Skip to main content
കെഎസ്ഇബി സ്റ്റാളിലെ  സുരക്ഷാ ഉപകരണങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന കെഎസ്ഇബി ഉദ്യോഗസ്ഥന്‍ കെഎസ്ഇബിസ്റ്റാളില്‍  ഒരുക്കിയിരിക്കുന്ന സുരക്ഷ ഉപകരണങ്ങള്‍

പ്രദര്‍ശനവും വിപണനവുമായി വിവിധ സര്‍ക്കാര്‍  വകുപ്പുകളുടെ സ്റ്റാളുകള്‍     

 

 

മുരിക്കാശ്ശേരി പാവനാത്മ കോളേജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും സ്റ്റാളുകള്‍ ഒരുക്കി. വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ടാണ് സ്റ്റാളുകളുടെ പ്രവര്‍ത്തനം. വകുപ്പുകളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങളും  സ്റ്റാളിലെത്തുന്നവര്‍ക്ക് ജീവനക്കാര്‍ വിശദീകരിച്ച് നല്‍കുന്നുണ്ട്. ദേശിയ ആരോഗ്യ മിഷന്‍, കെഎസ്ഇബി, എക്‌സൈസ് വകുപ്പ്, കുടുംബശ്രീ,ഇൻഫർമേഷൻ ആൻഡ്   പബ്ലിക് റിലേഷന്‍ വകുപ്പ്, വാണിജ്യ വ്യവസായ വകുപ്പ്, ബിഎസ്എന്‍എല്‍ തുടങ്ങി പൊതുമേഖലയിലും സ്വകാര്യമേഖലയിലേതുമായി ഇരുപതോളം സ്റ്റാളുകള്‍ പാവനാത്മ കോളേജ് ഗ്രൗണ്ടില്‍ തയ്യാറായി കഴിഞ്ഞു. ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തില്‍ പ്രമേഹം, രക്തസമ്മര്‍ദം എന്നിവ സൗജന്യമായി പരിശോധിക്കുന്നുണ്ട്. രവിലെ 10 മണി മുതല്‍ വൈകിട്ട് നാലുവരെ  ആവശ്യക്കാര്‍ക്ക് ഡോക്ടറുടെ സേവനവും പ്രയോജനപ്പെടുത്താം. വൈദ്യുതി വകുപ്പിന്റെ സ്റ്റാളില്‍ വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാനുള്ള സുരക്ഷ മാര്‍ഗങ്ങള്‍ ജീവനക്കാര്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. വൈദ്യുതി അറ്റകുറ്റപണികള്‍ക്കിടയില്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന സുരക്ഷ ഉപകരണങ്ങളും, ആദ്യകാലഘട്ടത്തിലെ വൈദ്യുത മീറ്ററുകള്‍ മുതല്‍ ആധുനിക കാലഘട്ടത്തിലെ ഡിജിറ്റല്‍ മീറ്റര്‍ വരെ വൈദ്യുത വകുപ്പിന്റെ പ്രദര്‍ശന സ്റ്റാളിലുണ്ട്. കൂടാതെ ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം പങ്കുവെക്കുന്ന വീഡിയോ പ്രദര്‍ശനവും, ലഘുലേഖകളും വിതരണം ചെയുന്നുണ്ട്. എക്‌സൈസ് വകുപ്പിന്റെ സ്റ്റാളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഘുലേഖകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'ലഹരിക്കെതിരെ ഒരു ത്രോ' തുടങ്ങി വിവിധ ഗെയിമുകളിലൂടെ സന്ദര്‍ശകരെയും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍  പങ്കാളികളാക്കുകയാണ് എക്‌സൈസ് വകുപ്പ്. ജില്ല കുടുംബശ്രീമിഷന്റെ വിപണന സ്റ്റാളില്‍ കരകൗശല വസ്തുക്കള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയും കൂടാതെ കഫേ കുടുംബശ്രീ റസ്‌റ്റോറന്റും ഒരുക്കിയിട്ടുണ്ട്. പ്രളയത്തിന്റെയും തുടര്‍ന്നുള്ള അതിജീവനത്തിന്റെയും ഫോട്ടോ പ്രദര്‍ശനവും, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷന്‍ വകുപ്പ് പ്രസിദ്ധീകരണങ്ങളായ ജനപഥത്തിന്റെ കേരള കാളിംഗിന്റെ സൗജന്യ വിതരണവും ഒരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പും രംഗത്തുണ്ട്.  ജില്ലാ വാണിജ്യ വ്യവസായ വകുപ്പ്, ബിഎസ്എല്‍എല്‍, സ്വകാര്യ സ്ഥാപനങ്ങളായ ഓക്‌സിജന്‍, ടേക്ക് ഓഫ് സ്‌പോര്‍ട്‌സ് ഷോപ്പ്, പടമുഖം സ്‌നേഹമന്ദിരം ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം നിരവധി സ്ഥാപനങ്ങള്‍ ദേശിയ ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.  

 

date