തൊഴിലുറപ്പ് പദ്ധതി : 147.28 കോടിയുടെ ലേബര്‍ ബജറ്റിന് ജില്ലാ പഞ്ചായത്ത് അംഗീകാരം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2018-19 ലെ ലേബര്‍ ബജറ്റ് ജില്ലാപഞ്ചായത്ത് അംഗീകരിച്ചു. ജില്ലയിലെ 8 ബ്ലോക്കുകളിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 14728.79 ലക്ഷം രൂപയ്ക്കുളള ലേബര്‍ ബജറ്റും കര്‍മപദ്ധതികളും നിര്‍ദേശങ്ങളുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തുകള്‍ നല്‍കിയ ലേബര്‍ ബജറ്റ് പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ നേതൃത്വത്തില്‍ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ശില്പശാലയില്‍ പരിശോധിച്ച് കുറവുകള്‍ പരിഹരിച്ച ശേഷമാണ് ജില്ലാ പഞ്ചായത്തിന്‍റെ അംഗീകാരത്തിനായി നല്‍കിയത്.
2018-19 സാമ്പത്തിക വര്‍ഷം 53,265 കുടുംബങ്ങള്‍ക്ക് 14728.79 ലക്ഷം രൂപ ചെലവഴിച്ച് 34,25,299 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിന് ലേബര്‍ ബജറ്റും കര്‍മപദ്ധതിയും ലക്ഷ്യമിടുന്നതായി ലേബര്‍ ബജറ്റ് അവതരിപ്പിച്ച ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു. അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനമായി 8842.15 ലക്ഷം രൂപയും സാധന സാമഗ്രികള്‍ക്കും വിദഗ്ദ്ധ, അര്‍ധ വിദഗ്ദ്ധ തൊഴിലാളികളുടെ വേതന ഇനത്തില്‍ 5891.25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 2230 ഉള്‍പ്പെടെ ആകെ 21857 പ്രവൃത്തികളുടെ പട്ടികയും അംഗീകരിച്ചിട്ടുണ്ട്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ - 11,52,360. ഏറ്റവും കുറവ് ഇലന്തൂര്‍ ബ്ലോക്കിലാണ്- 1,94,467.
ജില്ലയിലെ ബ്ലോക്ക് അടിസ്ഥാനത്തില്‍ അംഗീകരിച്ച ലേബര്‍ ബജറ്റ്
ബ്ലോക്കുകള്‍ തൊഴില്‍ ദിനങ്ങള്‍ തുക (ലക്ഷത്തില്‍)
ഇലന്തൂര്‍ 1,94,467 836.21
മല്ലപ്പളളി 2,08,270 895.56
പന്തളം 2,37,852 1022.76
പുളിക്കീഴ് 2,52,472 1085.63
കോയിപ്രം 2,60,688 1120.96
കോന്നി 3,06,990 1320.06
റാന്നി 8,12,200 3492.46
പറക്കോട് 11,52,360 4955.15
ആകെ 34,25,299 14728.79
പദ്ധതിയില്‍ പ്രകൃതി വിഭവ പരിപാലനത്തിനും ജലസംരക്ഷണ വരള്‍ച്ച പ്രതിരോധ പ്രവൃത്തികള്‍ക്കും മുന്‍ഗണന നല്‍കിയുളള സ്ഥായിയായ ആസ്തികള്‍ സൃഷ്ടിക്കുന്നതിന് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ആസ്തികള്‍ക്കൊപ്പം തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്ന തരത്തില്‍ പ്രവൃത്തികള്‍ ക്രമീകരിച്ചിട്ടുണ്ട്. കനാല്‍, ജലവിതരണ ചാലുകളുടെ നിര്‍മ്മാണം, ആറുകളുടെയും ജലാശയങ്ങളുടെയും സംരക്ഷണം എന്നിവയൊക്കെ പ്രാദേശിക സാധ്യതയനുസരിച്ച് പദ്ധതി മാര്‍ഗരേഖ പാലിച്ച് ഏറ്റെടുക്കും.
നീര്‍ത്തട വികസന കാഴ്ചപ്പാടില്‍ അഞ്ച് ഏക്കര്‍ ഭൂമിയുളള ചെറുകിട നാമമാത്ര സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും ഇടപെടാന്‍ കഴിയുന്ന തരത്തിലും പദ്ധതികളുണ്ട്. കൃഷി ആവശ്യത്തിന് കുളം കുഴിക്കല്‍, കിണര്‍ നിര്‍മാണം, കല്ല് തടയണകള്‍, ജലപരിപോഷണ കുഴികള്‍, വ്യക്തിഗത ശുചിമുറികളുടെ നിര്‍മാണം, ജലനിര്‍ഗമനചാലുകള്‍, ബണ്ട് നിര്‍മാണം, ഭൂമി നിരപ്പാക്കല്‍ തുടങ്ങി നിരവധി ഭൂവികസന പ്രവര്‍ത്തനങ്ങളും കര്‍മ പദ്ധതിയിലുണ്ട്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, ബി.പി.എല്‍ കുടുംബങ്ങള്‍, പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കള്‍, ചെറുകിട നാമമാത്രകര്‍ഷകര്‍ എന്നിവരുടെ ഭൂമിയില്‍ വ്യാപകമായി തൊഴിലുറപ്പ് പ്രവൃത്തികള്‍ ഏറ്റെടുക്കും. സ്കൂളുകളില്‍ ഉച്ചഭക്ഷണം തയാറാക്കുന്നതിനുളള ഷെഡ്, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വര്‍ക്ക് ഷെഡുകള്‍,സി.ഡി.എസ്, എ.ഡി.എസുകള്‍ക്കുളള കെട്ടിട നിര്‍മ്മാണം, ദുരന്തനിവാരണ ഷെല്‍റ്ററുകള്‍, പരമ്പരാഗത രീതിയിലുളള ശ്മശാന നിര്‍മാണം, ഗ്രാമീണ ചന്തകള്‍, പഞ്ചായത്ത് കെട്ടിടങ്ങളും അവയുടെ വിപുലപ്പെടുത്തലും, അങ്കണവാടികള്‍ക്കും സ്കൂ ളുകള്‍ക്കും ശുചിമുറികള്‍, വിവിധതരം റോഡുകള്‍ തുടങ്ങി ഒട്ടേറെ പ്രവൃത്തികളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലീലാ മോഹന്‍, അഡ്വ. റെജി തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ജി.ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. (പിഎന്‍പി 63/18)
- Log in to post comments