Skip to main content

മലയാളദിനം-ഭരണഭാഷ വാരാഘോഷം  ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ സഹകരണത്തോടെ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ മലയാളദിനം - ഭരണഭാഷാ വാരാഘോഷം 2019 സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍വഹിക്കും. രാവിലെ 9.30 ന് ഗവ. വിക്ടോറിയ കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഘഗാനത്തോടെ പരിപാടിക്ക് തുടക്കമാകും. എ.ഡി.എം ടി വിജയന്‍ അധ്യക്ഷനാകും. 'ഭരണഭാഷ മലയാളം' എന്ന വിഷയത്തില്‍ വിക്ടോറിയ കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ റഫീഖ് ഇബ്രാഹിം പ്രഭാഷണവും 'മലയാളദിനം' എന്ന വിഷയത്തില്‍ കഥാകൃത്തും ജില്ലാ പബ്ലിക് ലൈബ്രറി നിര്‍വാഹക സമിതി അംഗവുമായ രാജേഷ് മേനോന്‍ വിഷയാവതരണവും നടത്തും. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എം കെ അനില്‍കുമാര്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഹുസൂര്‍ ശിരസ്തദാര്‍ കെ എസ് ഗീത നന്ദിയും പറയും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി നവംബര്‍ രണ്ടിന് കവിതാപാരായണ മത്സരവും നവംബര്‍ നാലിന് ഭരണഭാഷ മലയാളം, മലയാള സാഹിത്യം എന്നിവയില്‍ ക്വിസ് മത്സരവും നവംബര്‍ അഞ്ചിന് ഇംഗ്ലീഷ്- മലയാളം പരിവര്‍ത്തന മത്സരവും നടക്കും. നവംബര്‍ ആറിന് സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി 'മലയാള ഭാഷ ഇന്ന്' എന്ന വിഷയത്തില്‍ പ്രസംഗമത്സരം സംഘടിപ്പിക്കും.

സമാപനം നവംബര്‍ ഏഴിന്

മലയാളദിനം-ഭരണഭാഷ വാരാഘോഷം സമാപന പരിപാടി നവംബര്‍ ഏഴിന് ഉച്ചയ്ക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്യും. എ.ഡി.എം ടി വിജയന്‍ അധ്യക്ഷനാകും. ഭരണഭാഷാ വാരാഘോഷതോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാതല ഭരണഭാഷ പുരസ്‌കാരദാനവും അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ ഡി എം ടി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. തുടര്‍ന്ന് 'കുഞ്ചനും തുള്ളലും മലയാളവും' വിഷയത്തില്‍ കുഞ്ചന്‍ സ്മാരകം രാജേഷ് പ്രഭാഷണം നടത്തും. കൂടാതെ മത്സരങ്ങളില്‍ സമ്മാനാര്‍ഹമായ പ്രസംഗം, കവിത എന്നിവയുടെ അവതരണം നടക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഹുസൂര്‍ ശിരസ്തദാര്‍ കെ എസ് ഗീത നന്ദിയും പറയും.

date