വിമുക്തി പദയാത്രയും ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനവും ഒക്ടോബർ 2ന്
ആലപ്പുഴ: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പിന്റേയും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഗാന്ധിജയന്തി വാരാഘോഷ സമിതിയുടേയും നേതൃത്വത്തിൽ വിമുക്തി പദയാത്രയും ജില്ലാതല ആഘോഷവും നടത്തും. സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ ഭാഗമായി വിവിധ ബോധവൽക്കരണ പരിപാടികളും ഇതോടൊപ്പം നടക്കും. ഒക്ടോബർ 2ന് രാവിലെ 8.30ന് ആലപ്പുഴ എക്സൈസ് കോംപ്ലക്സിൽ നിന്നും ആരംഭിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പദയാത്രയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവും. എക്സൈസ് കോംപ്ലക്സിൽ നിന്നും ആരംഭിക്കുന്ന ലഹിര വിരുദ്ധ പദയാത്ര ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി എസ്. രാജൻ ഫ്ളാഗ് ഓഫ് ചെയ്യും.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 10ന് ജില്ലാ കളക്ടർ ഡോ.അദീലാ അബ്ദുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി കെ.എം. ടോമി അധ്യക്ഷത വഹിക്കും. ചുനക്കര ജനാർദ്ദനൻ നായർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, വിമുക്തി മിഷൻ മാനേജർ കെ.കെ. അനിൽ കുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജോസ് മാത്യു, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ. കുമാർ, ടി.ടി. കുരുവിള, ഇലിപ്പക്കുളം രവീന്ദ്രൻ, വിവേക് ശശിധരൻ, പി. വിനയകുമാർ, പി.ഡി. കലേഷ്, എന്നിവർ പ്രസംഗിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ സർവ്വമത പ്രാർത്ഥന നടത്തും. പൊതുസമ്മേളനത്തിന് ശേഷം ഉമ്മൻ ജെ. മേടാരത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മാജിക് ഷോ നടത്തും. ഗാന്ധിയൻ മാതൃകകൾ സംബന്ധിച്ച ശിൽപശാലകൾ, ലഹരി വിരുദ്ധ മാജിക്ക് ഷോ, വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ, മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളുടെ നടത്തിപ്പും പരിപാലനവും, ഗ്രാമസ്വരാജിൽ വനിതകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന പരിപാടികളും നടത്തും.
ഒരേസമയം ഒരേവിഷയത്തിൽ 22 ലഹരിവിരുദ്ധ
ബോധവത്കരണ ക്‌ളാസുകൾ ശ്രദ്ധേയമായി
ആലപ്പുഴ: ഒരേസമയം 22 ക്ലാസുകളിൽ ഒരേ വിഷയത്തിലൂന്നി ആലപ്പുഴ എക്‌സൈസ് റേഞ്ച് സംഘടിപ്പിച്ച ലഹരി ബോധവത്കരണ പരിപാടി ശ്രദ്ധേയമായി.ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്വണ്ണിലെയും പ്ലസ്ടുവിലെയും 22 (ഫാക്കൽറ്റി)ക്ലാസുകളിലായാണ് ഒരേസമയം ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകൾ നടത്തിയത്.
ജില്ലയിലെ 13 എക്‌സൈസ് ഉദ്യോസ്ഥരും ബോധവത്ക്കരണ രംഗത്ത് പ്രവർത്തിക്കുന്ന വക്കീലൻമാരുൾപ്പെടെ ഒൻപത് സന്നദ്ധ പ്രവർത്തകരും ഒരേസമയം ഒരേ വിഷയത്തിൽ ക്ലാസ്സെടുത്തു. 1300 ൽ അധികം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.സംസ്ഥാനത്ത് ഇത്തരമൊരു സംരംഭം ഇതാദ്യമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി എസ് രാജൻ പറഞ്ഞു. സ്‌കൂൾ മാനേജർ എ എം നസീർ അധ്യക്ഷത വഹിച്ചു.ജില്ലാ വിമുക്തി മിഷൻ മാനേജർ കെ കെ അനിൽ കുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ കോ-ഓർഡിനേഷൻ കമ്മറ്റി ജില്ലാ കൺവീനർ പി ഡി കലേഷ്, ലജ്‌നത്തുൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ,വാർഡ് കൗൺസിലർ സജീന ഫൈസൽ , എം കെ നവാസ്, മുഹമ്മദ് സാബിർ സാഹിബ് , ഖദീജ പി പ്രിൻസിപ്പൽ ടി എ അഷ്‌റഫ് കുഞ്ഞാശാൻ,വിമുക്തി ക്ലബ്ബ് കൺവീനർ സൂര്യ എസ് എന്നിവർ പ്രസംഗിച്ചു.
