Skip to main content

സാരഥി, സർഗവായന സമ്പൂർണവായന: വിദ്യാഭ്യാസമേഖലയിൽ രണ്ടു പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

* ഉദ്ഘാടനം നാലിന് മുഖ്യമന്ത്രി നിർവഹിക്കും
2019-20 വർഷത്തിൽ വിദ്യാഭ്യാസമേഖലയിൽ രണ്ടു പുതിയ പദ്ധതികളുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. സ്‌കൂളുകളിൽ ബസ് വാങ്ങി നൽകുന്ന 'സാരഥി', സമ്പൂർണ ക്ലാസ് റൂം ലൈബ്രറിയുള്ള ജില്ലയാക്കാൻ 'സർഗവായന, സമ്പൂർണവായന' എന്നീ പദ്ധതികൾക്കാണ് തുടക്കമാകുന്നത്. ബസുകൾ സ്‌കൂളുകൾക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം നാലിന് മുഖ്യമന്ത്രി പിണറായി വിജയനും, ക്ലാസ് റൂം ലൈബ്രറിയുടെ അഞ്ചുലക്ഷം പുസ്തകങ്ങൾ ഏറ്റുവാങ്ങൽ പരിപാടിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 26 സർക്കാർ സ്‌കൂളുകളിൽ ബസ് വാങ്ങിനൽകുന്നതിനാണ് 'സാരഥി' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പിന്നാക്കമേഖലകളിലെ വിദ്യാർഥികളുടെ യാത്രാ സൗകര്യം വർധിപ്പിക്കാനും സുരക്ഷിതമാക്കാനുമാണ് പദ്ധതി. പ്രത്യേകിച്ച് മലയോര, ആദിവാസി മേഖലകളിലെ വിദ്യാർഥികൾക്ക് ഇത് ഗുണകരമാകും. സ്‌കൂൾ ബസുകളുടെ ആവർത്തന പരിപാലന ചെലവുകൾ അതത് സ്‌കൂൾ പി.ടി.എകൾ നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അറിയിച്ചു. തിരുവനന്തപുരം ജില്ലയെ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി ഉള്ള ജില്ലയാക്കാനുള്ള പദ്ധതിയാണ് 'സർഗവായന, സമ്പൂർണവായന'. ജില്ലയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ ലൈബ്രറി സജ്ജമാക്കുകയും വിവിധതലങ്ങളിൽ വായനാ അനുബന്ധ പരിപാടികളും വായനോത്സവവും സംഘടിപ്പിക്കൽ, വിദ്യാർഥികളിൽ വായനാ സംസ്‌കാരം വളർത്തിയെടുക്കൽ തുടങ്ങിയവയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലാകെ 988 പൊതുവിദ്യാലയങ്ങളാണുള്ളത്. ജില്ലയിലെ സ്‌കൂളുകളിൽ കേരളപ്പിറവി ദിവസം മുതൽ ഒരാഴ്ചക്കാലമാണ് പുസ്തകസമാഹരണ യജ്ഞം നടത്തുന്നത്. സ്‌കൂൾ തലത്തിൽ രൂപീകരിച്ച സമിതികളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ ചെറുസംഘങ്ങൾ പ്രദേശത്തെ പ്രധാന വ്യക്തികളുടെ വീട് സന്ദർശിച്ച് പദ്ധതിക്കായി പുസ്തകങ്ങൾ ശേഖരിക്കും. പുസ്തകം സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്‌കൂൾ തലത്തിൽ സജ്ജീകരിക്കുക, പ്രാദേശിക വായനാശാലകളുടെ വിഭവങ്ങൾ സ്‌കൂൾ വിദ്യാഭ്യാസത്തിന് പ്രയോജനപ്പെടുത്തുക, കുട്ടികളുടെ വായനയിൽ സമൂഹ പിന്തുണ ഉറപ്പാക്കുക, ക്ലാസ് ലൈബ്രറി ചിട്ടപ്പെടുത്തി അധിക വാനയിലേക്കും സ്വതന്ത്ര വായനയിലേക്കും കുട്ടികളെ നയിക്കാൻ അധ്യാപകവെ സജ്ജമാക്കുക തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നാലു വർഷത്തിനിടെ 130 കോടി രൂപയുടെ വിവിധ പദ്ധതികളാണ് വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കിയത്. നാലിന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ആസൂത്രണബോർഡ് അംഗം കെ.എൻ. ഹരിലാൽ, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻബാബു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.3946/19

date