Skip to main content
തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന നെല്‍കൃഷി പ്രദര്‍ശനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

ജനശ്രദ്ധ ആകര്‍ഷിച്ച് കൃഷിവകുപ്പിന്റെ നെല്‍കൃഷി പ്രദര്‍ശനം

ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രദര്‍ശനം ജനശ്രദ്ധ ആകര്‍ഷിച്ചു. വിവിധയിനം നാടന്‍ നെല്ലിനങ്ങളും നെല്‍കൃഷിക്കായുള്ള ഉപകരണങ്ങളും നെല്ലുല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തി നടത്തിയ പ്രദര്‍ശനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു.  60 ഇനം നാടന്‍ നെല്‍വിത്തുകള്‍, നെല്‍കൃഷിക്കായി പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരുന്ന കൃഷി ഉപകരണങ്ങള്‍, നെല്ല് അളക്കുന്നതിനായുള്ള ഉപകരണങ്ങള്‍, വിവിധ നെല്ലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

കേരളത്തില്‍ അപൂര്‍വ്വമായി കാണുന്ന കാട്ടുനെല്‍ച്ചെടിയും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആദിവാസി മേഖലയില്‍ മാത്രം കണ്ടുവരുന്ന കാട്ടുനെല്ല് ഔഷധ ഗുണം ഉള്ള ഒന്നാണ്. കൂടാതെ ഇടുക്കിയുടെ തനത് നെല്ലിനങ്ങളായ കുഞ്ഞുകുഞ്ഞ്, പാല്‍തോണി എന്നിവയും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. 4 അടിക്ക് മുകളില്‍ ഉയരം വരുന്ന പൊക്കാളി ഇനത്തില്‍ പെട്ട നെല്ലിനം, കരിനെല്ല് തുടങ്ങിയവയും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. കൃഷിയിടങ്ങളില്‍ പണ്ടുകാലങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കലപ്പ, ഞവരി, നുകം തുടങ്ങിയവയും നെല്ല് അളക്കുന്നതിനായ് ഉപയോഗിച്ചുകൊണ്ടിരുന്ന പറ, നാഴി, ഇടങ്ങഴി തുടങ്ങിയവയും ജനശ്രദ്ധ ആകര്‍ഷിച്ചു. ഉമിക്കരി, വിവിധയിനം അരിപ്പൊടികള്‍ തുടങ്ങി വിവിധ നെല്ലുല്‍പ്പന്നങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബാബു ടി ജോര്‍ജ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, ബിജു പി മാത്യു, കെ രാധ, രമ കെ നായര്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍സി തോമസ്, എ.ഡി.എ സുലേഖ, ആശ, അനില്‍ വര്‍ഗീസ്,  പ്രദര്‍ശനത്തിനു മേല്‍നോട്ടം വഹിച്ച സുരേഷ് ഇ.പി.എസ്  തുടങ്ങിയവരും മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
 

date