Skip to main content

പാലിയേക്കര ടോൾ പ്ലാസയിൽ ആംബുലൻസിന്  

മാർഗ്ഗതടസ്സം: ബസ് ഡ്രൈവർക്കെതിരെ കേസ്
പാലിയേക്കര ടോൾ പ്ലാസയിൽ ആംബുലൻസ് വാഹനത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ച ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.  തൃശ്ശൂർ-വരന്തരപ്പിള്ളി വഴി കോടാലിക്ക് സർവീസ് നടത്തുന്ന കുയിൽലെൻസ് ബസിന്റെ ഡ്രൈവർക്കെതിരെയാണ് ജില്ലാ മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ട് ആറു മണിക്കാണ് സംഭവം. പിറ്റേന്ന് രാവിലെയും ഇതേ ബസ് ടോൾപ്ലാസയിൽ വരി തെറ്റിച്ചു കയറാനും ശ്രമം നടത്തി. ഇത് ശ്രദ്ധയിൽ പെട്ട ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഷാജി മാധവനാണ്  കേസെടുക്കാൻ നിർദ്ദേശം നൽകിയത്. തുടർന്ന് സ്‌ക്വാഡ് എം.വി.ഐമാരായ  ശ്രീനിവാസ് ചിദംബരം എം.എം, ഇന്ദുധരൻ എം.പി എന്നിവർ ടോൾ പ്ലാസ യിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു, ഡ്രൈവർ മേലൂപാടം സ്വദേശി ജയദേവൻ കൃഷ്ണനെതിരെ കേസ് എടുത്തു നടപടിക്ക് ശുപാർശ ചെയ്തു. ആംബുലൻസിനും, മറ്റ് അടിയന്തര ആവശ്യങ്ങൾക്കും പോകേണ്ട വാഹനങ്ങൾക്ക് മാർഗതടസം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പുതിയ നിയമപ്രകാരം 10000 രൂപയാണ് പിഴ.  ശിക്ഷാ നടപടികളുടെ ഭാഗമായി  ആയി ഡ്രൈവറെ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനായി മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ഡ്രൈവർ ട്രെയിനിംഗ് സെന്റർ ആയ എടപ്പാൾ ഐ.ഡി.ടി.ആറിലേക്ക് അയച്ചു. ഇത്തരത്തിൽ ഉള്ള നിയമ ലംഘനം ഉണ്ടായാൽ കർശന നടപടികൾ സ്വീകരിക്കും എന്നും സ്മാർട്ട് എൻഫോഴ്‌സ്‌മെന്റ് ആർടിഒ അറിയിച്ചു.

date