Skip to main content

മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്  സര്‍ക്കാര്‍ അംഗീകാരം 

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച പ്രൊപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി. അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് മുന്നോട്ടുവച്ച സമഗ്ര ട്രോമ കെയര്‍ സംവിധാനത്തിന്റെ ആദ്യപടിയാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മറ്റ് മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഉടന്‍ തുടങ്ങും. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ പല വിഭാഗങ്ങളുണ്ടെങ്കിലും അവയുടെ ഏകീകരണമില്ലാത്തതിനാല്‍ പലപ്പോഴും ചികിത്സയ്ക്ക് കാലതാമസമുണ്ടാകാറുണ്ട്. ഇത് കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളെ ഏകോപിപിച്ച് ചികിത്സ ലഭ്യമാക്കാനാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തുടങ്ങുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിനാവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍  എന്നിവരെ ഉടന്‍ നിയമിക്കും.

തിരുവനന്തപുരത്തിനു പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ എല്ലാ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ട്രോമ കെയര്‍ സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വിജയിച്ച ട്രോമ കെയറാണ് ഇവിടേയും നടപ്പാക്കുന്നത്. 

എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്തില്‍ ട്രോമ കെയര്‍ സംവിധാനം ഒരുക്കുക. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്നു മേഖലകളാക്കി തിരിച്ചാണ് അത്യാഹിത വിഭാഗ ചികിത്സ ക്രമീകരിക്കുന്നത്. അതീവ തീവ്ര പരിചരണം ആവശ്യമുള്ള മേഖലയാണ് ചുവന്ന മേഖല. അത്ര ഗുരുതരമല്ലാത്ത രോഗികളെ മഞ്ഞ മേഖലയില്‍ ചികിത്സിക്കും. സാരമായ പ്രശ്‌നങ്ങളില്ലാത്ത രോഗികളെ പച്ച മേഖലയില്‍ ഉള്‍പ്പെടുത്തും. ഓപ്പറേഷന്‍ തീയറ്ററുകള്‍, തീവ്ര പരിചരണ വിഭാഗങ്ങള്‍, സ്‌കാനിംഗ് തുടങ്ങി വിവിധ പരിശോധനാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. 

വിവിധ വിഭാഗങ്ങളിലെ സീനിയര്‍ റസിഡന്റുമാര്‍, ജൂനിയര്‍ റസിഡന്റുമാര്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവരെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ നിയോഗിക്കും. കൂടാതെ 50 ഡോക്ടര്‍മാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിയമിക്കാനായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കായി 42 കോടി രൂപയുടെ  പ്രൊപ്പോസലും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റേയും ട്രോമ കെയര്‍ സംവിധാനത്തിന്റേയും നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ് കുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. കെ.വി. വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പി.എന്‍.എക്‌സ്.89/18

date