Skip to main content

പ്രളയാനന്തര കാര്‍ഷിക പുനരുദ്ധാരണം: മലമ്പുഴയില്‍ 17.17 കോടിയുടെ പദ്ധതികള്‍ക്ക് ശുപാര്‍ശ

 

കനത്ത മഴയില്‍ കാര്‍ഷിക മേഖലയില്‍ ഏറെ നഷ്ടങ്ങള്‍ ഉണ്ടായ മലമ്പുഴ നിയോജക മണ്ഡലത്തില്‍ 17.17 കോടിയുടെ കാര്‍ഷിക പുനരുദ്ധാരണ പദ്ധതികളുടെ അംഗീകാരത്തിനായി സര്‍ക്കാര്‍ നബാര്‍ഡിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരമാണ് കൃഷി വകുപ്പ് പദ്ധതി രൂപരേഖ തയ്യാറാക്കി സമര്‍പ്പിച്ചത്.

കനാല്‍ ഭിത്തികള്‍, ബണ്ടുകള്‍, തോടുകളുടെ സംരക്ഷണഭിത്തികള്‍, ചെക്ക് ഡാമുകള്‍ എന്നിവ നിര്‍മിക്കുന്നതിനാണ് ഫണ്ട് അനുവദിക്കുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് കനാല്‍ ബണ്ടുകളും ചെക്ക് ഡാമുകളും തകര്‍ന്നിരുന്നു. തോടുകളുടെ സംരക്ഷണ ഭിത്തികളും ഇടിഞ്ഞു കൃഷിയിടങ്ങളിലേക്ക് വെള്ളവും ചെളിയും കയറിയതോടെ കര്‍ഷകര്‍ക്ക് നാശനഷ്ടം ഉണ്ടായിരുന്നു.

പാലക്കീഴ് - ചാലക്കല്‍ തോട്, വെണ്ണക്കര പാടശേഖരം ചെക്ക് ഡാം, ഉമ്മിണി, കല്ലന്‍പറമ്പ് തോടുകള്‍, ചേമ്പന, ഓടം പള്ളം തോടുകള്‍, കൗണ്ടന്‍ കനാല്‍ ബണ്ട്, ആമ്പ ലിഫ്റ്റ് ഇറിഗേഷന്‍, കണ്ടംകുളം ഡ്രെയിനേജ് എന്നിവയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട പ്രധാന പുനരുദ്ധാരണ പദ്ധതികള്‍. മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 1.37 കോടി, പുതുപ്പരിയാരം 50 ലക്ഷം, അകത്തേത്തറ ഗ്രാമപഞ്ചായത്ത് 8.23 കോടി, മലമ്പുഴ 5.59 കോടി, പുതുശ്ശേരി ഒരുകോടി 12 ലക്ഷം, കൊടുമ്പ് 43 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നതെന്ന് മലമ്പുഴ അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ ലക്ഷ്മി ദേവി അറിയിച്ചു.

date