Skip to main content
പന്നിവേലിച്ചിറയില്‍ ഗിഫ്തിലാപ്പിയ ഹാച്ചറിയുടെ നിര്‍മാണോദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കുന്നു.

ഉള്‍നാടന്‍  മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കും: മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

ജില്ലയില്‍ ഏറെ സാധ്യതയുള്ള ഉള്‍നാടന്‍ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പന്നിവേലിച്ചിറയില്‍ ഗിഫ്തിലാപ്പിയ ഹാച്ചറിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 12 കോടി മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവര്‍ഷം ആവശ്യമുണ്ടെങ്കിലും ഉത്പാദനം വളരെക്കുറവായിരുന്നു. പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയതോടെ ഇപ്പോള്‍ പ്രതിവര്‍ഷം അഞ്ച് കോടിയോളം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ട്. കടലും കായലും ഉള്ള ജില്ലകള്‍ മാത്രമാണ് മത്സ്യകൃഷിക്ക്  അനുയോജ്യം എന്ന നിലമാറി. പത്തനംതിട്ട, ഇടുക്കി തുടങ്ങിയ മലയോര ജില്ലകളിലെ ജലാശയങ്ങളില്‍ ഇന്ന് ഫിഷറീസ് വകുപ്പ് ശുദ്ധജല മത്സ്യകൃഷി നടപ്പാക്കിവരുകയാണ്. നമുക്ക് ആവശ്യമായ മത്സ്യങ്ങള്‍ നമ്മള്‍ ഉത്പാദിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിവരികയാണെന്നും മന്ത്രി പറഞ്ഞു. 
    പന്നിവേലിച്ചിറയില്‍ 3.4കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്. എട്ടു മാസത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നാടന്‍ ഇനത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്ന ഹാച്ചറികള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി ആന്ധ്രയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സാങ്കേതിക സഹായം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 
    പന്നിവേലിച്ചിറ ഹാച്ചറി മത്സ്യഗവേഷണ കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള നടപടി സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വീണാജോര്‍ജ് എംഎല്‍എ അഭ്യര്‍ഥിച്ചു.  നിലവിലുള്ള 50 ഏക്കര്‍ മത്സ്യക്കുളങ്ങള്‍  സംരക്ഷിക്കാന്‍ വകുപ്പിന്‍റെ കൂടുതല്‍ സഹായം ഉണ്ടാകണമെന്നും എം എല്‍ എ പറഞ്ഞു. പദ്ധതിയില്‍ വിത്തുത്പാദനത്തിനും റെയറിങ്ങിനുമായി 284 ച.മീ വൃസ്തൃതിയില്‍  ഇന്‍ഡോര്‍ ഹാച്ചറി നിര്‍മാണം, നിലവിലുള്ള 11 കുളങ്ങളുടെ ആഴംകൂട്ടല്‍, എട്ടു കുളങ്ങളുടെ ചുറ്റും കല്ല് പാകല്‍, ഫാമിന് ചുറ്റും 1817 മീറ്റര്‍ നീളത്തില്‍ ഫെന്‍സിങ്, 125 മീറ്റര്‍ നീളത്തില്‍ചുറ്റുമതില്‍ നിര്‍മാണം, രണ്ട് പുതിയ കുളങ്ങളുടെ നിര്‍മാണം എന്നിവ ഉള്‍പ്പെടുന്നു.
    ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി, വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അംഗം ലീല മോഹന്‍, ഇലന്തൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ് എം ബി സത്യന്‍, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ കൃഷ്ണന്‍, ഇലന്തൂര്‍ ബോക്ക് അംഗം വത്സമ്മ മാത്യൂ, ഫിഷറീസ് ദക്ഷിണമേഖല  ജോയിന്‍റ് ഡയറക് ടര്‍  ഡോ ലൈലാ ബിവി എം, അസിസ്റ്റന്‍റ് ഡയറക്ടര്‍ റ്റി.സജി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                           (പിഎന്‍പി 54/18)

date