Skip to main content

ഏറ്റുമാനൂരില്‍ വിപുല സൗകര്യങ്ങള്‍ ഉറപ്പാക്കും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറ്റുമാനൂര്‍ ഇടത്താവളത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഏറ്റുമാനൂരില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലേക്കുള്ള യാത്രക്കിടയില്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും വിരി വയ്ക്കുന്നതിനും മതിയായ സൗകര്യങ്ങളുണ്ടാകും. കുടിവെള്ളവും, ശുചിമുറി സൗകര്യവും ഉറപ്പാക്കും.  
 

നിലവിലുള്ള ശുചിമുറികള്‍ക്കു പുറമേ പത്ത്  ബയോ ടോയ്ലെറ്റുകളും മാലിന്യ ശേഖരണ ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്‍റെ ഓഡിറ്റോറിയം ഉള്‍പ്പെടെ താമസ സൗകര്യമുള്ള കെട്ടിടങ്ങള്‍ വിശ്രമ കേന്ദ്രങ്ങളാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂമും സി.സി.റ്റി.വി കാമറകളും സജ്ജമാക്കും. വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കും.
 

 തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തുന്നതിനും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന അന്വേഷണ കൗണ്ടര്‍ തുറക്കുന്നതിനും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
 

ബസ് സര്‍വ്വീസ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അഡ്വ. സുരേഷ് 

കുറുപ്പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡും മുനിസിപ്പല്‍ അധികൃതരും ചേര്‍ന്ന് രൂപരേഖ തയ്യാറാക്കും.
ഭക്തര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് ആരോഗ്യ വകുപ്പ് സംവിധാനമേര്‍പ്പെടുത്തും. ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കും. ഹോട്ടലുകളിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും.

 

വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഏകോപിപ്പിക്കും. ഹരിത നിയമാവലി കൃത്യമായി പാലിച്ചും പരാതികള്‍ക്ക് ഇട വരാതെയും തീര്‍ത്ഥാടന കാലം പൂര്‍ത്തികരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
 

ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അഡ്വ. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എന്‍. വിജയകുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, അഡ്വക്കേറ്റ് കമ്മീഷണര്‍ എ.എസ്.പി. കുറുപ്പ്, ദേവസ്വം  കമ്മീഷണര്‍ എന്‍. ഹര്‍ഷന്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date