നാട്ടുകാരേ: നിർമല നഗരമാകാൻ നമ്മളും മത്സരത്തിലാണ് ശുചിത്വ പരിശോധന സർവെയിൽ മാറ്റുരയ്ക്കാനൊരുങ്ങി സർക്കാരും ആലപ്പുഴ നഗരസഭയും നഗരം വൃത്തിയായി സൂക്ഷിക്കാൻ സർവ്വകക്ഷികളും പൊതുയിടങ്ങളിൽ നിരന്തര ഇടപെടൽ സർവെയിൽ നാട്ടുകാരോടും ചോദ്യം
ആലപ്പുഴ: രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നതിനുള്ള കേന്ദ്ര സർക്കാർ ശുചിത്വ പരിശോധന സർവെയിൽ മികച്ച പ്രകടനത്തിന് ഒരുങ്ങി സർക്കാരും ആലപ്പുഴ നഗരസഭയും. നാളത്തെ ആലപ്പുഴയുടെ സൃഷ്ടിക്കായുള്ള ദീർഘവീക്ഷണമുള്ള പദ്ധതികളിലൂടെ നഗരത്തെ മുന്നിലെത്തിക്കാനുള്ള നടപടികൾക്ക് ഈ മത്സരാധിഷ്ഠിത സർവെ തുടക്കം കുറിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.. ബജറ്റ് തയ്യാറാക്കലിന്റെ തിരക്കുകൾക്കിടയിലും മത്സരത്തിന്റെ പ്രധാന്യമുൾക്കൊണ്ടാണ് മന്ത്രി ആലോചനയോഗത്തിൽ എത്തിയത്. വീടും നാടും ശുചിയായി സൂക്ഷിക്കുന്നതിനൊപ്പം മികച്ച മത്സരത്തിനൊരുങ്ങുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും ഇനി ഓരോ നഗരസഭവാസിക്കുമുണ്ട്.
ഈ മാസം അവസാനത്തോടെ നഗരസഭയിൽ സർവ്വെ തുടങ്ങും. അതിനകം കുറവുകൾ പരിഹരിച്ച് എല്ലാം ഭദ്രമാക്കാനുള്ള ഒരുക്കത്തിൽ സർവ രാഷ്ട്രീയ കക്ഷികളും സംഘടനകളും ജില്ലാ ഭരണകൂടത്തിനും നഗരസഭയ്ക്കും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ചന്ത പോലുള്ള പൊതുയിടങ്ങളുടെ ശുചിത്വചുമതല വിവിധ സംഘടനകളും രാഷ്ട്രീയ കക്ഷികളും ഏറ്റെടുത്തിട്ടുണ്ട്.
മറ്റു സർവെകളിൽ നിന്ന് വ്യത്യസ്തമായി ഈ പരിശോധനയിൽ നാട്ടുകാരോടും ചോദ്യമുണ്ടാകുമെന്നതാണ് പ്രത്യേകത. ഇതിനായി നഗരസഭാവാസികളെ തയ്യാറെടുപ്പിക്കുന്നതിനും ബോധവല്ക്കരിക്കുന്നതിനും വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും സന്നദ്ധരായിട്ടുണ്ട്. നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ സംവിധാനം, പൊതുനിരത്തുകളിലെ ശുചിത്വം, ചന്തകൾ, മറ്റ് കച്ചവട സ്ഥാപനങ്ങൾ എന്നിവയിലെ ശുചിത്വം, പൊതുശൗചാലയങ്ങൾ, വെളിയിട വിസർജ്ജ്യമുക്ത തൽസ്ഥിതി എന്നിവ കൂടാതെ വീടുകളിലെ മാലിന്യ സംസ്‌കരണ രീതികളും പരിശോധിക്കും.
തെരുവോര കച്ചവടം ഇവിടെ ഒരു യാഥാർഥ്യമാണെങ്കിലും ചില ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി നിർദ്ദേശിച്ചു. റോഡുകളിൽ വാരി വലിച്ചു സാധനങ്ങൾ ഇടുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന രീതി മാറ്റണം. കടകളിൽ നിന്ന് റോഡുകളിലേക്കു മാലിന്യം ഇടുന്ന രീതിക്കും മാറ്റമുണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു
റസിഡന്റസ്് അസോസിയേഷൻ, സ്‌കൂൾ, ഓഫീസ് എന്നിവ കേന്ദ്രീകരിച്ച് മികച്ച ശുചിത്വ പ്രവർത്തനം നടത്തുന്നവയ്ക്ക് അവാർഡുകൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ വ്യക്തമാക്കി. ജില്ലാ കളക്ടർ രൂപീകരിച്ച പ്രത്യേക നഗരസഭാതല പരിശോധന സംഘത്തിന്റെ പ്രവർത്തനം ഇതിനകം തുടങ്ങിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പൊതുയിടങ്ങളിലും കടകളിലും സംഘം പരിശോധന നടത്തുന്നത്. എതിർപ്പുകൾ ബോധവല്ക്കരണത്തിലൂടെ പരിഹരിക്കുന്നു. മൂന്നു ദിവസത്തിനകം ആദ്യഘട്ടം പൂർത്തിയാക്കും.
ബുധനാഴ്ച സ്‌കൂൾ അസംബ്ലികളിൽ പ്രത്യേക ശുചിത്വ സന്ദേശപ്രചരണം നടത്തും. ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്‌കുളൂകളിലും പ്രത്യേക പ്രചാരണ സംവിധാനങ്ങളും ഒരുക്കും. സ്‌കൂളുകളിൽ നിരന്തര പരിശോധന ഉണ്ടാകും. ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള ശുചിത്വ സംവിധാനം കുറ്റമറ്റതെന്ന് ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.
ശുചിത്വവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾക്ക് ഗ്രേഡിങ് സമ്പ്രദായം ഏർപ്പെടുത്താൻ ആലോചിക്കുന്നതായി കളക്ടർ പറഞ്ഞു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാർ സ്ഥാപനങ്ങൾ പരിശോധിച്ച് കുറവുകൾ പരിഹരിക്കാൻ നിർദ്ദേശം നല്കും. റോഡുകളിലെ മാലിന്യങ്ങൾ അടിയന്തരമായി നീക്കാൻ പൊതുമരാമത്ത് നിരത്ത്, ദേശീയപാത അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
വിവിധ കക്ഷികളും യുവജനസംഘടനകളും പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. അവാർഡിനു വേണ്ടി മാത്രമല്ലാത്ത ഇത്തരം കാര്യങ്ങളിൽ തുടർനടപടിയും ഉണ്ടാകണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു.
വാർഡ് തലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ തുടർനടപടിക്കും നിയന്ത്രണത്തിനുമായി പ്രത്യേക സംവിധാനം വേണമെന്നും ആവശ്യമുയർന്നു. ധനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ്, പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ, ശുചിത്വമിഷൻ ജില്ലാ-കോ-ഓർഡിനേറ്റർ ബിൻസ് സി. തോമസ്, വിവിധ കക്ഷി നേതാക്കൾ, സ്‌കൂൾ പ്രധാനാധ്യാപകർ, വിവിധ സംഘടന പ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പി.എൻ.എ. 60/2018)
- Log in to post comments