Skip to main content

കാസര്‍കോട് പി ആര്‍ ഡി അറിയിപ്പ്

ജില്ലയില്‍ 500 വനിതകള്‍ക്ക് പ്ലംബിങ് ,
ഇലക്ട്രിക്കല്‍ പരിശീലനം നല്‍കും

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ എറൈസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 500 വനിതകള്‍ക്ക് ഇലക്ട്രിക്കല്‍, പ്ലംബിംഗ് പരിശീലനം നല്‍കും. ജില്ലയില്‍ പരിശീലനം പൂര്‍ത്തീകരിച്ച  ആദ്യ ബാച്ചിന്റെ  ഉദ്ഘാടനം വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ നിര്‍വ്വഹിച്ചു. വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വിലയിരുത്തി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങളെ ഒക്‌ടോബര്‍ 12 ന് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന വനിതാ കമ്മീഷന്‍ സെമിനാറില്‍ ആദരിക്കുമെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ പരിശീലനം പൂര്‍ത്തീകരിച്ച 26 അംഗ ടീം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ഇലക്ട്രിക്കല്‍, പ്ലംബിങ് സംവിധാനങ്ങള്‍ പരിശോധിച്ച് അറ്റ കുറ്റപ്പണികള്‍ നടത്തുകയും വിവിധ ഓഫീസുകളിലെ വയറിംഗ് പ്രവര്‍ത്തനങ്ങളുടെ ഇലക്ട്രിക്കല്‍ ലൈനിംഗ്, മാപ്പിംഗ് ആരംഭിക്കുകയും ചെയ്തു. പാലക്കുന്ന് വിംഗ്‌സ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തീകരിച്ച ടീം അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, എ ഡി എം സി, ഹരിദാസന്‍ സി, ഡി.പി.എം ഹരിപ്രസാദ് ടി പി, ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ വില്യംസ് ജോസഫ്, ഇന്‍സ്ട്രക്ടര്‍ മനു സി എന്നിവര്‍ നേതൃത്വം നല്‍കി.

 
ഓണ വിപണി കുടുംബശ്രീ നേടിയത് 30 ലക്ഷം

ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ഒരുക്കിയ വിപണിയിലൂടെ നേടിയത് 30 ലക്ഷത്തിന്റെ വിറ്റുവരവ്. ജൈവ പച്ചക്കറികള്‍, സൂക്ഷ്മ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, വിവിധയിനം കറിപൗഡറുകള്‍, പുട്ടുപൊടി, ദോശപ്പൊടി, അച്ചാറുകള്‍, കശുവണ്ടിപ്പരിപ്പ്, തുണിത്തരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് ഓണവിപണി വഴി കുടുംബശ്രീ വിറ്റഴിച്ചത്. വിപണിയില്‍ മികച്ച         ഇടപെടല്‍ നടത്തിയ സി ഡി എസുകളെ ജില്ലാമിഷന്‍ അഭിനന്ദിച്ചു. ഏറ്റവും കൂടുതല്‍ വിപണനം നടത്തി ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്കര്‍ഹരായ സി ഡി എസുകള്‍ക്ക് ട്രോഫിയും അനുമോദന പത്രവും അടുത്ത പ്രോഗ്രാം റിവ്യൂ മീറ്റിങില്‍ നല്‍കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി  സുരേന്ദ്രന്‍ അറിയിച്ചു.
 

റബ്ബര്‍പാല്‍, ഡ്രൈ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍
തുടങ്ങുന്നതിന് പ്രായോഗിക പരിശീലനം

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് താല്‍പര്യമുളളവര്‍ക്ക് മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കും.ഈ മാസം 26 മുതല്‍ 28 വരെ നടത്തുന്ന  പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 20 നകം പേര് രജിസ്റ്റര്‍ ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്ക് - 9846797000.
 

