Skip to main content
കല്‍പ്പറ്റ മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതി കേരള ഹൈക്കോടതി ജഡ്ജ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യുന്നു.    

കല്‍പ്പറ്റ മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതി യാഥാര്‍ത്ഥ്യമായി

ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജില്ലയ്ക്ക് പിറന്നാള്‍ മധുരമായി കല്‍പ്പറ്റ മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതി യാഥാര്‍ത്ഥ്യമായി. ജില്ലാ കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ആവശ്യത്തിന് കോടതികളില്ലാത്തത് നീതി ലഭിക്കാന്‍ കാലത്താമസ മുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയ ബാധിതര്‍ക്കുളള ദുരിതാശ്വാസ ധനസഹായവും ജഡ്ജ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ വിതരണം ചെയ്തു.

   ജുഡിഷ്യല്‍ ഹെഡ്ക്വാര്‍ട്ടേസില്‍ മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയില്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായിരുന്നു വയനാട്. ആഗസ്റ്റ് 24-നാണ് സംസ്ഥാന സര്‍ക്കാര്‍ കല്‍പ്പറ്റ മുന്‍സിഫ് കോടതിയെ മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയായി ഉയര്‍ത്തി ഉത്തരവിറക്കിയത്. ഇതിനായി നാല് അധിക തസ്തികകളും സൃഷ്ടിച്ചു. എം.സി ബിജുവാണ് കല്‍പ്പറ്റ മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയുടെ മുന്‍സിഫ് മജിസ്‌ട്രേറ്റ്.  കമ്പളക്കാട്, വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലെ സിവില്‍, മജിസ്‌ട്രേറ്റ് കേസുകള്‍ ഇനി മുതല്‍ പുതിയ കോടതിയുടെ പരിധിയിലായിരിക്കും. ജില്ലാ കോടതി സമുച്ചയത്തിലാണ് മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയുടെ പ്രവര്‍ത്തനം. ജില്ലാ ആസ്ഥാനത്ത് കോടതി യാഥാര്‍ത്ഥ്യമാകുന്നതോടെ നിലവിലെ ദൂരപരിധിയടക്കമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും. കല്‍പ്പറ്റയില്‍ കൂടി സബ് കോടതിവേണമെന്ന ആവശ്യമാണ് ഇനി അവശേഷിക്കുന്നത്.  

   കേസുകളില്‍ വളരെ വേഗം തീര്‍പ്പു കല്പിച്ച് ജില്ലയെ മോഡല്‍ ജ്യുഡിഷ്യല്‍ ജില്ലയാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.പി ജോണ്‍ പറഞ്ഞു. കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ വിവിര സാങ്കേതിക വിദ്യയുടെ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോടതികള്‍ നീതി നിഷേധിക്കപ്പെടുന്നവരുടെ ആദ്യ അത്താണിയായി മാറണമെന്നും അതിനു കൂടുതല്‍ കോടതികള്‍ ആവശ്യമാണെന്നും ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എം.പി ജയരാജ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മോട്ടോര്‍ അക്‌സിഡന്റ്‌സ് ക്ലെയീംസ് ട്രൈബുണല്‍ കെ. ബൈജുനാഥ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.എം രാജീവ്, ഗവണ്‍മെന്റ് പ്ലീഡര്‍ ജോസഫ് മാത്യു, ജില്ലാ കോടതി ശിരിസ്തദാര്‍ കെ. സത്യ സജീവ്, അഡ്വക്കേറ്റ് ക്ലര്‍ക്ക്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

  

date