Skip to main content

മലനാട് റിവര്‍ ക്രൂയിസ് ടൂറിസം യാഥാര്‍ഥ്യത്തിലേക്ക്; ആദ്യ പദ്ധതി നവംബറില്‍ തുടങ്ങും

ഉത്തരമലബാറിന്റെ വിനോദസഞ്ചാര മേഖലയില്‍ പുതിയ കുതിപ്പിന് വഴിയൊരുക്കുന്ന മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി യാഥാര്‍ഥ്യമാവുന്നു. പദ്ധതിയുടെ ഭാഗമായ പഴയങ്ങാടി ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ നടത്താന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മോണിറ്ററിംഗ് സമിതി യോഗം തീരുമാനിച്ചു. 2020 ഏപ്രില്‍ മാസത്തോടെ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ പ്രവൃത്തി ആരംഭിച്ച മറ്റ് 12 പദ്ധതികളും പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, ടൂറിസം മേഖലാ ജോയിന്റ് ഡയരക്ടര്‍ സി എന്‍ അനിത കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ മയ്യഴി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി, വലിയപറമ്പ്, ചന്ദ്രഗിരി തുടങ്ങിയ പുഴകളെയും അനുബന്ധ ജലാശയങ്ങളെയും തീരപ്രദേശങ്ങളിലെ കലാ-സാംസ്‌കാരിക പൈതൃകങ്ങളെയും കൂട്ടിയിണക്കിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി 325 കോടി രൂപ ചെലവില്‍ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
ഇതില്‍ സംസ്ഥാന പദ്ധതിയുടെ ഭാഗമായി രണ്ട് ജില്ലകളിലായി ആകെ 53.07 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ 14 പദ്ധതികള്‍ക്കായി 40.82 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പഴയങ്ങാടി ബോട്ട് ടെര്‍മിനലിന്റെ പ്രവൃത്തികള്‍ 95 ശതമാനവും പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനലിന്റെ പ്രവൃത്തി മുക്കാല്‍ ഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. മറ്റിടങ്ങളിലെയും ബോട്ട് ജെട്ടി, ബോട്ട് ടെര്‍മിനല്‍, വാക്ക് വേ തുടങ്ങിയവയുടെ നിര്‍മാണവും അവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പുരോഗമിച്ചു വരികയാണ്.
ഇതിന് പുറമെ തളിപ്പറമ്പ്, അഴിക്കോട്, കല്യാശേരി മണ്ഡലങ്ങളിലായി കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ നിന്നും സ്വദേശ് ദര്‍ശന്‍ സ്‌കീമില്‍ പെടുത്തി 80.37 കോടിയുടെ പദ്ധതികള്‍ക്കും ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്. അഴീക്കോട്, വളപട്ടണം, മലപ്പട്ടം, കൊളച്ചേരി, നാറാത്ത്, ചപ്പാരപ്പടവ്, പാപ്പിനിശ്ശേരി, ചെറുകുന്ന്, പട്ടുവം, ഏഴോം, മാടായി, മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്തുകളിലും തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭയിലുമായി  നടപ്പിലാക്കുന്ന പദ്ധതിയില്‍ 28 ബോട്ട് ജെട്ടികള്‍ /ടെര്‍മിനലുകള്‍, നടപ്പാതകള്‍, ബോട്ട് റിപ്പയറിംഗ് യാര്‍ഡ്, ബോട്ട് റേസ് ഗ്യാലറി, കരകൗശല വിദഗ്ധരുടെ ആല, പാചക പ്രദര്‍ശന കേന്ദ്രം, ഫുഡ് കോര്‍ട്ട്, ബയോ ടോയ്‌ലറ്റ്, പാര്‍ക്കിംഗ് യാര്‍ഡ്, തെയ്യം പെര്‍ഫോമിംഗ് യാര്‍ഡ്, സൈക്കിള്‍ ട്രാക്ക് തുടങ്ങിയവ ഉള്‍പ്പെടും.
പദ്ധതികള്‍ക്കായി സ്ഥലം വിട്ടുനല്‍കിക്കൊണ്ട് പ്രമേയം പാസാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡിഡിപി, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേരും. പദ്ധതിക്കായി വിട്ടുനല്‍കിയ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങള്‍ സര്‍ക്കാരിന് വിട്ടുനല്‍കുന്നതിനുള്ള റിലിംഗ്വിഷ്‌മെന്റ് നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പദ്ധതിക്കായി തീരദേശ സംരക്ഷണ നിയമപ്രകാരമുള്ള സിആര്‍സെഡ് ക്ലിയറന്‍സ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ യോഗം കിറ്റ്‌കോ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 11ന് തിരുവനന്തപുരത്ത് മന്ത്രിതല യോഗം ചേരും.
യോഗത്തില്‍ എംഎല്‍എമാരുടെ പ്രതിനിധികള്‍, ടൂറിസം, ഇന്‍ലാന്റ് നാവിഗേഷന്‍, കെഎസ്‌ഐഎന്‍സി, കെല്‍ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

date