എസ്.ഡി കോളജിൽ മാതൃഭാഷ സംവാദം നാളെ
ആലപ്പുഴ:എസ്.ഡി.കോളജ് മലയാള വിഭാഗം മലയാള ഐക്യവേദിയുടെ സഹകരണത്തോടെ മാതൃഭാഷ സംവാദം സംഘടിപ്പിക്കുന്നു. നാളെ (സെപ്റ്റംബർ 28) രാവിലെ 10.30നാണ് സംവാദം. ഡോ. പി.പവിത്രൻ വിഷയം അവതരിപ്പിക്കും.
മെറിറ്റ് സ്‌കോളർഷിപ്പ് അപേക്ഷ തീയതി ഒക്‌ടോബർ 15ലേക്ക് നീട്ടി
ആലപ്പുഴ: സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ 2018-19 അധ്യയന വർഷത്തെ പരീക്ഷകളിൽ മികച്ച വിജയം നേടിയ പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ നിന്ന് മെറിറ്റ് സ്‌കോളർഷിപ്പിനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്‌ടോബർ 15ലേക്ക് നീട്ടി. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി, പ്ലസ്ടു/ബിരുദം/ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർക്ക് സ്‌കോളർഷിപ്പ് നൽകുന്നു. www.ksdc.kerala.gov.in ജാതി സർട്ടിഫിക്കറ്റ്, മാർക്ക്‌ലിസ്റ്റ് എന്നിവ അപ് ലോഡ് ചെയ്ത് ഒക്‌ടോബർ 15 വരെ അപേക്ഷ നൽകണം. ഫോൺ: 0481- 2564304, 9400309740.
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: ജനറൽ ആശുപത്രിയോട് ചേർന്നുള്ള പഴയ മെഡിക്കൽ കോളജ് ആശുപത്രിയുടെ ഒ.പി.കൗണ്ടർ, ഫാർമസി, കാർഷെഡ്, സെൽ വാർഡ് എന്നിവ പൊളിച്ചു മാറ്റുന്നതിന് മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ്, സൂപ്രണ്ട്, ജനറൽ ആശുപത്രി, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ ഒക്‌ടോബർ 19 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ ഫാർമസി വിഭാഗത്തിലേക്ക് എഡ്ഡീസ് ഹോട്ട് പ്ലേറ്റ് (ഒരെണ്ണം), പോൾ ക്ലൈംബ്ലിങ് അപ്പാരറ്റസ് (ഒരെണ്ണം). ഓട്ടിസം സെന്ററിലേക്ക് ഡവലപ്‌മെന്റൽ തെറാപിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ഒക്‌ടോബർ അഞ്ചു വരെ ക്വട്ടേഷൻ നൽകാം.ഫോൺ: 0477-2282015.
പടവുകൾ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പ്രൊഫഷണൽ കോഴ്്‌സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കൾ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്ന പദ്ധതിയായ 'പടവുകൾ' പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ, എയ്ഡ്ഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരായിരക്കണം അപേക്ഷകർ. ട്യൂഷൻ ഫീസും ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ച മെസ് ഫീസും നൽകുന്നു. അവസാന തീയതി സെപ്റ്റംബർ 30. ബ്ലോക്കുപരിധിയിലെ ശിശുവികസന ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.wcd.kerala.gov.in.
സ്ത്രീകൾക്ക് അസാപ്പിന്റെ 'ഷി സ്‌കിൽസ്'; ഒരു നാൾ കൂടി അവസരം
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നൈപുണ്യ പദ്ധതിയായ അസാപ്പ് സ്ത്രീകൾക്ക് നല്കുന്ന സൗജന്യ നൈപുണ്യ വികസന പദ്ധതിയായ ഷീ സ്‌കിൽസിലേക്ക് സ്‌പോട്ട് അഡ്മിഷൻ സൗകര്യം ഇന്നുകൂടി( സെപ്‌ററംബർ 27). ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി വിവിധ കോഴ്‌സുകൾ ആണ് നല്കുന്നത്. ജില്ല സ്‌പോട്ട് അഡ്മിഷൻ കേന്ദ്രങ്ങളും ജില്ലയിൽ കോഴ്‌സുകളും അടിസ്ഥാന യോഗ്യതയും ബന്ധപ്പെടാവുന്ന നമ്പറുകളും ചുവടെ ചേർക്കുന്നു.
