Skip to main content
പ്രളയബാധിതർക്ക് വീടുവയ്ക്കുന്നതിന് 10 സെന്റ് സ്ഥലം വിട്ടു നല്കി കൊണ്ടുള്ള സമ്മതപത്രം കാഞ്ചിയാർ പുത്തൻപുരയ്ക്കൽ ചന്ദ്രനും കുടുംബവും ജില്ല കല്ക്ടർ എച്ച്.ദിനേശന് കൈമാറുന്നു

ജില്ലയിൽ ഇതുവരെ സുമനസുകൾ നല്കിയത് 6.5 ഏക്കർ സ്ഥലം സഹജീവികൾക്ക് കിടപ്പാടമൊരുക്കാൻ 10 സെന്റ് സ്ഥലം വിട്ടു നല്കി സർക്കാർ ജീവനക്കാരൻ മാതൃകയായി

 

 

പ്രളയബാധിതരായ സഹജീവികൾക്ക് സുരക്ഷിത കിടപ്പാടമൊരുക്കാൻ പത്തു സെന്റ് സ്ഥലം വിട്ടു നല്കി സർക്കാർ ജീവനക്കാരൻ മാതൃകയാകുന്നു. കാഞ്ചിയാർ പുത്തൻപുരയിൽ പി.പി ചന്ദ്രനാണ് കുടുംബസ്വത്തിൽ തന്റെ പേരിലുള്ള വസ്തുവിൽ നിന്നും 10 സെന്റ് സ്ഥലം വിട്ടു നല്കിയത്. ജില്ലാ കലക്ടർ എച്ച്.ദിനേശൻ ചന്ദ്രന്റെ വീട്ടിലെത്തി സമ്മതപത്രം ഏറ്റുവാങ്ങി. മണ്ണുസംരക്ഷണ വകുപ്പ് കട്ടപ്പന ഓഫീസിലെ ജീവനക്കാരനാണ് ചന്ദ്രൻ. ഭാര്യയായ ഷൈല, മക്കളായ രോഹൻ, രോഹിത എന്നിവർക്കൊപ്പം സഹോദരൻ രാജുവും കുടുംബവും ഭൂമി വിട്ടു നല്കുവാനുള്ള ചന്ദ്രന്റെ തീരുമാനത്തിന്റെ എല്ലാവിധ പിന്തുണയും നല്കി ഒപ്പമുണ്ട്. കാഞ്ചിയാർ ജെ.പി.എം കോളേജിനു സമീപം വീടുവയ്ക്കാൻ അനുയോജ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 10 സെന്റ് സ്ഥലമാണ് ഇവർ വിട്ടുനല്കിയത്.

പ്രളയ -പ്രകൃതിക്ഷോഭ ഭീഷണി നിലനിൽക്കുന്ന, അടിയന്തരമായി മാറ്റിപാർപ്പിക്കേണ്ട കുടുംബങ്ങൾക്ക് മുൻഗണനാക്രമത്തിൽ വീട് നിർമ്മിക്കുന്നതിനായി ഭൂമി വീതംവച്ച് നല്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ലയിൽ ഇത്തരത്തിൽ പാവപ്പെട്ടവരെ സഹായിക്കുന്നതിനായി ഇതുവരെ ആറരയേക്കറോളം സ്ഥലം സുമനസുകൾ വിട്ടു നല്കിയതായും ജില്ലാ കലക്ടർ പറഞ്ഞു. ഇടുക്കി തഹസീൽദാർ വിൻസൻറ് ജോസഫ്, വില്ലേജ് ഓഫീസർ ജോർജ്കുട്ടി മാത്യു, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യാഗസ്ഥൻ തുടങ്ങിയവർ പങ്കെടുത്തു.

date