Skip to main content

പരിസ്ഥിതിയെ സംരക്ഷിക്കാൻ സന്ദേശം: വരടിയം ഗവ. യു പി സ്‌കൂൾ ഹ്രസ്വചിത്രമൊരുക്കുന്നു

നമ്മുടെ പരിസ്ഥിതിയെയും വനങ്ങളെയും സംരക്ഷിച്ചു നിർത്തി നല്ലൊരു നാളെയിലേക്ക് മനുഷ്യ മനസ്സുകളെ എത്തിക്കാൻ ഹ്രസ്വചിത്രം നിർമിച്ച് വരടിയും ഗവ യു പി സ്‌കൂളിലെ കുരുന്നുകൾ നന്മയുടെ പാഠമാകുന്നു. അരമണിക്കൂർ ദൈർഘ്യമുള്ള ഹ്രസ്വചിത്രം സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രമഫലമായാണ് കാമറക്കണ്ണുകളിൽ പതിയുന്നത്. ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓൺ കേരളപ്പിറവി ദിനത്തിൽ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ നിർവഹിക്കും.
വനം സംരക്ഷിക്കുകയും അതിലൂടെ മനുഷ്യരിലെ നന്മയെ തിരികെ കൊണ്ടുവരികയുമാണ് ഹ്രസ്വചിത്രത്തിന്റെ സംഗ്രഹം. സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനും കഥകളി നടനുമായ ഡോ. പാഴൂർ ദാമോദരൻ ആണ് ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടനെല്ലൂർ ഗവ. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകനായ ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് രചിച്ച് സ്‌കൂളിലെ പൂർവ വിദ്യാർത്ഥി പ്രിന്റോ ഛായാഗ്രഹണം നിർവഹിക്കും. പ്രശസ്ത ഗാനരചയിതാവ് ബി കെ ഹരിനാരായണൻ പാട്ടെഴുതിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
സ്‌കൂളിലെ കുട്ടികളെയും അധ്യാപകരെയും കൂടാതെ പി ടി എ അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. വരടിയം, മുണ്ടൂർ, ചാലിശ്ശേരി എന്നീ പ്രദേശങ്ങളിലായി ചിത്രീകരിക്കുന്ന ഹ്രസ്വചിത്രം വരടിയം സ്‌കൂളിലും തുടർന്ന് വിവിധ സ്‌കൂളുകളിലും പ്രദർശിപ്പിക്കാൻ ഉദ്ദേശ്യമുണ്ട്.

date