കുറ്റിപ്പുറം പാലം: അറ്റകുറ്റ പണികള്‍ നവംബര്‍ ആറിന് തുടങ്ങും രാത്രി 9 മുതല്‍ രാവിലെ ആറ് വരെ രാത്രി യാത്ര നിരോധിക്കും
ശബരിമല തീര്‍ത്ഥാടന സമയത്തിന് മുന്നോടിയായി അറ്റകുറ്റ പണികള്‍ക്കായി മിനി പമ്പയോട് ചേര്‍ന്ന ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂര്‍ണമായി നിര്‍ത്തിവെക്കും. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറു വരെയാണ് ഗതാഗതം നിര്‍ത്തിവെക്കുക. മിനി പമ്പയില്‍ സുരക്ഷാ ക്രമീകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായത്. ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്നതിന് മുന്നോടിയായി പ്രവൃത്തി പൂര്‍ത്തീകരിക്കല്‍ അനിവാര്യമായതിനാലും കാലാവസ്ഥ അനുകൂലമായതും പരിഗണിച്ചാണ് നവംബര്‍ ആറിന് തന്നെ പ്രവൃത്തി തുടങ്ങാന്‍ തീരുമാനിച്ചത്.
ഗതാഗതം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതുവഴി പോകേണ്ട യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമാന്തര പാതകള്‍ സംബന്ധിച്ചും റോഡ് തിരിഞ്ഞ് പോകേണ്ട പ്രധാന സ്ഥലങ്ങളില്‍ ദിശാ സൂചികകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ധാരണയായിരുന്നു.
ടാര്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത മിശ്രിതം മൂന്ന് മണിക്കൂറോളം ചൂടാക്കി രണ്ട് മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളിലെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നത്. ദിവസവും മുന്നൂറ് ചതുരശ്ര അടി പാതയാണ് അറ്റകുറ്റപ്പണി നടത്തുക. ഇതോടൊപ്പം മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇന്റര്‍ ലോക്ക് ചെയ്ത് നവീകരിക്കും. മിനി പമ്പയിലെ പാതയോരത്തുള്ള ആല്മരത്തില് നിന്നും തുടര്‍ച്ചയായി വെള്ളം വീണ് ടാറിളകി റോഡ് തകരുന്നതിന് ശാശ്വത പരിഹാരമായാണ് ഇന്റര്‍ ലോക്ക് കട്ടകള്‍ പതിക്കുന്നത്.
ഗതാഗത നിരോധനമുള്ള രാത്രി സമയങ്ങളില്‍ കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍ നിന്ന് കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍ നിന്നും പട്ടര്‍നടക്കാവ് -തിരുന്നാവായ- ബി.പി അങ്ങാടി- ചമ്രവട്ടം വഴിയോ പോകണം. തൃശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍ നിന്ന് തിരിഞ്ഞ് പൊന്നാനി - ചമ്രവട്ടം വഴിയും പോകണം.
- Log in to post comments