Skip to main content

മലയാള സാഹിത്യ ശാഖയില്‍ ഭിന്നശേഷി സാഹിത്യത്തിന് പ്രത്യേക പരിഗണന നല്‍കണം

മലയാള സാഹിത്യ ശാഖയില്‍ ഭിന്നശേഷി സാഹിത്യത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന്  തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ പറഞ്ഞു. തിരൂര്‍ ജില്ലാ ആശുപത്രി പി.എം.ആര്‍ വിഭാഗത്തിന് കീഴിലുള്ള വരം കൂട്ടായ്മ മലയാളം സര്‍വ്വകലാശാലയുമായി സഹകരിച്ച് ഭിന്നശേഷിക്കാരായ എഴുത്തുകാര്‍ക്കായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച വരമൊഴി - 19 സാഹിത്യ ക്യാമ്പ്  തിരൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വ്യത്യസ്തരായ മനഷ്യരെ ഏകോപിപ്പിക്കുന്നതിന് സാഹിത്യത്തിനും കലയ്ക്കും പ്രത്യേക പങ്കുണ്ട്. മലയാള സാഹിത്യ ശാഖയില്‍ ഭിന്നശേഷി സാഹിത്യത്തിന് ചരിത്രപരമായ പങ്ക് വഹിക്കുന്നതിനുള്ള വേദിയായി ഭിന്നശേഷി സംസ്ഥാന സാഹിത്യ ക്യാമ്പ് മാറിയെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെയും താനൂര്‍ ഗവ:കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെയും  സഹകരണത്തോടെ മലയാള സര്‍വ്വകലാശാല ക്യാമ്പസിലാണ് സാഹിത്യ ക്യാമ്പ് നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത നൂറോളം ഭിന്നശേഷി എഴുത്തുകാര്‍ പരിപാടിയില്‍ പങ്കെടുത്തു. സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കേരള ഹെല്‍ത്ത് സര്‍വ്വീസ് അസി.ഡയറക്ടര്‍ ഡോ: വി.വിനോദ് അധ്യക്ഷത വഹിച്ചു.
ജില്ലാ ആശുപത്രി പി.എം.ആര്‍ വിഭാഗത്തിന് കീഴിലുള്ള വരം കൂട്ടായ്മ മലയാള സര്‍വകലാശാലക്ക് നല്‍കുന്ന വീല്‍ ചെയറുകള്‍ ജില്ലാആശുപത്രി പി.എം.ആര്‍ വിഭാഗം മേധാവി ഡോ: പി ജാവേദ് അനിസ്  കൈമാറി. വരമൊഴി - 19 ഭാഗമായി നടത്തിയ കവിത, കഥ മത്സര വിജയികള്‍ക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ക്യാഷ് അവാര്‍ഡ് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ: അനിതകുമാരി സമ്മാനിച്ചു.
എഴുത്തുകാരി സി.എച്ച്.മാരിയത്ത്,കവയത്രി പി.വി കമലാക്ഷി, ഗായിക അസ്മ കുട്ടായി, വരം കോ ഡിനേറ്റര്‍ മുജീബ് താനാളൂര്‍,കല്‍ക്കട്ട മലയാളി സമാജം പ്രസിഡണ്ട് വേണു കല്‍ക്കട്ട,ഡോ.അന്‍വര്‍ അബ്ദുള്ള, ഡോ.സി.ഗണേഷ്, ഡോ.റോഷ്നി സ്വപ്ന, ഡോ. അശോക് ഡിക്രൂസ്, സല്‍മ തിരൂര്‍, ഒ.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
 

date