Skip to main content
ആനവിരട്ടി പാടശേഖരത്തില്‍ നടന്ന വിത്തെറിയലില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍

പാഠമൊന്ന് പാടത്തേക്ക് :വിത്തെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍

നെല്‍കൃഷി ദിനാഘോഷങ്ങളുടെ ഭാഗമായി പാടത്ത് വിത്തെറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. നെല്‍കൃഷി ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കിയ പാഠമൊന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു തോക്കുപാറ സര്‍ക്കാര്‍ യുപി സ്‌കൂള്‍, ശല്യാംപാറ എസ്എന്‍ വി യു പി സ്‌കൂള്‍, ആനവിരട്ടി സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍, എല്ലക്കല്‍ സെന്റ് ആന്റണീസ് യു പി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ ഞാറു നടാന്‍ ആനവിരട്ടി പാടശേഖരത്തെത്തിയത്. അന്യം നിന്നു പോകുന്ന നെല്‍കൃഷിയുടെ മാഹാത്മ്യവും പ്രധാന്യവും ഇളം തലമുറയെ ഓര്‍മ്മിപ്പിക്കുന്നതിനൊപ്പം കൃഷിയുടെ പ്രാധാന്യം അടുത്തറിയാന്‍ അവസരമൊരുക്കുന്നതിനും ഞാറു നടീല്‍ വഴിയൊരുക്കി. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി ഞാറു നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. ഞാറ്റുപാട്ടുകള്‍ ഒരിക്കല്‍ കൂടി ആനവിരട്ടിയിലെ പാടവരമ്പില്‍ ഉയര്‍ന്നു. പാലക്കാടന്‍ മട്ട ഇനത്തില്‍ ഉള്‍പ്പെട്ട ഞാറായിരുന്നു കൃഷിക്കായി എത്തിച്ചിരുന്നത്. ഞാറ്റുപാട്ടിന്റെ ഈണത്തിനൊത്ത് ഞാറു കുത്താന്‍ അധ്യാപകരും കൃഷിവകുപ്പുദ്യോഗസ്ഥരും പാടശേഖര സമതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേറിലിറങ്ങി. ആഘോഷങ്ങള്‍ക്കപ്പുറം ആനവിരട്ടിയിലെ പത്തേക്കറോളം വരുന്ന പാടത്ത് കതിരണിയിക്കാനുള്ള ശ്രമം നടത്താനാണ് കൃഷിവകുപ്പിന്റെ തീരുമാനം. ഗ്രാമപഞ്ചായത്തംഗം ആനീസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഐവി കോശി കുട്ടികള്‍ക്കായി ക്ലാസ് നയിച്ചു.

date