Skip to main content

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച്:  ജില്ലാ കലക്ടര്‍ 

അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് നടത്തുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.   സമ്മേളന നഗരിയില്‍ പ്ലാസ്റ്റിക്, പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ് എന്നിവയുടെ എന്നിവയുടെ ഉപയോഗം അനുവദിക്കില്ല. സമ്മേളന സ്ഥലത്തെ കച്ചവടക്കാര്‍ക്ക് പ്ലാസ്റ്റിക് വില്‍പ്പന പാടില്ലെന്ന നിബന്ധനയോടെയാവണം ലൈസന്‍സ് നല്‍കേണ്ടതെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഫെബ്രുവരി നാല് മുതല്‍ 11 വരെ പമ്പ മണല്‍പ്പുറത്താണ് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുക.
    സമ്മേളന സമയത്ത് നിയന്ത്രിതമായ അളവില്‍ മാത്രമേ ഡാമില്‍ നിന്ന് വെള്ളം തുറക്കുന്നുള്ളുവെന്ന കാര്യം പരിശോധിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിനോട് കലക്ടര്‍ നിര്‍ദേശിച്ചു. സമ്മേളന നഗരിയിലേക്കുള്ള താത്കാലിക പാലത്തിന്‍റെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തണം. റോഡിന്‍റെ ഇരുവശത്തുമുള്ള കാടുകളും പടര്‍പ്പുകളും നീക്കം ചെയ്യാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. സമ്മേളനത്തിലെത്തുന്നവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും ചെറുകോല്‍പ്പുഴയിലേക്ക് ആവശ്യത്തിന് സര്‍വീസുകള്‍ നടത്തണം. രാത്രി പത്തിന് അവസാന സര്‍വീസ് ഉണ്ടായിരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
    അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ സമ്മേളനത്തോട് അനുബന്ധിച്ച് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം.പ്രദേശത്ത് യാചക നിരോധനം ഏര്‍പ്പെടുത്തണം. റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള അനധികൃത കച്ചവടം നിര്‍ത്തണം. വഴിവിളക്കുകള്‍ തെളിക്കുന്നതിന് കെഎസ്ഇബിയുമായി ചേര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഫെബ്രുവരി രണ്ടിന് ചേരും. 
    യോഗത്തില്‍ തിരുവല്ല ആര്‍ഡിഒ ടി.കെ.വിനീത്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി റ്റി എബ്രഹാം, ഹിന്ദുമഹാമണ്ഡലം വൈസ് പ്രസിഡന്‍റ് മാലേത്ത് സരളാദേവി, സെക്രട്ടറി എം പി ശശിധരന്‍ നായര്‍, ജോ. സെക്രട്ടറി ഡി രാജഗോപാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                            (പിഎന്‍പി 80/18)

date