Skip to main content

1964 ലെ ഭൂമി പതിവ് ഉത്തരവ് : ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളില്‍ മാത്രം

 1964 ലെ ഭൂമി പതിവു ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത് ജില്ലയിലെ എട്ട് വില്ലേജുകളില്‍ മാത്രമാണെന്നു സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചു ആശയക്കുഴപ്പം ഉടലെടുത്ത സാഹചര്യത്തിലാണ് വ്യക്തത വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ജില്ലയിലെ ചിന്നക്കനാല്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസന്‍വാലി എന്നീ വില്ലേജുകളുടെ പരിധിയില്‍ മാത്രമാണ് ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്.
 ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ഒരു സംഘടന ഹൈക്കോടതില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ഈ ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇടുക്കി ജില്ല മുഴുവനായി ഉത്തരവ് ബാധകമാണെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ആദ്യ ഉത്തരവില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളത്.
 മേല്‍പ്പറഞ്ഞ എട്ടു വില്ലേജുകളുടെ പരിധിയില്‍  ഭൂമി പതിവു ചട്ടങ്ങള്‍ പ്രകാരം അനുവദിച്ചിട്ടുള്ള ഭൂമിയില്‍ പട്ടയം ലംഘിച്ച് വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ നടത്താതിരിക്കാനായി ഏതാവശ്യത്തിനായി പട്ടയം അനുവദിച്ചതെന്നുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം  കെട്ടിടനിര്‍മാണ അനുമതി നല്‍കാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ 15 സെന്റില്‍ താഴെയുള്ള പട്ടയഭൂമിയില്‍ ഉപജീവനാവശ്യത്തിനു  ഉപയോഗിക്കുന്ന 1500 ചതുരശ്രയടിക്കു താഴെ തറവിസ്തൃതിയുള്ള കെട്ടിടം മാത്രമാണുള്ളതെങ്കില്‍ അപേക്ഷകനോ ആശ്രിതര്‍ക്കോ മറ്റൊരിടത്തും ഭൂമിയില്ല എന്നു വ്യക്തമായി തെളിയിച്ചാല്‍  22-08-19 ന് പുറപ്പെടുവിച്ച ഉത്തരവു തീയതി വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവല്‍ക്കരിച്ചു നല്‍കും.

 

date