Skip to main content

ജീവനാണ്, വലിച്ചെറിയരുത് ക്യാമ്പയിന്‍; കുട്ടികള്‍ക്ക് ആത്മവിശ്വാസമേകാന്‍ കൗണ്‍സിലര്‍മാര്‍ക്ക് കഴിയണം: കെ വി സുമേഷ്

കുട്ടികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകരാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കും അധ്യാപകര്‍ക്കും കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്. ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് മാസത്തിനിടെ ഏഴ് വിദ്യാര്‍ഥികളാണ് ജില്ലയില്‍ ആത്മഹത്യ ചെയ്തത്. കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി 'ജീവനാണ് അത് വലിച്ചെറിയരുത്' എന്ന ബൃഹത് ക്യാമ്പയിന് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു കഴിഞ്ഞു. ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും ജീവന്‍ വലിച്ചെറിയാനുള്ളതല്ല എന്നുമുള്ള സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തായാലും അത് സ്‌കൂള്‍ കൗണ്‍സിലര്‍മാരോടും അധ്യാപകരോടും തുറന്നുപറയാനുള്ള ആത്മവിശ്വാസം അവര്‍ക്ക് പകര്‍ന്ന് കൊടുക്കണം. ഇതിനായി നവംബര്‍ 10 നകം ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലത്തില്‍ ക്ലാസ് അധ്യാപകനും സ്‌കൂള്‍ കൗണ്‍സിലറും സംയുക്തമായി അതത് ക്ലാസുകളെ അഭിസംബോധന ചെയ്ത് സംസാരിക്കണം. അഭിമാന ഭയം കൊണ്ടോ ഒറ്റപ്പെട്ടെന്ന തോന്നലുകൊണ്ടോ ഒരു കുട്ടിയും ജീവിതം അവസാനിപ്പിക്കരുതെന്നും പ്രശ്‌നങ്ങള്‍ തുറന്നുപറയാനും പരിഹാരം കാണാനും കൂടെയുണ്ടാകുമെന്ന തിരിച്ചറിവ് കുട്ടികളിലേക്ക് എത്തണമെന്നും കെ വി സുമേഷ് പറഞ്ഞു.
നവംബറോടെ ക്യാമ്പയിനിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അത് തരണം ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കുന്നതിനോടൊപ്പം സ്‌കൂള്‍ തലത്തില്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. നവംബര്‍ 13 ന് ജില്ലാതലത്തില്‍ പ്രധാനധ്യാപകര്‍, പിടിഎ പ്രസിഡണ്ടുമാര്‍ എന്നിവരുടെ യോഗം ചേരും. സ്‌കൂളുകളില്‍ കൗണ്‍സലിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. ജില്ലാ പഞ്ചായത്ത്, വനിതാ ശിശുവികസന വകുപ്പ്, വണ്‍സ്റ്റോപ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശോഭ, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, പി വിനീത, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി സുലജ, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എം പി അബ്ദുറഹ്മാന്‍, ജില്ലാ മെന്റല്‍ ഹെല്‍ത്ത് പോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ഗൗരവ് ശങ്കര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മുഹമ്മദ് റബീഹ്, സഖി വണ്‍സ്‌റ്റോപ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആതിര ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

date