Skip to main content

കവളപ്പാറ ഇരകളുടെ ആശ്രിതര്‍ക്കുള്ള   ധന സഹായം വിതരണം ചെയ്തു കവളപ്പാറയിലെ കുടുംബങ്ങള്‍ക്ക് പഴയ അയല്‍ക്കാരെ തിരിച്ച് നല്‍കുന്ന വിധം മാറ്റിപ്പാര്‍പ്പിക്കും - മന്ത്രി ഡോ. കെ.ടി ജലീല്‍

   കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷം രൂപയുടെ ധന സഹായ വിതരണം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് അക്കൗണ്ട് വഴി നല്‍കിയ തുകയുടെ രേഖകളാണ് മന്ത്രി ചടങ്ങില്‍ കൈമാറിയത്. ക്യാമ്പുകളില്‍ കഴിയുന്ന കവളപ്പാറയിലുള്ളവരെ ആശ്വസിപ്പിക്കാനായി ജില്ലാ ഭരണകൂടം ഒരുക്കിയ ഓണാഘോഷ പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
  മറ്റൊരിടത്തേക്ക് പറിച്ച് നടുന്നുവെന്ന തോന്നല്‍ ഒഴിവാക്കുന്നതിന് കവളപ്പാറയിലെ കുടുംബങ്ങള്‍ക്ക് അവര്‍ നേരത്തെ താമസിച്ചിരുന്ന രീതിയില്‍ അയല്‍പക്കങ്ങള്‍ വരുന്ന വിധം അനുയോജ്യമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു.
     കവളപ്പാറയില്‍ മരണപ്പെട്ട 35 പേരുടെ ആശ്രിതര്‍ക്കാണ് നാല് ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്തത്. ബന്ധുവാണെന്നത് സംബന്ധിച്ച രേഖകളില്‍ കൃത്യത വരുത്തുന്ന മുറക്ക് ബാക്കിയുള്ളവര്‍ക്കും തുക വിതരണം ചെയ്യും. ഇനിയും കണ്ടെത്താനാവാത്ത പതിനൊന്ന് പേരെയും മരണപ്പെട്ടതായി പ്രഖ്യാപിച്ച് ഇവരുടെ ആശ്രിതര്‍ക്ക് കൂടി ഉടന്‍ തുക കൈമാറുമെന്നും മന്ത്രി അറിയിച്ചു.
    മുമ്പൊരിക്കലും ഇത്ര വേഗത്തില്‍ നഷ്ടപരിഹാര തുക വിതരണം ചെയ്തതായി തന്റെ അറിവിലില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. ക്യാമ്പംഗങ്ങള്‍ക്കുള്ള ഓണക്കോടി എം.എല്‍.എ ചടങ്ങില്‍ വിതരണം ചെയ്തു. കവളപ്പാറയിലും പാതാറിലുമുള്ളവരെ യുദ്ധ കാലാടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
    പ്രളയ ദുരിതത്തില്‍ കൈത്താങ്ങായ പോത്ത്കല്ല് മസ്ജിദുല്‍ മുജാഹിദീന്‍ പ്രസിഡന്റ്, ഭൂദാനം മലങ്കര ചര്‍ച്ചിലെ ഫാദര്‍ ജോണ്‍സണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എം.എല്‍.എ പി. വി അന്‍വര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആമുഖ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടര്‍മാരായ ജെ.ഒ അരുണ്‍, പി.എന്‍ പുരുഷോത്തമന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ മാഷ്, പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ് കരുണാകരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
 

date