്തി നടപടി സ്വീകരിക്കാൻ കെ എസ് ആർ ടി സി പ്രതിനിധിയോട് കളക്ടർ നിർദേശിച്ചു.വിദ്യാർത്ഥി യാത്ര സൗകര്യ സമിതി യോഗത്തിൽ  ജീവനക്കാരുടെ ട്രേഡ് യൂണിയൻ പ്രതിനിധികളെയും പങ്കെടുപ്പിക്കും.പോലീസ്, ആർ ടി ഓഫീസ് പ്രതിനിധികളും ജോയിന്റ് ആർ ടി ഒ സുമേഷും യോഗത്തിൽ പങ്കെടുത്തു.
(ചിത്രമുണ്ട്)

ട്രാഫിക്ക് ബോധവത്കരണം നടത്തി

ആലപ്പുഴ:മോട്ടോർ വാഹനവകുപ്പ്, ആലപ്പുഴ സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ മത്സ്യത്തൊഴിലാളികൾക്കായി സംഘടിപ്പിച്ച ട്രാഫിക്ക് ബോധവത്കരണ ക്ലാസും ലൈസൻസ് വിതരണവും സബ് കളക്ടർ വി ആർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി കടലിന്റെ മക്കൾക്ക് കടലോളം സ്‌നേഹം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ച മോട്ടോർ വാഹന വകുപ്പിന്റെയും റോട്ടറി ക്ലബ്ബിന്റെയും സേവനം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാറിനെ ചടങ്ങിൽ സബ്കലക്ടർ ആദരിച്ചു. പരിപാടിയുടെ ആദ്യഘട്ടമായി 25 പേർക്കാണ് പരിശീലനവും ലൈസൻസും നൽകിയത്.ലൈസൻസ് ഫീസ്  ഉൾപ്പെടെ ചെലവുകൾ ആലപ്പുഴ സെൻട്രൽ റോട്ടറി ക്ലബ്ബ് വഹിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് സമിതി ചെയർമാൻ അഡ്വ മനോജ്കുമാർ,ജോയിന്റ് ആർ ടി ഓ സുമേഷ്, ക്ലബ് പ്രസിഡന്റ് സിനോ വിജയരാജ്, സി ജയകുമാർ, കെ ലാൽജി,സുബൈർ ഷംസ്,ഷിബു വിശ്വനാഥ്,രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
(ചിത്രമുണ്ട്)

date