മമ്പുറം പാലം നാടിന് സമര്‍പ്പിച്ചു
വികസന കാര്യത്തില്‍ രാഷ്ട്രീയ വിവേചനം അനുവദിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. വേങ്ങര - തിരൂരങ്ങാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മമ്പുറം പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവേചനമില്ലാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികളെ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഉദാഹരമാണ് മമ്പുറം പാലമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
30 മാസം നിര്‍മാണ സമയം ആവശ്യപ്പെട്ട പ്രവര്‍ത്തി 26 മാസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിലെ എം എല്‍ എ ആയിരുന്ന കാലത്താണ് പദ്ധതിക്ക് അനുമതി ലഭിക്കുന്നത്. ഇരു കരകളും തമ്മിലുള്ള ഉയര വ്യത്യാസം സാങ്കേതിക അനുമതിക്കും ഉയര്‍ന്ന നിര്‍മാണ ചെലവ് ധനകാര്യ വകുപ്പിന്റെ അനുമതിക്കും തടസ്സമായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് പാലം യാഥാര്‍ഥ്യമാക്കിയത്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം അനുമതികള്‍ നേടിയെടുത്ത് പദ്ധതി യാഥാര്‍ഥ്യമാക്കിയതിന് കുഞ്ഞാലിക്കുട്ടിയേയും ഉദ്യോഗസ്ഥരേയും മന്ത്രി അനുമോദിച്ചു.
ഉദ്യോഗസ്ഥരെ ശകാരിക്കുന്ന മന്ത്രിയെന്നാണ് താന്‍ അറിയപ്പെടുന്നത്. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരെ ശകാരിക്കുകയും നല്ലത് ചെയ്യുന്ന ഉദ്യോഗസ്ഥരെ അനുമോദിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം - പരപ്പനങ്ങാടി റോഡിനെ ബന്ധിപ്പിച്ച് കടലുണ്ടി പുഴയ്ക്ക് കുറുകേ നിര്‍മിച്ച പാലത്തിന് 250 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ് ഉള്ളത്. ചെമ്മാട് ദാറുല്‍ഹുദ സൗജന്യമായി വിട്ട് നല്‍കിയ 23 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തിയാണ് പാലം യാഥാര്‍ഥ്യമാക്കിയത്. ഇതോടെ മമ്പുറം മഖാമിലേക്ക് തീര്‍ഥാടകരുടെ പ്രവേശനം എളുപ്പമാകും. ഏറനാട് എഞ്ചിനീയറിങ് എന്റര്‍പ്രൈസസാണ് പാലം നിര്‍മ്മിച്ചത്.
പി കെ അബ്ദുറബ്ബ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. കെ ടി ജലീല്‍, പി കെ കുഞ്ഞാലിക്കുട്ടി എം പി, ഇ. ടി മുഹമ്മദ് ബഷീര്‍ എം പി, കെ എന്‍ എ ഖാദര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments