Skip to main content
     ജില്ലയില്‍ കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണത്തിന്റെ  കേരള പാഠങ്ങള്‍ എന്ന സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍  വി ശശി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

വികേന്ദ്രീകരണത്തിന്റെ മാതൃകയാവേണ്ടത് ഗ്രാമസഭകള്‍: ഡെപ്യൂട്ടി സ്പീക്കര്‍

   അധികാരകേന്ദ്രീകരണത്തില്‍ നിന്ന് അധികാരവികേന്ദ്രീകരണത്തിലേക്ക്  കേരളം ചുവടുവെച്ചപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തമാവുകയും  ജനകീയമാവുകയും ചെയ്തിട്ടുണ്ടെന്ന്  ഡെപ്യൂട്ടി സ്പീക്കര്‍  വി ശശി പ്രസ്താവിച്ചു.  അധികാരം ജനങ്ങളിലേക്ക് എന്ന തത്വത്തിന്റെ  ഭാഗമായാണ് ഗ്രാമസഭകളുണ്ടായത്. ഗ്രാമത്തിലെ മുഴുവന്‍ പേരെയും  ഉള്‍ക്കൊളളുകയും  അവരുടെ പ്രശ്‌നങ്ങള്‍ക്ക്  പരിഹാരമുണ്ടാക്കുകയും  ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. വികേന്ദ്രീകരണം വീണ്ടും താഴോട്ടുവന്ന് വാര്‍ഡുസഭകളായി  ജനക്ഷേമമാകുകയും   ഉദ്ദേശമായിരുന്നു. എന്നാല്‍ ഗ്രാമസഭകള്‍ പ്രതീക്ഷിച്ച പക്വതയിലേക്ക്  ഇനിയും  ഉയരേണ്ടാതായിട്ടുണ്ട്.  അതു സാധ്യമായാലെ  താഴോട്ട് അതിന്റെ  ഗുണഫലം എത്തിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.  ജില്ലയില്‍ കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണത്തിന്റെ  കേരള പാഠങ്ങള്‍ എന്ന സെമിനാര്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.
    1611 ല്‍പരം  നിയമനിര്‍മ്മാണങ്ങള്‍  ഇതേവരെ  നടന്നു കഴിഞ്ഞു.  പഞ്ചായത്ത്, നഗരപാലിക ബില്‍ വഴി വിഭവങ്ങള്‍ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി  വിനിയോഗിക്കാനുളള സ്വാതന്ത്ര്യമുണ്ടായി.  സംസ്ഥാനബജറ്റില്‍ 40 ശതമാനം തുക ത്രിതലപഞ്ചായത്തുകള്‍ക്ക് നീക്കി വെയ്ക്കപ്പെട്ടു.  വികസനം പൂര്‍ണ്ണമായും  ജനങ്ങളിലെത്തിക്കുകയും  അതിന്റെ പ്രയോക്താക്കളായി അവരെ മാറ്റിയെടുക്കുകയും  അധികാര വികേന്ദ്രീകരണത്തിന്റെ  പ്രധാന ലക്ഷ്യമായിരുന്നു.   ഫണ്ട് എങ്ങനെ വിനിയോഗിക്കണം എങ്ങനെ ഫണ്ട് കണ്ടെത്തണം എന്നതിന്റെ അധികാരശക്തിയും അവകാശബോധവും ഗ്രാമങ്ങളില്‍ നിന്ന്   തന്നെയാണ്  രൂപപ്പെടേണ്ടത്. ഇതിനിയും  പ്രാവര്‍ത്തികമാവാനിരിക്കുന്നേയുളളൂ. അത് സാധ്യമായാലെ ഗ്രാമസഭകള്‍ പൂര്‍ണ്ണവിജയം കൈവരിച്ചു എന്ന് പറയാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. 
    ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത  വഹിച്ചു.  പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ സംബന്ധിച്ചു.  മുന്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കുട്ടി അഹമ്മദ് കുട്ടി വിഷയാവതരണം നടത്തി.  മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുളള, സി ടി അഹമ്മദാലി, മുന്‍ എംഎല്‍എമാരായ  കെ പി കുഞ്ഞിക്കണ്ണന്‍, സത്യന്‍ മൊകേരി, എം നാരായണന്‍, എം കുമാരന്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ, കില ഡയറക്ടര്‍  ഡോ. ജോയ് ഇളമണ്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ശ്രീകാന്ത്, ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌സ് അസോസിയേഷന്‍  പ്രസിഡന്റ് എ എ ജലീല്‍  എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം സ്വാഗതവും നിമസഭാ സെക്രട്ടേറിയറ്റ് അഡീഷണല്‍ സെക്രട്ടറി എ അബ്ദുള്‍ ഖരീം നന്ദിയും പറഞ്ഞു.

നാം മത്സരിക്കേണ്ടത് നമ്മുടെ  ഇന്നലെകളോട്

    കേരളം മത്സരിക്കേണ്ടത് മറ്റ് സംസ്ഥാനങ്ങളോടല്ല സ്വന്തം ഇന്നലകളോടാണെന്ന്   മുന്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി  കുട്ടി അഹമ്മദ് കുട്ടി പ്രസ്താവിച്ചു. കാസര്‍കോട് നഗരസഭാഹാളില്‍ കേരളനിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി   നടന്ന അധികാരവികേന്ദ്രീകരണത്തിന്റെ കേരള പാഠങ്ങള്‍ എന്ന വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്നലെകളിലെ  അനുഭവങ്ങളും  നേട്ടങ്ങളും തിരിച്ചടികളും  ഉള്‍ക്കൊണ്ട് മെച്ചപ്പെട്ട നാളെയാവണം  നമ്മുടെ ലക്ഷ്യം. അധികാരം കൊടുക്കലല്ല  ജനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടലാണ്  ആവശ്യം.  കേന്ദ്രീകൃത നിയന്ത്രിത സംവിധാനത്തിലൂടെ കടിഞ്ഞാണിട്ടുപിടിച്ച് ഭരിക്കുന്നതിലല്ല അധികാരം  എങ്ങനെയെന്ന് ഗ്രാമതലത്തില്‍  തീരുമാനിക്കുന്നതാണ് വികേന്ദ്രീകരണം.
    ജില്ലയിലെ ഭരണത്തിന്റെ  നായകന്‍ ആര് എന്നതായിരുന്നു ഭരണപരിഷ്‌കാരകമ്മീഷനു മുന്നിലെ  ചോദ്യം.  കളക്ടറാണോ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയാണോ എന്ന് 1937 മുതല്‍  ചര്‍ച്ച ചെയ്യപ്പെട്ടു. 79 ല്‍ ജില്ലാ കൗണ്‍സില്‍ എന്ന ആശയം കൈവന്നതോടെ    ഇതിനു മറുപടിയും ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

 

date