Skip to main content

ചീരകുഴിയിൽ താൽക്കാലിക തടയണ: ജലവിതരണം നവംബർ 15 മുതൽ

ചീരകുഴി ഇറിഗേഷൻ പ്രോജക്റ്റിന്റെ ഭാഗമായി ഈ വർഷവും മണൽ ചാക്ക് വെച്ച് താൽക്കാലിക തടയണ നിർമ്മിച്ച് നവംബർ 15 തീയതിയോടു കൂടി കർഷകർക്ക് വെള്ളം വിട്ടു നൽകാൻ തീരുമാനമായി. പ്രൊജക്ട് പരിധിക്കുള്ളിൽ വരുന്ന പാടശേഖര സമിതി ഭാരവാഹികളുടേയും കൃഷി ഓഫീസർമാരുടേയും ഇറിഗേഷൻ പ്രൊജക്റ്റ് ഉദ്യാഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. താൽക്കാലിക തടയണ നിർമ്മാണത്തിന് 27.4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തുലാം വർഷം അവസാനിക്കുന്നതോട് കൂടി താൽക്കാലിക തടയണ നിർമ്മാണം ആരംഭിക്കുവാനും അത് മുന്നിൽകണ്ട് ടെണ്ടർ നടപടികൾ മുൻക്കൂട്ടി പൂർത്തികരിക്കുവാനും യു ആർ പ്രദീപ് എംഎൽഎ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. 2018-ലെ പ്രളയത്തിലാണ് ഇറിഗേഷൻ പ്രോജക്റ്റിന്റെ 5 ഷട്ടറുകളും കനാലിന്റെ മുൻഭാഗവും റോഡും തകർന്നത്. കഴിഞ്ഞ വർഷം താൽക്കാലിക തടയണയ്ക്കും കനാലിന്റെ അനുബന്ധ പ്രവർത്തികൾക്കും റോഡിനും മറ്റുമായി 2.51 കോടി രൂപ അനുവദിച്ചിരുന്നു. ഇതുപ്രകാരം റോഡും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ചെയ്തും സ്ഥിരം തടയണക്കും കനാൽനവീകരണത്തിനുമായി 14 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ച കനാൽനവീകാരണത്തിന് 4.4 കോടി രൂപ ജലസേജന വകുപ്പ് അനുവദിച്ചിട്ടുണ്ട്. മറ്റ് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഡിസാസ്റ്റെർ മാനേജ്‌മെന്റ് ഫണ്ടിൽനിന്നും ഡിസംബറിൽ തുക അനുവദിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി യു.ആർ. പ്രദീപ് എം.എൽ.എ. പറഞ്ഞു.
യോഗത്തിൽ പഴയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രാജൻ, പഴയന്നൂർ ഗ്രാമപഞ്ചായത്ത്വൈസ് പ്രസിഡണ്ട് കെ.പി. ശ്രീജയൻ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. വിശ്വനാഥൻ, പഴയന്നൂർ ചീരക്കുഴി പ്രൊജക്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രജീഷ്, അസിസ്റ്റന്റ് എഞ്ചിനീയർ ജോയി മേക്കാട്ട്കുളം, പാടശേഖര സമതി പ്രധിനിധികളായ വീരൻകുട്ടി, ശങ്കരനാരായണൻ, സനാദനൻ, പഴയന്നൂർ കൊണ്ടാഴി, പാഞ്ഞാൾ, ദേശമംഗലം കൃഷി ഓഫീസർമാരും പങ്കെടുത്തു.

date