1) ഗവ.ജി.എച്ച്.എസ്.എസ് മാവേലിക്കര, 8086908854
റീറ്റെയ്ൽ ട്രെയിനീ അസ്സോസിയേറ്റ് (പത്താം തരം), ഓർഗാനിക് ഗ്രോവർ-കാർഷിക മേഖല (പത്താം തരം), ക്രാഫ്റ്റ് ബേക്കർ-ബേക്കറി മേഖല( പത്താം തരം)
2) ഗവ. ജി. എച്ച്. എച്ച് ആലപ്പുഴ 9746808421 - ഫ്രണ്ട് ഓഫീസ് അസ്സോസിയേറ്റ് (പന്ത്രണ്ടാം തരം), അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് (പത്താം തരം)
3) ഗവ.എച്ച് എസ്.എസ്.അങ്ങാടിക്കൽ 9961595448
ജി എസ് ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ് (ബി കോം, ബി.ബി.എ , ബി.എ.എക്കണോമിക്‌സ് യോഗ്യത)
4) ഗവ.ജി.എച്ച്.എസ്.എസ്. കായംകുളം. 8304831445 : മോഡലെർ-അനിമേഷൻ മേഖല (എട്ടാം തരം), അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (ബി കോം, ബി.ബി.എ , ബി.എ എക്കണോമിക്‌സ് യോഗ്യത)-
ജി.എസ്. ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ് (ബി കോം, ബി.ബി.എ , ബി.എ എക്കണോമിക്‌സ് യോഗ്യത)
5) ഗവ.ജി.എച്ച്.എസ്.എസ് ഹരിപ്പാട്. 8156802191 -അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് (പത്താം തരം)
6) ജി.എസ്.എമ്മ്.എമ്മ്.ഗവ.എച്ച് എസ് എസ്. കഞ്ഞിക്കുഴി-. 8086682496 കോമ്പോസിറ്റർ-അനിമേഷൻ മേഖല (എട്ടാം തരം) , ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്-ഹെൽത്ത് കെയർ മേഖല (പത്താം തരം)
റീറ്റെയ്ൽ ട്രെയിനീ അസ്സോസിയേറ്റ് (പത്താം തരം)
7) എസ്.സി.യു.വി.എച്ച്.എസ്.എസ്. പട്ടണക്കാട് 7025650203
അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (ബി കോം, ബി.ബി.എ , ബി.എ എക്കണോമിക്‌സ് യോഗ്യത),
ജി.എസ്. ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ് (ബി കോം, ബി.ബി.എ , ബി.എ എക്കണോമിക്‌സ് യോഗ്യത),
ഹോം ഹെൽത്ത് എയ്ഡ്- ഹെൽത്ത് കെയർ മേഖല (പത്താം തരം)
8) ഗവ.എച്ച്.എസ്.എസ്.ചന്ദിരൂർ. 8078020346 - ഹോം ഹെൽത്ത് എയ്ഡ്- ഹെൽത്ത് കെയർ മേഖല (പത്താം തരം), അനിമേറ്റർ -അനിമേഷൻ മേഖല (എട്ടാം തരം), ഹാൻഡ് എംബ്രോയ്ഡർ-അപ്പാരൽ മേഖല (പത്താം തരം)
9) ഗവ.എച്ച്.എസ്.എസ് അമ്പലപ്പുഴ 9656002411- ഫ്രണ്ട് ഓഫീസ് അസ്സോസിയേറ്റ് (പന്ത്രണ്ടാം തരം), റീറ്റെയ്ൽ ട്രെയിനീ അസ്സോസിയേറ്റ് (പത്താം തരം)
10) ഗവ.എച്ച്.എസ്.എസ് കിടങ്ങറ കുട്ടനാട്.7012587144
ക്രാഫ്റ്റ് ബേക്കർ-ബേക്കറി മേഖല (പത്താം തരം)-
സ്‌പോട്ട് അഡ്മിഷൻ ആയി എത്തുന്നവർ മുകളിൽ പറഞ്ഞ സ്‌കൂളുകളിലുള്ള അസാപിന്റെ ഓഫീസുകളിൽ ആധാർ കാർഡും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും,റേഷൻ കാർഡും,രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി സെപ്റ്റംബർ 27നകം എത്തേണ്ടതാണ്.വിശദ വിവരങ്ങൾക്ക്:8848186439.
