Skip to main content

സമൂഹത്തില്‍ തുല്യനീതി ബോധമുണ്ടാകണം: കെ വി സുമേഷ് പട്ടികജാതി പട്ടികവര്‍ഗ നിയമം- ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

സമൂഹത്തില്‍ തുല്യമായ നീതിബോധം ഉണ്ടാകണമെന്നും വളരെ ഗൗരവമേറിയ സാമൂഹ്യശ്രദ്ധയും ഇടപെടലും ആവശ്യമായ കാര്യങ്ങളാണ് സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമം 1989 ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തെ സംരക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നില്ല. ഇത്തരം ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് ഭരണഘടനയില്‍ പ്രത്യേകമായ നിയമങ്ങളും പരിഗണനയും നല്‍കിയിരിക്കുന്നത്. പ്രമോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ നിയമങ്ങളെക്കുറിച്ചും നിയമ സംവിധാനത്തെക്കുറിച്ചും കൃത്യമായി പഠിച്ച് ജനങ്ങളിലേക്ക് എത്തിക്കണം. സാമൂഹ്യപരമായ എല്ലാ അതിക്രമങ്ങളെയും നിയമപരമായി നേരിടാനുള്ള കരുത്ത് എല്ലാവരും നേടേണ്ടതുണ്ടെന്നും കെ വി സുമേഷ് പറഞ്ഞു.
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ഭരണഘടനയിലെ പൗരാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി രൂപീകരിച്ച പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമം 1989  ഫലപ്രദമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചത്. പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമം-പൊലീസ് നടപടികള്‍ എന്ന വിഷയത്തില്‍ ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായിക്കും പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമം- നിയമ പരിരക്ഷകള്‍, കോടതി നടപടി ക്രമങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. പി ആര്‍ രാജന്‍കുട്ടിയും ക്ലാസെടുത്തു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ കെ ഷാജു, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം ഇ ഗംഗാധരന്‍, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ മനോഹരന്‍, പോലീസ് ഉദ്യോഗസ്ഥര്‍, എസ് സി- എസ് ടി പ്രൊമോട്ടര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date