Skip to main content

ലിറ്റില്‍ കൈറ്റ്സ് അമ്മമാര്‍ക്കുള്ള ഹൈടെക് പരിശീലനം  ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും

  സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്താനും ഡിജിറ്റല്‍ പഠന വിഭവങ്ങള്‍  തുടങ്ങിയവ കുട്ടികള്‍ക്ക് വീട്ടിലും ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുമായി രക്ഷിതാക്കളായ അമ്മമാര്‍ക്ക്  'ലിറ്റില് കൈറ്റ്സ്'യൂനിറ്റുകള്‍  വഴി ഒക്ടോബര്‍ അഞ്ചു മുതല്‍ പരിശീലനം നല്‍കുന്നു. കൈറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ തലത്തില്‍  രൂപീകരിച്ച 'ലിറ്റില്‍ കൈറ്റ്സ്'ഐടി ക്ലബ്ബുകള്‍ വഴിയാണ് പരിശീലനം. ജില്ലയിലെ ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് ക്ലബുകളുള്ള വിദ്യാലയങ്ങളിലെ  കുട്ടികളുടെ അമ്മമാര്‍ക്കാണ് അവസരം.
വീടുകളിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങളില്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. പരിഷ്‌ക്കരിച്ച ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്യൂ.ആര്‍.കോഡ് സ്‌കാന്‍ ചെയ്ത് റിസോഴ്സുകള്‍ ഉപയോഗിക്കുന്ന വിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്റൂം പഠനരീതി പരിചയപ്പെടല്‍, സമഗ്ര പോര്‍ട്ടലിലെ പഠനവിഭവങ്ങള്‍ ഉപയോഗിക്കുന്ന വിധം, വിക്ടേഴ്സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികള്‍, സമേതം പോര്‍ട്ടലിലെ സൗകര്യങ്ങള്‍, സൈബര്‍ സുരക്ഷ എന്നിവയാണ് പരിശീലനത്തിലെ വിവിധ സെഷനുകളിലായി അമ്മമാരെ പരിചയപ്പെടുത്തുക.
പരിശീലനത്തോടൊപ്പം  സ്‌കൂളുകള്‍ സംബന്ധിച്ചുള്ള സമഗ്രമായ പൊതുവിവരങ്ങള്‍ ക്യൂ.ആര്‍.കോഡ് രൂപത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തും. ഓരോ സ്‌കൂളിന്റെയും  വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമേതം വെബ്സൈറ്റിന്റെ www.sametham.kite.kerala.gov.inഎന്ന ലിങ്കാണ് ക്യൂ.ആര്‍.കോഡ് രൂപത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന  തരത്തില്‍ എല്ലാ സ്‌കൂളിന്റെയും പ്രധാനകവാടത്തോട് ചേര്‍ന്ന് സ്ഥാപിക്കുക. കോഡ് സ്‌കാന്‍ ചെയ്ത് സമേതം, സ്‌കൂള്‍ വിവരസഞ്ചയമായ സ്‌കൂള്‍വിക്കി www.schoolwiki.in വെബ്സൈറ്റുകള്‍ ആര്‍ക്കും പരിശോധിക്കാം.
ജില്ലയില്‍ സ്‌കൂള്‍തല പരിശീലകരായ 5549 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കും 1750 അധ്യാപകര്‍ക്കും  പ്രത്യേകം വീഡിയോ കോണ്‍ഫറന്‍സിലൂടെ  പരിശീലനം നല്‍കി. ജില്ലയിലെ 202 സ്‌കൂളുകളിള്‍ വിന്യസിച്ചിട്ടുള്ള ബ്രോഡ്ബാന്‍ഡ് സംവിധാനവും എച്ച്.ഡി. വെബ് ക്യാമറയും ടെലിവിഷനും പ്രയോജനപ്പെടുത്തിയാണ് കൈറ്റ് ഇവ സാധ്യമാക്കുക. പരിശീലന വിശദാംശങ്ങള്‍ കുട്ടികള്‍ വഴി അമ്മമാരെ അറിയിക്കും.
 

date