പ്രളയബാധിതരായ ക്ഷീര കര്‍ഷകര്‍ക്കായി 1.62 കോടിയുടെ ക്ഷീര നവോത്ഥാനം പദ്ധതി
പ്രളയബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി ക്ഷീര നവോത്ഥാനം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയം കവര്‍ന്നെടുത്ത ജീവിത മാര്‍ഗ്ഗങ്ങള്‍ തിരിച്ച് പിടിക്കുന്നതിന് ക്ഷീര കര്‍ഷകരെ സഹായിക്കുകയാണ് പദ്ധതി. ഈ പ്രത്യേക പുനരധിവാസ പദ്ധതിയിലൂടെ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് 1.62 കോടിയുടെ സഹായമാണ് ലഭിക്കുക. വിവിധ പശു യൂനിറ്റുകള്‍ തുടങ്ങുന്നതിനും കാലിത്തൊഴുത്തുകളുടെ നവീകരണം തുടങ്ങിയ അനുബന്ധ ആവശ്യങ്ങള്‍ക്കാണ് തുക ലഭിക്കുക.
ഒരു പശു യൂണിറ്റ് അഥവാ ഗോദാനം പദ്ധതിക്കായി യൂനിറ്റൊന്നിന് 41000 രൂപ വീതം 66 കര്‍ഷകര്‍ക്കാണ് ലഭ്യമാവുക. കൂടാതെ രണ്ട് പശു യൂനിറ്റുകള്‍, അഞ്ച് പശു യൂനിറ്റുകള്‍ എന്നിവക്കായി യഥാക്രമം 2.95 ലക്ഷവും 8.6 ലക്ഷവും ജില്ലയില്‍ അനുവദിച്ചിട്ടുണ്ട്. ഒരു പശുവും കിടാവുമുള്ള യൂനിറ്റിന് 3.6 ലക്ഷവും മൂന്ന് പശുക്കളും രണ്ട് കിടാക്കളുമുള്ള യൂനിറ്റുകള്‍ക്കായി 10.2 ലക്ഷവുമാണ് ആകെ അനുവദിച്ചിട്ടുള്ളത്.
പ്രളയത്തെത്തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്കുണ്ടായ അനുബന്ധ നഷ്ടങ്ങള്‍ക്ക് 60000 രൂപ വരെയുള്ള സഹായധനവും ക്ഷീര നവോത്ഥാനത്തിലൂടെ ലഭിക്കും. കാലിത്തൊഴുത്തുകളുടെ നിര്‍മാണങ്ങള്‍ക്കും അറ്റകുറ്റപണികള്‍ക്കുമായി 20.4 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ക്ഷീര കര്‍ഷകരായ സ്ത്രീകള്‍ക്ക് 33600 രൂപയുടെ പ്രത്യേക സഹായധനവും ക്ഷീര നവോത്ഥാനം പദ്ധതിയിലൂടെ ലഭ്യമാകും.
- Log in to post comments