Skip to main content

ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പട്ടണമാകാന്‍ കോട്ടയം

 

കോട്ടയം പട്ടണം ഡിജിറ്റല്‍ സാക്ഷരതയില്‍ ഇന്ത്യയിലെ പ്രഥമ പട്ടണമാകാന്‍ തയ്യാറെടുക്കുന്നു. കോട്ടയം നഗരത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും ഡിജിറ്റല്‍ ക്രയവിക്രയം സാധ്യമാക്കുന്ന പദ്ധതിയുടെ പരിശീലകര്‍ക്കുള്ള ആദ്യ ഘട്ട  പരിശീലനം പൂര്‍ത്തിയായി.  കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരത് ഇന്റര്‍ ഫേസ് ഫോര്‍ മണി (ഭീം) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇടപാടുകള്‍ നടത്തുവാന്‍ വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ വ്യാപാരികളെയും പ്രാപ്തമാക്കുന്നതാണ് പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ ഐ ടി മന്ത്രാലയത്തിനു കീഴിലുള്ള സി എസ് സി ഇ-ഗവേണന്‍സ് വിഭാഗവും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. എന്‍ എസ് എസ് വാളണ്ടിയേഴ്‌സ്, വ്യാപാരി വ്യവസായി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. പബ്ലിക്ക് ലൈബ്രറിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. സുരേഷ് കുറുപ്പ് എംഎല്‍എ. കുമ്മനം രാജശേഖരന്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപാല്‍, സി.ജി വാസുദേവന്‍, പിജിഎം നായര്‍, ജിനോ ചാക്കോ, നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ കേരള മനേജര്‍ വിനു, ക്യാപ്റ്റന്‍ രാജീവ് നായര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കോളേജുകളില്‍ നിന്ന് തെരഞ്ഞെടുത്ത 50 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കി. പരിശീലനം ലഭിച്ചവര്‍ ജനുവരി 15 മുതല്‍ 25 വരെ കോട്ടയം പട്ടണത്തിലെ മുഴുവന്‍ ചെറുകിട ഇടത്തരം വന്‍കിട കച്ചവടക്കാര്‍ക്കും ഡിജിറ്റല്‍ പെയ്‌മെന്റ് സ്വീകരിക്കുവാന്‍ കഴിയുന്ന സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുമെന്ന് പ്രോഗ്രാം കോ- ഓഡിനേറ്റര്‍ പി ജി എം നായര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9447165765 , 9656007650

                                                       (കെ.ഐ.ഒ.പി.ആര്‍-45/18)

 

date