Skip to main content

മാലിന്യമുക്തി ലക്ഷ്യമിട്ട് ജില്ലയില്‍ 16 മുതല്‍ ഹരിത നിയമ സദസ്സുകള്‍

 

മാലിന്യമുക്തി  ലക്ഷ്യമിട്ട് ജില്ലയിലെ 88 ഗ്രാമ പഞ്ചായത്തുകളിലെയും, 7 നഗരസഭകളിലെയും ഓരോ വാര്‍ഡിലും 50 പേര്‍ വീതം പങ്കെടുക്കുന്ന രണ്ട് വീതം ഹരിത സദസ്സുകള്‍ ചേരും. ജില്ലയിലെ 88 ഗ്രാമ പഞ്ചായത്തുകളിലെ 1490 വാര്‍ഡുകളിലും, നഗരസഭകളിലെ 240 വാര്‍ഡുകളിലുമായി ആകെ 3460 ഹരിതസദസ്സുകളാണ്   സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ സമ്മേളിക്കുക. ഇതിന് മുന്നോടിയായി ഹരിത കേരളം മിഷന്റെയും കിലയുടെയും നേതൃത്വത്തില്‍ വിപുലമായ പരിശീലന പരിപാടി പൂര്‍ത്തിയാക്കി. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ  വകുപ്പ് ഉദ്യോഗസ്ഥര്‍, അസി. സെക്രട്ടറിമാര്‍ എന്നിവരെ കൂടാതെ ഓരോ ഗ്രാമ പഞ്ചായത്തിലെയും രണ്ടു വാര്‍ഡുകള്‍ക്ക് ഒരു റിസോഴ്സ്‌പേഴ്സണ്‍ എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട 865 റിസോഴ്സ് പേഴ്സണ്‍മാരും അടങ്ങുന്ന സംഘമാണ് ഈ ബഹുജന ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്.  

വ്യത്യസ്ത വകുപ്പുകളും ഏജന്‍സികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നേരിടുന്ന പരിമിതികള്‍ക്ക് പരിഹാരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ  അധികൃതര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കുകൂടി  ഇവ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രേരണ നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ള ബഹുജന  നിയമബോധവത്ക്കരണ പരിപാടിയാണ് ഹരിത നിയമസദസ്സുകള്‍. 'അരുത് വലിച്ചെറിയരുത് കത്തിക്കരുത് ' എന്ന് പൊതുസമൂഹത്തോട് ആഹ്വാനം ചെയ്താണ് ഓരോ ഹരിത നിയമസദസ്സുകളും പൂര്‍ത്തിയാക്കുക.

ഹരിതകേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 

തുടര്‍ന്ന്    പ്ലാസ്റ്റിക് നിരോധനം,  അജൈവമാലിന്യം  തരംതിരിച്ച്  ശേഖരിക്കല്‍,  സംഭരിക്കല്‍,  കൈമാറല്‍, ഗ്രീന്‍  പ്രോട്ടോക്കോള്‍  പാലിക്കല്‍  എന്നിവ  സംബന്ധിച്ച്  വ്യാപാരികളുടെ  ശില്‍പശാല  നടക്കും.  സെപ്തംബര്‍  13 മുതല്‍ 15   വരെ   ഹരിതനിയമസദസ്സുകളുടെ   വാര്‍ഡുതല   അറിയിപ്പുനോട്ടീസുകള്‍   എല്ലാ വീടുകളിലും  എത്തിക്കും. സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ എല്ലാ വാര്‍ഡുകളിലും ഹരിത നിയമ സദസ്സുകള്‍ നടക്കും. ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളുകള്‍, ക്ലബുകള്‍, വായനശാലകള്‍ എന്നിവിടങ്ങളിലും, 'അരുത് വലിച്ചെറിയരുത്  കത്തിക്കരുത്' എന്ന് ആഹ്വാനം  ചെയ്ത് ചര്‍ച്ചകളും നിയമബോധന ക്ലാസുകളും സംഘടിപ്പിക്കും. ഒക്ടോബര്‍ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം രണ്ടാം  ഘട്ടത്തിന്  ജില്ലയില്‍ തുടക്കമിടും.

date