ഐടി വകുപ്പ് അദാലത്ത് : പ്രകൃതി ദുരന്തത്തില്‍ നഷ്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാം

ആധാര്‍, റേഷന്‍ കാര്‍ഡ്, എസ്,എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ചിയാക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ആധാരം, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ജനനം,മരണം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകള്‍ പ്രകൃതി ദുരന്തത്തില്‍ നഷ്ടമായവര്‍ക്ക് സംസ്ഥാന ഐ.ടി മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാം.  ഇതിനായി സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സിറ്റിസണ്‍ കോള്‍ സെന്ററിലെ 0471 155300 എന്ന നമ്പറില്‍ ബന്ധപ്പെട്ട് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി അപേക്ഷ രജിസ്റ്റര്‍ ചെയ്യണം.  വിവരങ്ങള്‍ നല്‍കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ആളുടെ പേര്, ജില്ല, പഞ്ചായത്ത്, മൊബൈല്‍ നമ്പര്‍  അല്ലെങ്കില്‍ ലാന്‍ഡ് ലൈന്‍ ഫോണ്‍ നമ്പര്‍ എന്നിവയും നല്‍കണം.  തുടര്‍ന്ന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അദാലത്തിലുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും
 

ആട് വളര്‍ത്തല്‍ പരിശീലനം 

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം 24,25 തീയതികളില്‍ ആട് വളര്‍ത്തല്‍ പരിശീലനം നല്‍കും. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം 20 ന് രാവിലെ 10 മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യാം.  മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമുളളു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04972 763473.
                   

 അപേക്ഷ തീയ്യതി നീട്ടി

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യായന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പിന്  അപേക്ഷ സമര്‍പ്പിക്കുന്നതിനൂളള അവസാന തീയതി  ഈ മാസം 30 വരെ നീട്ടി
 

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

ജൂണ്‍ മാസത്തില്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന ഈ മാസം 23  മുതല്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. ഈ മാസം 23 ന്  കാറ്റഗറി -ഒന്നിന് രാവിലെ 10 മുതല്‍ ഒന്നുവരെയും  കാറ്റഗറി -രണ്ടിന്   ഉച്ചയ്ക്ക് ഒന്നു മുതല്‍  വൈകുന്നേരം അഞ്ചുവരെയും  ഈ മാസം 24 ന് കാറ്റഗറി -മൂന്നിന്     രാവിലെ 10 മുതല്‍  ഒന്ന് വരെയും കാറ്റഗറി -നാലിന്  ഉച്ചയ്ക്ക് ഒന്നു മുതല്‍  വൈകുന്നേരം അഞ്ചുവരെയും നടത്തും. അര്‍ഹരായവര്‍  എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ പകര്‍പ്പും  ഹാള്‍ടിക്കറ്റും  ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം  ഈ ദിവസങ്ങളില്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകണം.
 

ലേലം

ചെര്‍ക്കള-കല്ലട്ക്ക റോഡിന്റെ ഇരുവശങ്ങളിലായി പെര്‍ള ടൗണ്‍ മുതല്‍ ഉക്കിനടുക്ക വരെയും പെര്‍ള ടൗണ്‍ മുതല്‍ അഡിയനടുക്ക വരെയും റോഡ് വികസനത്തിന് തടസം  നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റി എടുക്കുന്നതിന് ഈ മാസം 25 ന് രാവിലെ 11.30 ന് റോഡ്‌സ് സെക്ഷന്‍ ബദിയടുക്ക ഓഫീസില്‍ ലേലം നടത്തും. കൂടാതെ ക്വട്ടേഷനും  ഈ മാസം 24 ന് വൈകുന്നേരം  നാല് വരെ റോഡ്‌സ് സെക്ഷന്‍ ബദിയടുക്ക ഓഫീസില്‍ നല്‍കാം.ഫോണ്‍-04994 230304

അഭിമുഖം നാളെ

പെരിയ ജി.എല്‍.പി സ്‌കൂളില്‍ ഫുള്‍ടൈം അറബി അധ്യാപക തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.

