വന്യമൃഗ പ്രതിരോധത്തിന് ജില്ലയില്‍ ദ്രുതകര്‍മ സംഘത്തെ സജ്ജമാക്കും-ജില്ലാ വികസന സമിതി
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിന് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ആരായാനും സ്ഥലത്തെത്തി പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും മൂന്നു ഡി.എഫ്.ഒമാരുടെയും കീഴില്‍ പ്രത്യേക പരിശീലനം ലഭിച്ച ദ്രുതകര്‍മ സംഘം രൂപവത്കരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. വന്യമൃഗ അക്രമങ്ങളെ ശാസ്ത്രീയമായി നേരിടാന്‍ ജില്ലയ്ക്കായി ഒരു സ്‌ററാന്‍ഡിങ് ഓപ്പറേറ്റിങ് പ്രൊസിഡ്യൂയര്‍ തയ്യാറാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മൂന്നു ഡി.എഫ്.ഓമാരെയും ഉള്‍പ്പെടുത്തി ഈ മാസം തന്നെ യോഗം വിളിക്കും. കുറുവ ദ്വീപുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി കൊണ്ടു വന്നിട്ടുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്ന് യോഗത്തില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ജില്ലയിലെ ടൂറിസം സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് ജില്ലയ്ക്ക് ഏറെ ദ്രോഹം ചെയ്യുന്നതാണെന്ന് എം.എല്‍.എ പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ വികസനസമിതി യോഗം തീരുമാനിച്ചു. ചുരം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികളുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. നാല്‍പ്പത് ദിവസമാണ് ഗതാഗത നിയന്ത്രണം വേണ്ടിവരുകയെന്നും രണ്ടു ദിവസമെങ്കിലും പൂര്‍ണമായി ടാറിങ്ങിനായി ഗതാഗതം തടസ്സപ്പെടുത്തേണ്ടി വരുമെന്ന് കരുതുന്നതായും ഇത് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ട് എ.ഡി.എം.കെ.എം.രാജു അറിയിച്ചു. ജില്ലയ്ക്ക് സുവോളജിക്കല്‍ പാര്‍ക്ക് അനുവദിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ടെന്നും അതിന് കൂടുതല്‍ സാധ്യത കാരാപ്പുഴയിലാണെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. കാരാപ്പുഴയിലെ ആദിവാസികളെ പുനരധിവസിപ്പിക്കുന്ന നടപടികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി വേണമെന്നും അക്കാര്യത്തില്‍ മുടന്തന്‍ ന്യായങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വേണമെന്നും സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു.
മാവിലാംതോട് പഴശ്ശി സ്മാരകം നിര്‍മാണ പ്രവര്‍ത്തിയുടെ പുതുക്കിയ ഭരണാനുമതി ഡയറക്ടറേറ്റില്‍ നിന്ന് ലഭിച്ചതായും പഴയ തുകയ്ക്ക് ഉള്ളില്‍ നിന്ന് പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാണ് എ. എസ് ലഭിച്ചിട്ടുള്ളതെന്നും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സമിതിയെ അറിയിച്ചു. ഇതോടെ നിലച്ച പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജിലേക്കുള്ള സ്ഥലത്തിലെ റോഡിന്റെ അതിര്‍ത്തി നിശ്ചയിച്ച് വനഭാഗത്തിന് പുറത്തു കൂടി നിര്‍മിക്കുന്നതിന് വനം വകുപ്പിന് എതിര്‍പ്പില്ലെന്ന് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചതായി വനം വകുപ്പ് അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വണ്ടിക്കടവ് ചാമപ്പാറ കൊളവള്ളി മരക്കടവ് പെരിക്കല്ലൂര്‍ കടവ് റോഡ് നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റോഡ് പണിക്ക് അനുവദിച്ച തുക ഇനിയും വൈകിയാല്‍ നഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ മുന്‍ കൈയെടുക്കും. വരള്‍ച്ച പ്രതിരോധത്തിനായി ഹരിത കേരള മിഷന്റെയും ഗ്രാമ പഞ്ചായത്ത് നഗരസഭാ ഭരണ സമിതിയുടെയും നേതൃത്വത്തില്‍ ജനകീയ തടയണ ഉള്‍പ്പടെയുള്ള ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ വി ക സന സമിതി തീരുമാനിച്ചു. വയനാടിന്റെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. അടുത്ത വര്‍ഷം പെയ്യുന്ന മഴയുടെ നിശ്ചിത ശതമാനം സംഭരിക്കുക എന്ന ലഷ്യം വച്ച് മുന്നോട്ട് പോകണം. കബനി നദിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നദിയിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്ന വിധം 10 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി നല്‍കാന്‍ മണ്ണ് സംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി. എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെയെല്ലാം സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് എം.എല്‍.എ.യോഗത്തില്‍ പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥര്‍ ജില്ല വിട്ട് പോകുന്നതിന് ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന് കളക്ടര്‍ എസ്.സു ഹാസ് നിര്‍ദ്ദേശം നല്‍കി. അല്ലാത്തപക്ഷം ശക്തമായ നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാ കുമാരി, സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ., എം.പി.യുടെ പ്രതിനിധി കെ.എല്‍. പൗലോസ്, ജില്ല തല ഉദ്യോഗസ്ഥര്‍ ,ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments