Skip to main content

പട്ടാമ്പി ജി.എം.എല്‍.പി സ്‌കൂളിന് സ്വപ്നസാക്ഷാത്കാരം; പുതിയ കെട്ടിടം 27ന് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിക്കും.

 

പട്ടാമ്പി ജി.എം.എല്‍.പി സ്‌കൂളിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017-18 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചാണ് കെട്ടിടത്തിന്റെ  നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 739.50 മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണ്ണമുള്ള രണ്ടുനില കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2018 സെപ്റ്റംബറില്‍ ആരംഭിച്ച നിര്‍മ്മാണം 2019 ജൂലായില്‍ പൂര്‍ത്തിയായി.

പട്ടാമ്പി ടൗണില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളും പ്രീ പ്രൈമറിയും കാലങ്ങളായി രണ്ട് ഹാളുകളിലായാണ് പ്രവര്‍ത്തിച്ചിരുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി  അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും അക്കാദമിക പ്രവര്‍ത്തനങ്ങളിലെ മികവിലൂടെയും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.പി രമ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ എല്‍.പി വിഭാഗം വിദ്യാര്‍ഥികളുടെ എണ്ണം 60 നിന്നും 90 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. പ്രീ പ്രൈമറിയില്‍ 35 കുട്ടികളുമുണ്ട്. മുന്‍ വര്‍ഷത്തില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സ്‌കൂള്‍ ബസും സ്മാര്‍ട്ട് ക്ലാസ് റൂമും അനുവദിച്ചിരുന്നു.

പുതിയ കെട്ടിടോദ്ഘാടന പരിപാടിയുടെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, ഹെഡ്മിസ്ട്രസ് എന്‍.പി രമ, നഗരസഭാ കൗണ്‍സിലര്‍മാര്‍, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date