Skip to main content

കാസര്‍കോട് പി ആര്‍ ഡി അറിയിപ്പ്

സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്: ജില്ലാ മീറ്റ് 19, 20 തിയ്യതികളില്‍

സിവില്‍ സര്‍വീസ് ടൂര്‍ണമെന്റുകള്‍ക്ക് ടീമുകളെ തയ്യാറാക്കുന്നതിനായി ജില്ലയിലെ വിവിധയിടങ്ങളില്‍ ഈ മാസം 19, 20 തിയ്യതികളില്‍ ജില്ലാ മീറ്റ് സംഘടിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പതിനാലോളം ഇനങ്ങളിലാണ് മത്സരാര്‍ത്ഥികളെയും ടീമുകളെയും തിരഞ്ഞെടുക്കുന്നത്. 19ന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക് മത്സരങ്ങള്‍ നടത്തും. 20ന് ഷട്ടില്‍            (സിവില്‍ സ്റ്റേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം), ഫുട്‌ബോള്‍ (കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം), നീന്തല്‍ (നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കല്‍ കുളം), ബാസ്‌കറ്റ് ബോള്‍ (കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്), ചെസ്, വോളിബോള്‍, ടേബിള്‍ ടെന്നീസ്, പവര്‍ ലിഫ്റ്റിങ്, ഗുസ്തി, കബഡി, ലോണ്‍ ടെന്നിസ് എന്നിവ കാസര്‍കോട് സ്‌പോര്‍ട്‌സ് അക്കാദമിയിലും ക്രിക്കറ്റ്  കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല സിവില്‍ സര്‍വീസ് മത്സരങ്ങളിലും തുടര്‍ന്ന് ദേശീയ മത്സരങ്ങളിലും പങ്കെടുപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04994-255521.
 

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 

ഓണം അവധി ദിവസങ്ങളില്‍  ജനങ്ങള്‍ കൂടുതല്‍ യാത്രകള്‍ ചെയ്യുന്നതിനാലും  ഭക്ഷണം, വെള്ളം മുതലായവ പുറത്തുനിന്നും വാങ്ങി ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാലും ജലജന്യ രോഗങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ. പി. ദിനേഷ് കുമാര്‍ അറിയിച്ചു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍  കാസര്‍കോട് ബെദിര, ചാല, കടവത്ത് ചാലക്കുന്ന് പ്രദേശങ്ങളില്‍ മഞ്ഞപിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആദ്യഘട്ടത്തില്‍  കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുകയും  കുടിവെള്ള സ്രോതസ്സുകളുടെ പരിശോധന, ക്ലോറിനേഷന്‍,  മെഡിക്കല്‍ക്യാമ്പ്, മൈക്ക് അനൗണ്‍സ്‌മെന്റ്, ബോധവത്ക്കരണ ക്ലാസുകള്‍, കോലായികൂട്ടം തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങള്‍  നടത്തിയിരുന്നു. എന്നിട്ടും മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ്  ഈ മാസം നാല്, അഞ്ച്, ആറ്  തിയ്യതികളിലായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു മാസ്സ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത് 
രോഗ ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 10 ടീമുകളായി ഗൃഹ സന്ദര്‍ശനം നടത്തി, സൂപ്പര്‍ ക്ലോറിനേഷന്‍, ക്ലോറിന്‍ ഗുളികകളുടെ വിതരണം എന്നിവ നടത്തും. ശാസ്ത്രീയമായ കൈകഴുകല്‍ രീതികളെ കുറിച്ചും വ്യക്തി ശുചിത്വം -പരിസര ശുചിത്വം എന്നിവയെ പറ്റിയും ബോധവത്കരണം നടത്തും. മാസ്സ് ക്യാമ്പയിന്റെ  ഉദ്ഘാടനം കാസര്‍കോട് നഗരസഭാ വനിതാ ഭവന്‍ കുടുംബശ്രീ ഹാളില്‍  നഗരസഭാ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വഹിച്ചു.    വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നജ്മുന്നിസ, കൗണ്‍സിലര്‍ ഹമീദ് ബദിര, കാസര്‍കോട് ജനറല്‍ ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട്  ഡോ. ഗീത ഗുരുദാസ്, മുളിയാര്‍ സി.എച്ച്.സി  സൂപ്രണ്ട് ഡോ. ഈശ്വര നായ്ക്,  ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ചാര്‍ജ് ബി. നന്ദകമാര്‍, എപിഡമിയോളജിസ്റ്റ്  ഫ്‌ളോറി ജോസഫ്,  മുളിയാര്‍ സി.എച്ച്.സി  ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ. ഹരിദാസ്,  മുന്‍സിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രാജീവ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാധവന്‍ നമ്പ്യാര്‍, പി.പി യുണിറ്റ് ജെ.എച്ച്. ഐ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
 