എന്യൂമറേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പില്‍ കാസര്‍കോട് ജില്ലയില്‍ മറൈന്‍ ഡാറ്റാ കളക്ഷന്‍, ജൂവൈനല്‍ ഫിഷിംഗ് സംബന്ധിച്ച പഠനം എന്നിവയുടെ സര്‍വ്വേയുടെ വിവരണ ശേഖരത്തിനായി ഒരു പാര്‍ട്ട് ടൈം എന്യൂമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.  ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ, എം.എസ്.സി മറൈന്‍ ബയോളജിയോ, എം.എസ്.സി സുവോളജിയോ,  എം എസ് സി അക്വാട്ടിക് ബയോളജിയോ, ഉളളവര്‍ക്കും മുമ്പ് മറൈന്‍ ക്യാച്ച് അസസ്സ്‌മെന്റ് സര്‍വ്വേ ജോലി ചെയ്തിരുന്നവര്‍ക്കും മുന്‍ഗണന. പ്രായം 21 നും 36 നും മധ്യേ.യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസ വേതനം 25000 രൂപ.താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പുകളും സഹിതം ഈ മാസം 24 ന് ഉച്ചയ്ക്ക് 2.30 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍  അഭിമുഖത്തിന് ഹാജരാകണം.
 

വാതക ശ്മശാനം നടത്തിപ്പിന് അഭിമുഖം

പുല്ലൂര്‍്-പെരിയ ഗ്രാമപഞ്ചായത്തിലെ നാലാം  വാര്‍ഡിലെ പെരിയ മൊയോലം  വാതക ശ്മശാനം (ഗ്യാസ് ക്രിമറ്റോറിയം) നടത്തിപ്പിന് സന്നദ്ധരായ ആളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഈ മാസം 20 ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍  നടത്തും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഹാജരാകണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന.
 

അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്  സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പുതുതായി ആരംഭിക്കുന്ന കാന്റീന്‍ യൂണിറ്റിലേക്ക് ജോലി ചെയ്യാന്‍ താല്‍പര്യമുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷക 25 നും 55 നും ഇടയില്‍ പ്രായമുളളവരും നല്ല കായിക ക്ഷമതയുളളവരും കാസര്‍കോട് മുനിസിപ്പാലിറ്റി, മധൂര്‍, ചെങ്കള, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാരുമായിരിക്കണം. അഗതി, ആശ്രയ,  വിധവ ,സ്‌നേഹിത കോളിംഗ് ബെല്‍, ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന.താല്പര്യമുള്ളവര്‍ ഈ മാസം 25 നകം  കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ . 04994 256 111
 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍  ആന്റ്  സ്‌പെഷ്യല്‍ എഫെക്റ്റ്‌സ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.  അഭിമുഖം ഈ മാസം 20 ന് രാവിലെ 10 ന് നടത്തും.. ഫോണ്‍ -04994256440
 

ഗതാഗതം നിരോധിച്ചു

മധൂര്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിയടുക്ക -ചാത്തടുക്ക റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍   20 ദിവസത്തേക്ക് ഈ റോഡില്‍  കൂടി ഗതാഗതം  അനുവദിക്കുന്നതല്ലെന്ന്  ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

സ്‌നേഹത്തൂലിക-ഹരിതാക്ഷരം പദ്ധതി:
പേപ്പര്‍ പേനകള്‍ കൈമാറി

ഹരിതകേരളം മിഷന്റെയും ഹൊസ്ദുര്‍ഗ് ജില്ലാ ജയിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന 'സ്‌നേഹത്തൂലിക-ഹരിതാക്ഷരം' പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ആയിരത്തോളം പേപ്പര്‍ പേനകള്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയനു കൈമാറി. ജയിലിലെ അന്തേവാസികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുക, മാലിന്യ പരിപാലനത്തിന്റെ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക, പ്രളയത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ചെറു സഹായം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് 'സ്‌നേഹത്തൂലിക-ഹരിതാക്ഷരം' പദ്ധതി നടപ്പിലാക്കിയത്. വയനാട് ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ പഠിതാക്കള്‍ക്ക് ഈ പേനകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ ജയില്‍ സൂപ്രണ്ട്  കെ.വേണു അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി പ്രിസന്‍ ഓഫീസര്‍ രാജീവന്‍.വി,അസിസ്റ്റന്റ് പ്രിസന്‍ ഓഫീസര്‍ ഷബിന്‍ എം, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ അഭിരാജ് എ. പി,ഹരിതകേരളം മിഷന്‍  വൈ.പി അശ്വിനി.കെ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് എം. ശ്രീനിവാസന്‍ സ്വാഗതവും അസിസ്റ്റന്റ് പ്രിസന്‍ ഓഫീസര്‍ വിജിത്ത് പുതുക്കുടി നന്ദിയും പറഞ്ഞു.
 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം

  2004 ജനുവരി ഒന്നു മുതല്‍ നാളിതുവരെ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചു മുഖേന താല്‍ക്കാലികമായി ജോലി ലഭിക്കുകയും 180 ല്‍  179 ദിവസം ജോലിയില്‍ തുടരുകയും ചെയ്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ജില്ലയിലെ ഉദേ്യാഗാര്‍ത്ഥികള്‍ അവര്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും ലഭിച്ച വിടുതല്‍ സര്‍ട്ടിഫിക്കറ്റും എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഈ മാസം 27 നകം ഹാജരാകണം.
 

അപേക്ഷ ക്ഷണിച്ചു

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യബന്ധന മേഖലയിലെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനുമായി 50 ശതമാനം ഗ്രാന്റോടുകൂടി കടല്‍ സുരക്ഷാ ഉകരണങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പടുത്തി സ്‌ക്വയര്‍ മെഷ്, ഹോളോഗ്രാഫിക് രജിസ്‌ട്രേഷന്‍ പ്ലേറ്റ്, വെസ്സല്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷനും  ലൈസന്‍സുമുളള യന്ത്രവല്ക്കൃത ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ബോട്ടുകള്‍ നിലവില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നവയും മത്സ്യത്തൊഴിലാളികള്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വവും ഉണ്ടായിരിക്കണം. അപേക്ഷാ ഫോമുകള്‍ ഫിഷറീസ് ജില്ലാ ഓഫീസിലും അതത് മത്സ്യഭവനുകളിലും ലഭിക്കും.  അപേക്ഷ ഈ മാസം 20 ന്  വൈകുന്നേരം അഞ്ചു വരെ അതാത് ഓഫീസുകളില്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് - 0467 2202537.
 

സംഘാടക സമിതി  രൂപീകരണം നാളെ

കാസര്‍കോട് ജില്ലാ ബീച്ച് ഗെയിംസ് സംഘാടക സമിതി രൂപീകരണ യോഗം നാളെ വൈകുന്നേരം നാലിന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ  ചേംബറില്‍ ചേരും.  യോഗത്തില്‍  സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ.കെ. ബിനീഷ് സംബന്ധിക്കും.
                       

അപേക്ഷ ക്ഷണിച്ചു

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയിലുള്‍പ്പെടുത്തി പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ക്ക് ജിപിഎസ്, ഡിഎറ്റി, വിഎച്ച്എഫ്, മറൈന്‍ റേഡിയേറ്റര്‍ എന്നിവ ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷനും ലൈസന്‍സുമുള്ള പരമ്പരാഗത യാനം ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകള്‍ ഫിഷറീസ് ജില്ലാ ഓഫീസിലും അതത് മത്സ്യഭവനുകളിലും ലഭിക്കും.  അപേക്ഷ ഈ മാസം 20 ന്  വൈകുന്നേരം അഞ്ചു വരെ അതത് ഓഫീസുകളില്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് - 0467 2202537.
 

കുടുംബശ്രീയില്‍ 400 പേര്‍ക്ക് തൊഴില്‍

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകളില്‍ സെയില്‍സ് എക്‌സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. കുടുംബശ്രീയിലൂടെ ഉല്‍പാദിപ്പിക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലും ആവശ്യക്കാര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം. ഒരു വാര്‍ഡില്‍ നിന്ന് ഒരാള്‍ എന്ന നിലയിലാണ് നിയമനം. കുടുംബശ്രീ കുടുംബാംഗവും ആശയവിനിമയം നടത്താനുളള കഴിവുളളവരുമായ യുവതീ- യുവാക്കള്‍ക്ക്  ആണ് അവസരം. താല്‍പര്യമുളളവര്‍ ഒക്‌ടോബര്‍ നാലിന്  രാവിലെ 10 ന്   അതത് കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന്  ഹാജരാകണം.

 

date