Skip to main content

ഗണിതം ലളിതമായി പഠിക്കാന്‍ ഉല്ലാസഗണിതം പദ്ധതിക്ക് തുടക്കം; മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

 

ഗണിതത്തെ തൊട്ടറിഞ്ഞു പഠിക്കാന്‍, ഗണിതം ഒരു കീറാമുട്ടിയല്ലെന്നു മനസിലാക്കാന്‍ കുഞ്ഞു കൈകളിലേക്ക് ഗണിതോപകരണങ്ങള്‍ നല്‍കി ജില്ലയില്‍ ഉല്ലാസ ഗണിതം പദ്ധതിക്ക് തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ കീഴില്‍ ജില്ലയിലെ ഒന്ന്, രണ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഉല്ലാസഗണിതം ഗണിത പഠന പരിപോഷണ പരിപാടി നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഗണിതം രസകരമാക്കുന്ന 'ഉല്ലാസഗണിതം' പദ്ധതി മികച്ച പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മുണ്ടൂര്‍ നാമ്പുള്ളിപ്പുര എസ് വി എം എ എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി അധ്യക്ഷയായി.

ഗണിതപഠനം പല ക്ലാസ്സുകളിലും ഒരു വെല്ലുവിളിയായ സാഹചര്യത്തിലാണ് ഗണിതത്തെ ലളിതമായ രീതിയില്‍ കൈകാര്യം ചെയ്യുക എന്ന ആശയത്തോടെ ഉല്ലാസഗണിതം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.  ഉപകരണങ്ങളിലൂടെയും മറ്റു മൂര്‍ത്തമായ വസ്തുക്കളിലൂടെയും ഏറെ ലളിതവും രസകരവുമായാണ് ഗണിതം അവതരിപ്പിക്കുന്നത്. കഥകള്‍, കവിതകള്‍, പാട്ടുകള്‍,  കളികള്‍,  ഐ.ടി സാധ്യതകള്‍ എന്നിവയിലൂടെ കുട്ടികള്‍ക്ക് ഗണിത മാതൃകകള്‍ അവതരിപ്പിക്കും.  കുട്ടികളുടെ പഠനതാല്പര്യം നിലനിര്‍ത്തുന്നതിനായി ആകര്‍ഷകമായ പഠനോപകരണങ്ങളും ലഭ്യമാക്കും.  

മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ കുട്ടികൃഷ്ണന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി. സുരേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.വി അനിത മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു സുരേഷ്,  പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  വി  ലക്ഷ്മണന്‍,  എം ദിനേശന്‍,  മുണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,  വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date