Skip to main content

പരിയാരം മെഡിക്കല്‍ കോളേജില്‍ 10 ഡയാലിസിസ് മെഷീനുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങി

    കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10 ഡയാലിസിസ് മെഷീനുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങി. ഇവ കൂടി ഉള്‍പ്പെടുത്തി സജ്ജീകരിച്ച നവീന ഡയാലിസിസ് യൂണിറ്റ് ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എയുടെ 2019-20 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 76.51 ലക്ഷം രൂപ ചെലവഴിച്ചാണ് നവീന ഡയാലിസിസ് യൂണിറ്റും അനുബന്ധ ഉപകരണങ്ങളും ആശുപത്രിക്ക് അനുവദിച്ചത്. 
    500 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സമഗ്രമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയതായി എംഎല്‍എ അറിയിച്ചു. ഡയാലിസിസ് മെഷീനുകളുടെ അപര്യാപ്തതമൂലം രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങിപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം ആശുപത്രിയിലെത്തുന്ന വൃക്ക രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ നിലവിലെ മെഷീനുകളുടെ എണ്ണം അപര്യാപ്തമാണ്.  നേരത്തേ ഉണ്ടായിരുന്ന 27 മെഷീനുകളില്‍ 18 എണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവ കാലാവധിക്ക് മുമ്പേ പ്രവര്‍ത്തന രഹിതമാകുന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണമെന്നും എംഎല്‍എ പറഞ്ഞു. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ ഡലാലിസിസ് യന്ത്രങ്ങള്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. 
    സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, നവീകരിച്ച കാര്‍ഡിയോളജി വിഭാഗം, എമര്‍ജന്‍സി വിഭാഗത്തില്‍ മികച്ച ട്രോമ കെയര്‍ സൗകര്യം, 60 ഡയാലിസിസ് മെഷീനുകള്‍ ഉള്‍ക്കൊള്ളുന്ന സുസജ്ജമായ ഡയാലിസിസ് യൂണിറ്റ് എന്നിവ ഉള്‍പ്പെട്ടതാണ് മാസ്റ്റര്‍ പ്ലാന്‍. 
    മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എന്‍ റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം കെ ബാലചന്ദ്രന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ് രാജീവ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. ഇഖ്ബാല്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/3184/2019

date