Skip to main content

ഓണം ടൂറിസം വാരാഘോഷങ്ങള്‍ ജില്ലയില്‍ സമാപിച്ചു മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുക സ്പീക്കര്‍ക്ക് കൈമാറി

    
   സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആക്ട് തിരൂരും ചേര്‍ന്നൊരുക്കിയ ഓണം ടൂറിസം വാരാഘോഷത്തിന്റെ ജില്ലാതല സമാപനവും പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറ്റവും തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആചാരങ്ങളുടെയും ഭാഷകളുടെയും വൈവിധ്യത്തിലും ഒരു ആപത് ഘട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുന്നവരാണ് മലയാളികള്‍ എന്നത് പ്രളയകാലം തെളിയിച്ചതായി സ്പീക്കര്‍ പറഞ്ഞു. 
     മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും തുക ചടങ്ങില്‍ സ്പീക്കര്‍ക്ക് കൈമാറി. പ്രളയ പുനരധിവാസത്തിനായി തവനൂര്‍ പഞ്ചായത്തിലെ സഹദേവന്‍ എന്ന വ്യക്തി നല്‍കിയ 12 സെന്റ് ഭൂമിയുടെ രേഖകളും ചടങ്ങില്‍ കൈമാറി. പ്രളയത്തെത്തുടര്‍ന്ന് ബിയ്യം കായല്‍, പൂരപ്പുഴ വള്ളം കളിയില്‍ മാത്രം ഒതുക്കിയ ഓണാഘോഷമായിരുന്നു ജില്ലയില്‍ ഇത്തവണ സംഘടിപ്പിച്ചിരുന്നത്.
    പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രൂപകല്‍പന ചെയ്ത ദൈവത്തിന്റെ സ്വന്തം നാടിന്റെ പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമുയര്‍ത്തുന്ന ഭാവ ഭൂമിക നൃത്തശില്പം പ്രശസ്ത നര്‍ത്തകിയും സിനിമാ താരവുമായ  ആശാ ശരത്തും സംഘവും  അവതരിപ്പിച്ചു. കേരളത്തിന്റെ പ്രധാന കലാരൂപങ്ങള്‍ ഇടവേളകളില്ലാതെ അവതരിപ്പിച്ച ദേവഭൂമികക്ക് ദൃശ്യാവിഷ്‌കാരം ചലച്ചിത്ര സംവിധായകന്‍ ടി.കെ രാജീവ് കുമാറായിരുന്നു നല്‍കിയത്. 
     ചടങ്ങില്‍ വി. അബ്ദു റഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. തിരൂര്‍ നഗര സഭ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ബാവ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ സി.പി റംല, വൈസ് ചെയര്‍പേഴ്‌സണ്‍ പി.സഫിയ ടീച്ചര്‍, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ പത്മകുമാര്‍, ഡി ടി പി സി എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ വി പി അനില്‍, അഡ്വ. മോഹന്‍ദാസ്, നരസഭ കൗണ്‍സിലര്‍മാരായ കെ പി ഹുസൈന്‍, മുനീറ കിഴക്കാം കുന്നത്ത്, ചെരാട്ടയില്‍ കുഞ്ഞീതു, നിര്‍മ്മല കുട്ടിക്കൃഷ്ണന്‍ സാമൂഹികസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
 

date