വ്യക്തി കേന്ദ്രീകൃത ജീവിത രീതി ബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണം :വനിതാ കമ്മീഷൻ
ആലപ്പുഴ: വ്യക്തി താൽപ്പര്യങ്ങൾക്ക് മാത്രം വില നൽകിയുള്ള ജീവിത രീതികളാണ് പല ബന്ധങ്ങളുടേയും തകർച്ചക്ക് കാരണമാകുന്നതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. ഇത്തരത്തിലുള്ള പ്രവണത സമൂഹത്തിന് ഏറെ ദോഷകരമായ ഭവിഷ്യത്തുകളാണ് സൃഷ്ടിക്കുക. വിവാഹം ചെയ്തതിന് ശേഷം ഭാര്യക്ക് വിവാഹമോചനം പോലും നൽകാതെ വ്യക്തിപരമായ സ്വാർത്ഥത മുൻനിർത്തി മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുന്നതടക്കമുള്ള സംഭവങ്ങൾ ഇന്ന് കേരളത്തിൽ ഏറി വരുന്നത് കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് യാതൊരു തരത്തിലും ന്യായീകരണമില്ലാത്ത പ്രവണതയാണെന്നും ആലപ്പുഴയിൽ മെഗാ അദാലത്തിൽ പങ്കെടുത്തുകൊണ്ട് ജോസഫൈൻ വ്യക്തമാക്കി.
നിയമപരമല്ലാത്ത ബന്ധങ്ങൾ ഒരിക്കലും സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുക. വ്യക്തിഗത ജീവിതം വഴിവിട്ടു പോകുന്നതിലൂടെ സംഭവിക്കുന്ന പ്രശ്നങ്ങളാണ് മെഗാ അദാലത്തിൽ വന്ന പരാതികളിൾ കൂടുതലും. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇത്തരം പരാതികളിൽ സ്പോട്ട് ഇൻസ്പക്ഷൻ അടക്കമുള്ള നടപടികളിലൂടെ തെറ്റുകാരായവർക്കെതിരെ കടുത്ത ശിക്ഷ തന്നെ കമ്മീഷൻ സ്വീകരിക്കുമെന്നും അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന മെഗാ അദാലത്തിൽ 80 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. ഇതിൽ മൂന്ന് പരാതികൾ വിവിധ വകുപ്പുകളുടെ വിശദമായ റിപ്പോർട്ടുകൾക്കായി കൈമാറിയിട്ടുണ്ട്. അദാലത്തിലെത്തിയ 15 പരാതികൾ കമ്മീഷൻ തീർപ്പാക്കി. 62 പരാതികൾ ഒക്ടോബർ 30 ന് നടക്കുന്ന അടുത്ത അദാലത്തിലേക്കായി മാറ്റിവെച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഹാളിലാണ് അടുത്ത മാസം 30 ന് അദാലത്ത് നടക്കുക. കമ്മീഷൻ അദ്ധ്യക്ഷയെ കൂടാതെ അംഗങ്ങളായ അഡ്വ:എം.എസ് താര, ഷിജി ശിവജി, ഇ.എം രാധ,കമ്മീഷൻ സി.ഐ സുരേഷ് കുമാർ എന്നിവരും അദാലത്തിൽ പങ്കെടുത്തു.
ഉത്സവാന്തരീക്ഷത്തിൽ 'പാഠം-ഒന്ന് പാടത്തേക്ക്'തുടക്കമായി
ആലപ്പുഴ:കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പൊതു വിദ്യാഭ്യാസവകുപ്പും സംയുക്തമായി നെല്ലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ച പാഠം- ഒന്ന് പാടത്തേക്ക് പദ്ധതിക്ക് ജില്ലയിൽ ഉത്സവാന്തരീക്ഷത്തിൽ തുടക്കം. മണ്ണഞ്ചേരി പൊന്നാട് പെരുന്തുരുത്ത്കരി പാടശേഖരത്തിൽ ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള നെല്ലുകൊയ്ത് കറ്റ വിദ്യാർത്ഥികൾക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത ജി പണിക്കർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കർഷകരെ ആദരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലക്ഷ്മി എം എൽ പദ്ധതി വിശദീകരണം നടത്തി. ചേർത്തല ഡി ഇ ഒ സുജയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. 13 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും കർഷകരുമുൾപ്പെടെ പങ്കെടുത്തു.
പങ്കെടുത്ത വിദ്യാലയങ്ങൾക്ക് ഞാറും നെൽവിത്തും നൽകി.പുത്തരിക്കഞ്ഞി വിതരണവും നടന്നു. വിദ്യാർത്ഥികൾ കുമ്മാട്ടിക്കളിയും കൊയ്ത്തുപാട്ടും നാടൻപാട്ടും അവതരിപ്പിച്ചു.കർഷകരുടെ നാടൻപാട്ടും ചടങ്ങിനു സ്വാഭാവിക അന്തരീക്ഷം പകർന്നു.വാദ്യമേളങ്ങളോടെയാണ് വിദ്യാർത്ഥികൾ വിശിഷ്ട വ്യക്തികളെ പാടത്തേക്ക് ആനയിച്ചത്.
- Log in to post comments