Skip to main content

മലയാളദിന-ഭരണഭാഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന്

ഭാഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന മലയാളദിന-ഭരണഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബർ ഒന്ന്) രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സാഹിത്യകാരി സാറാ ജോസഫ് നിർവഹിക്കും. ജില്ലാ കളക്ടർ എസ് ഷാനവാസ് അദ്ധ്യക്ഷത വഹിക്കും. സബ് കളക്ടർ അഫ്‌സാന പർവീൺ ഭാഷാപ്രതിജ്ഞ ചൊല്ലി കൊടുക്കും. എഡിഎം റെജി പി ജോസഫ്, ഐആൻഡ്പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി പി സുലഭകുമാരി, ഗ്രന്ഥശാലാ സംഘം സെക്രട്ടറി കെ എൻ ഹരി, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ ഗീത എന്നിവർ ആശംസ നേരും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ് സ്വാഗതവും അസി. എഡിറ്റർ പി പി വിനീഷ് നന്ദിയും പറയും.
നവംബർ രണ്ടിന് വൈകീട്ട് നാലിന് പൂങ്കുന്നം ലൈബ്രറി ഹാളിൽ മലയാളം: കഥ, കവിത, വർത്തമാനം എന്ന വിഷയത്തിൽ സംവാദം നടക്കും. കഥാകൃത്ത് ഫ്രാൻസിസ് നൊറോണ, കവി എം എസ് ബനേഷ്, കവയത്രി ആർ ലോപ എന്നിവർ പങ്കെടുക്കും. നവംബർ നാലിന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഡോക്യൂമെന്ററി ഫെസ്റ്റിവലും നവംബർ അഞ്ചിന് രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജീവനക്കാർക്കായി പ്രശ്‌നോത്തരി സംഘടിപ്പിക്കും. മത്സരത്തിൽ ഒരു വകുപ്പിൽ നിന്നും രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. നവംബർ ഒന്നു മുതൽ ഏഴ് വരെയാണ് ഭരണഭാഷാവാരം.
 

date