തൊഴില്‍ രഹിത വേതനം കൈപ്പറ്റണം

പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ഈ മാസം അഞ്ച്, ആറ് തീയതികളില്‍ തൊഴില്‍ രഹിത വേതനം കൈപ്പറ്റണം. ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് കൊണ്ട് വരണം. 
 

സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിച്ചു

സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍  സംഘടിപ്പിക്കുന്ന  ഗുഡ് ഇംഗ്ലീഷ്, പച്ചമലയാളം, അച്ചീഹിന്ദി  കോഴ്‌സുകള്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ലയില്‍ 15 കേന്ദ്രങ്ങളിലായി 454  പഠിതാക്കള്‍  ക്ലാസിലെത്തി. ക്ലാസ് എടുക്കുന്ന അധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലനത്തിന്റെ  ഉദ്ഘാടനം കാസര്‍കോട് ബി ഇ.എം സ്‌കൂളില്‍ ജില്ലാ കോഡിനേറ്റര്‍ ഷാജു ജോണ്‍ നിര്‍വ്വഹിച്ചു. കോഴ്‌സ് കണ്‍വീനര്‍ സത്യനാരായണ റാവു അധ്യക്ഷത വഹിച്ചു. നോഡല്‍ പ്രേരക്മാരായ സി.കെ പുഷ്പ കുമാരി, ഡി വിജയമ്മ, സെന്റര്‍ കോഡിനേറ്റര്‍ അനിത പ്രേരക്മാരായ പുഷ്പാവതി,ജ്യോതി എന്നിവര്‍ സംസാരിച്ചു. .
 

തിരിനനക്കൃഷിക്ക് ധനസഹായം

വളത്തോടുകൂടിയ മണ്ണുനിറച്ച 25 ബാഗൂം പച്ചക്കറിച്ചെടികളും അതിനാവശ്യമായ പൈപ്പുകളും ബാഗുകളെ താങ്ങിനിറുത്താനാവശ്യമായ ഇഷ്ടികകളുമടക്കം തിരിനന സംവിധാനമുള്ള ഗ്രോബാഗുകള്‍ ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് 2,000 രൂപ ധനസഹായം കര്‍ഷകര്‍ക്ക് നല്‍കുന്നു. താല്‍പര്യമുള്ള കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലുള്ള കര്‍ഷകര്‍  നാളെ (സെപ്തംബര്‍ 6) രാവിലെ  പത്തിന്  ഭൂനികുതിയടച്ചതിന്റെ പകര്‍പ്പ് സഹിതം കൃഷിഭവനില്‍ ഹാജരാകണം. 
 

തൊഴില്‍രഹിത വേതന വിതരണം

മംഗല്‍പാടി ഗ്രാമപഞ്ചായത്ത് 2018 ഡിസംബര്‍ മുതല്‍  ഈ വര്‍ഷം ജൂലൈ വരെയുള്ള തൊഴില്‍ രഹിത വേതനം പഞ്ചായത്ത് ഓഫീസില്‍  നിന്ന്   ഈ മാസം അഞ്ചു വരെ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, രജിസ്‌ട്രേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഓഫീസില്‍  നേരിട്ട് ഹാജരായി  വേതനം കൈപ്പറ്റണം. 
 

ചെറുവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ഹരിത കേരളം പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പള്ളിക്കര ഗ്രാമപഞ്ചായത്ത്  ആറാം വാര്‍ഡ് പനയാലിലെ വിവിധ സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന ചെറുവനങ്ങളുടെ ഉദ്ഘാടനം  കാഞ്ഞങ്ങാട്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി നിര്‍വഹിച്ചു.  ഹരിതകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍  മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ വിനോദ് പനയാല്‍ അധ്യക്ഷത വഹിച്ചു.  പള്ളിക്കര ഗ്രാമപഞ്ചായത്ത്   ആസൂത്രണസമിതി വൈസ്‌ചെയര്‍മാന്‍ അജയന്‍ പനയാല്‍,  ബിഎന്‍സി കണ്‍വീനര്‍ എന്‍ അച്യുതന്‍,  വാര്‍ഡ്  വികസനസമിതി അധ്യക്ഷന്‍ നാരായണന്‍ കുഞ്ഞിത്തൊട്ടി, രാകേഷ്, സന്തോഷ് കെ ടി എന്നിവര്‍ സംസാരിച്ചു. 
 

അക്ഷര യാത്ര  നടത്തി

സംസ്ഥാന സാക്ഷരതാ മിഷന്റ  നേതൃത്വത്തില്‍  തെരെഞ്ഞെടുത്ത  കോളനി കളില്‍  നടത്തിവരുന്ന  കോളനി സാക്ഷരതയുടെ ഭാഗമായി  ചെങ്കള പഞ്ചായത്തിലെ  അര്‍ളടുക്കം-പുണ്ടൂര്‍  പട്ടിക ജാതി കോളനികളിലേക്ക്  അക്ഷര യാത്ര  നടത്തി. വാര്‍ഡ് മെമ്പര്‍  സിന്ധു  പൈക്ക  യാത്ര ഉദ്ഘാടനം  ചെയ്തു . സാമൂഹിക -സാംസ്‌കാരിക പ്രവര്‍ത്തകര്‍,ക്ലബ് ഭാരവാഹികള്‍, പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.
 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കയ്യൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക്ക് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ  നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍  ഈ മാസം  ആറിന്  രാവിലെ പത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം. ഫോണ്‍ : 04672-230980
 

ശില്‍പശാല സംഘടിപ്പിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിലുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് വകുപ്പ്, വിദ്യാനഗര്‍ ത്രിവേണി കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാത്ഥികള്‍ക്കായി ഏകദിന ശില്‍പശാല നടത്തി. ത്രിവേണി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ വി. ഗോപിനാഥന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. മയക്ക് മരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ  ഉപേക്ഷിക്കാന്‍ യുവ ജനങ്ങള്‍ തയ്യാറാവണമെന്ന്   അദ്ദേഹം പറഞ്ഞു.  മയക്ക് മരുന്ന്, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകള്‍ വര്‍ദ്ധിച്ച് വരുന്നതില്‍  ത്രിവേണി കോളെജില്‍ സംഘടിപ്പിച്ച ശില്‍പശാല ആശങ്ക പ്രകടിപ്പിച്ചു.   
സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസര്‍ ഡോ.എ.കെ.മോഹന്‍ , ഡോ.ലക്ഷ്മി മോഹന്‍, പ്രകാശ് അമീന്‍, ഇന്ദു നായര്‍, സി.റനീഷ് തുടങ്ങിയവര്‍ ക്ലാസ് എടുത്തു. കോളേജ് കൗണ്‍സില്‍ ചെയര്‍മാന്‍ വൈശാഖ്, സെമിനാര്‍ കോഡിനേറ്റര്‍ രമാനന്ദ്  കോടോത്ത് എന്നിവര്‍ സംസാരിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍  എം.വിജയന്‍ നമ്പ്യാര്‍ സ്വാഗതവും കോളേജ് കൗണ്‍സില്‍ സെക്രട്ടറി പി.വിനീത് നന്ദിയും പറഞ്ഞു.
 

ബോധവല്‍ക്കരണ പരിപാടി 18 ന്

സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ ജില്ലാ ബോധവല്‍ക്കരണ പരിപാടി ഈ മാസം 18 ന് രാവിലെ പത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. 
 

ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡിന് അപേക്ഷിക്കാം 

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയിട്ടുളള ധീരതയ്ക്കുളള ദേശീയ അവാര്‍ഡിന് ആറിനും 18 നും ഇടയില്‍ പ്രായമുളള കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വന്തം ജീവന്‍ തൃണവത്കരിച്ച് മറ്റുളളവരുടെ ജീവന്‍ രക്ഷിക്കുന്നതിനോ, സാമൂഹ്യ വിപത്തിനെതിരെയോ, കുറ്റകൃത്യങ്ങള്‍ക്കെതിരെയോ പോരാടിയ കുട്ടികളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 2018 ജൂലൈ ഒന്നിനും 2019 ജൂണ്‍ 30 നും ഇടയില്‍ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കുന്നത്. യോഗ്യരായിട്ടുളള കുട്ടികള്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ വെബ്‌സൈറ്റായ ംംം.ശരരം.രീ.ശി യില്‍ ലഭ്യമായിട്ടുളള നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഈ മാസം 15 നകം  ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ഡി ബ്ലോക്ക് രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് എന്ന മേല്‍വിലാസത്തില്‍ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256990 
 

സ്വകാര്യ മേഖലയില്‍ 16 ഒഴിവ്

കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള    എംപ്‌ളോയബിലിറ്റി സെന്ററില്‍ ഈ മാസം 17 ന്  രാവിലെ പത്തിന്   സ്വകാര്യ മേഖലയിലെ  16 ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.റിലേഷന്‍ഷിപ്പ് മാനേജര്‍( പുരുഷന്‍മാര്‍), കോമേഴ്‌സ്യല്‍ സെയില്‍സ് ഓഫീസര്‍(പുരുഷന്‍മാര്‍), ഫ്രണ്ട് ഓഫീസ്,ഫാക്ക് ഓഫീസ്(സ്ത്രീകള്‍) എന്നീ തസ്തികകളിലേക്കാണ് നിയമനം. കോമേഴ്‌സ്യല്‍ സെയില്‍സ് ഓഫീസര്‍ തസ്തികയ്ക്ക് പ്ലസ്ടുവും മറ്റ് മൂന്ന് തസ്തികകള്‍ക്ക്  ബിരുദവും ആണ് യോഗ്യത.   നിലവില്‍ എംപ്‌ളോയബിലിറ്റി സെന്ററില്‍ ആജീവനാന്ത രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക് അഭിമുഖത്തില്‍് പങ്കെടുക്കാം.രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ക്ക് പങ്കെടുക്കാന്‍ താല്‍പര്യമുളള പക്ഷം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടത്തി     അഭിമുഖത്തില്‍ പങ്കെടുക്കാം.ഫോണ്‍ 9207155700, 04994297470
 

ഭക്ഷ്യസുരക്ഷാവകുപ്പ് ഓണക്കാല സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതം

ഓണക്കാലത്ത് വിപണിയില്‍ എത്തുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ കേന്ദ്രീകരിച്ച്  നടത്തുന്ന ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതം.  ജില്ലയിലെ അഞ്ച്  സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് രണ്ട് സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.  ആഗസ്ത് 21 മുതല്‍ തുടങ്ങിയ പരിശോധനയില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ചെറുകിടകച്ചവടക്കാര്‍ മുതല്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, പച്ചക്കറിക്കട തുടങ്ങി വെളിച്ചെണ്ണ, ബേക്കറി നിര്‍മ്മാണ യൂണിറ്റുകള്‍ വരെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കൂടാതെ ഓണക്കാലത്ത് പ്രധാനമായും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളായ പപ്പടം,വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യ എണ്ണകള്‍, നെയ്യ്, വെല്ലം, പരിപ്പ്, പയറുവര്‍ഗ്ഗങ്ങള്‍, പായസം മിക്‌സ് മുതലായവയുടെ ഇരുപതോളം സാമ്പിളുകള്‍ എടുത്ത് കോഴിക്കോടുള്ള റീജിയണല്‍ അനലറ്റിക്കല്‍ ലാബിലേക്ക്  പരിശോധനയ്ക്ക് അയച്ചു. ആഗസ്ത് 31 വരെ ജില്ലയിലെ 171 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഗുരുതരമായ വീഴ്ച വരുത്തിയ 13 സ്ഥാപനങ്ങള്‍ക്ക്  21,000 രൂപ പിഴ ചുമത്തി. നിയമാനുസരണമല്ലാതെ പ്രവര്‍ത്തിച്ചു വരുന്ന  68 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഈ മാസം 15 വരെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരും.

 

date