Skip to main content

വയോജന കര്‍മ്മപദ്ധതിക്ക് രൂപം നല്‍കി വയോജനദിനം

പെരിന്തല്‍മണ്ണ നഗരസഭയുടെ സാഫല്യം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലോക വയോജന ദിനാചരണത്തില്‍ വയോജനക്ഷേമത്തിന് കര്‍മ്മ പദ്ധതി തയ്യാറാക്കി. വയോജനങ്ങളുടെ സാമൂഹികവും, ശാരീരികവും, മാനസികവുമായ ഉന്നമനവും ക്ഷേമവും ലക്ഷ്യം വെച്ചിട്ടുള്ള കര്‍മ്മ പദ്ധതിക്കാണ് 34 വാര്‍ഡുകളില്‍ നിന്നും എത്തിയ 400 ഓളം വയോജനങ്ങളുടെ സംഗമത്തില്‍ രൂപം നല്‍കിയത്.
സാഫല്യം പദ്ധതിയുടെ നേതൃത്വത്തില്‍  എല്ലാ വാര്‍ഡുകളിലും വയോജന ഫോറം രൂപീകരിക്കും.  പ്രതിവാര കൂട്ടായ്മ ചര്‍ച്ചാ ക്ലാസുകള്‍, ബോധവത്ക്കരണ ആരോഗ്യ ക്ലാസ്സുകള്‍, പരസ്പര സംവാദത്തിനുള്ള വേദികള്‍, യോഗ - കായിക ക്ലാസ്സുകള്‍, വിനോദയാത്ര തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ വയോജന ക്ലിനിക്ക് വഴി വാര്‍ഡുകളില്‍ സൗജന്യ മരുന്ന് നല്‍കും. കിടപ്പിലായ വയോജനങ്ങളെ വീട്ടിലെത്തി ചികിത്സ നല്‍കുന്ന വയോജന പാലിയേറ്റീവ് വിങ്ങിന്റെ പ്രവര്‍ത്തനം ആവശ്യമുള്ളവരിലേക്ക് വ്യാപിപ്പിക്കും. വയോജനങ്ങള്‍ക്കും അവരെ നയിക്കുന്നവര്‍ക്കുമായി നഗരസഭ കാഞ്ഞിരക്കുന്നില്‍ നിര്‍മ്മിക്കുന്ന സാന്ത്വനം പുനരധിവാസ കേന്ദ്രം എട്ടു മാസം കൊണ്ട് നിര്‍മ്മാണ പൂര്‍ത്തീകരിച്ച് സേവന സജ്ജമാക്കുന്നതിനും നടപടിയായി. 
വയോജന ദിനത്തിന്റെ ഭാഗമായി നഗരസഭയില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി. 34 വാര്‍ഡിലെയും ഏറ്റവും പ്രായം ചെന്ന മുതിര്‍ന്ന പൗരന്‍മാരെ ചടങ്ങില്‍ ആദരിച്ചു. നഗരസഭയിലെ വിദ്യാലയങ്ങളില്‍ നിന്നും 200 ഓളം വിദ്യാര്‍ത്ഥികള്‍ വയോജന പരിപാടികളില്‍ പങ്കെടുത്തു വയോജനങ്ങളുമായി  സംവാദം നടത്തി. വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ഒരുക്കിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടി ശ്രദ്ധേയമായി.
സാഫല്യം പദ്ധതി രക്ഷാധികാരിയായ എം. കെ. ശ്രീധരന്‍, ഡോ. സാമുവല്‍ കോശി, കെ. സി. മൊയ്തീന്‍ കുട്ടി ,പി. ടി. ശോഭന ,ആരിഫ് പത്തത്ത്, രതി അല്ലക്കാട്ടില്‍ ,എസ്. അബ്ദുള്‍ സജി ,സി. എം. ഉണ്ണിക്കൃഷ്ണന്‍, എ. അനന്തമൂര്‍ത്തി ,പി. ആയിഷ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date