Skip to main content

ഇരുപതാണ്ടിന് ശേഷം അരിയില്‍ പാടത്ത് കൊയ്ത്തുത്സവം

ഇരുപതാണ്ടിന്റെ ഇടവേളക്ക് ശേഷം കതിരണിഞ്ഞ പട്ടുവം അരിയില്‍ പാടശേഖരത്തിന് ആഘോഷമായി കൊയ്ത്തുത്സവം. ജില്ലാപഞ്ചായത്തിന്റെ കതിരണിപ്പാടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടുവം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് അരിയില്‍ പാടശേഖരസമിതിയുടെ കീഴിലുള്ള അരിയില്‍ കൈപ്പാട് പ്രദേശത്തെ അമ്പതേക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തിയത്. അമിത കൂലി ചെലവും കൃഷിയോടുള്ള താല്‍പര്യക്കുറവും മൂലം കൈപ്പാട് പ്രദേശങ്ങള്‍ തരിശിടുന്ന അവസ്ഥയായിരുന്നു. ഇതിന് പരിഹാരമായാണ് തരിശ് രഹിത കൈപ്പാട് പ്രദേശം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലാപഞ്ചായത്ത് കതിരണിപ്പാടം പദ്ധതി നടപ്പിലാക്കിയത്.
അരിയില്‍ പാടശേഖരത്ത് നടന്ന കൊയ്ത്തുത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലക്കു തന്നെ അഭിമാനമാകുന്ന ഈ പദ്ധതി കൂടുതല്‍ ഫലപ്രദമാക്കി വ്യാപിപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ജില്ലാപഞ്ചായത്തംഗം അന്‍സാരി തില്ലങ്കേരി, ബ്ലോക്ക് പഞ്ചായത്തംഗം ടി ലത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ വിജയന്‍, എസ് പി സൈനബ, കെ ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date