Skip to main content

ശബരിമല തീര്‍ത്ഥാടനം: മിനി പമ്പയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കും

    ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പ ക്ഷേത്ര പരിസരങ്ങളിലും സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ടോയ്‌ലറ്റ് സംവിധാനം, ബാരിക്കേഡുകള്‍ സ്ഥാപിക്കല്‍, ലൈഫ് ഗാര്‍ഡുകളുടെ നിയമനം, വെളിച്ച സംവിധാനം, മെഡിക്കല്‍ ടീമുകളെ വിന്യസിക്കല്‍, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് നവംബര്‍ 11 ന് മിനി പമ്പയില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്താനും തീരുമാനിച്ചു. 
    അടിസ്ഥാന സൗകര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും സ്‌പെഷ്യല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണിനെയും മുഴുവന്‍ സമയ കോര്‍ഡിനേറ്ററായി പൊന്നാനി താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. സുരേഷിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ദിവസവും വൈകുന്നേരങ്ങളില്‍ എല്ലാ വകുപ്പുകളുടെയും യോഗങ്ങള്‍ മുഴുവന്‍ സമയ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ കൂടണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
    കുറ്റിപ്പുറം പാലത്തിന്റെ അറ്റകുറ്റപ്പണികളുള്‍പ്പടെ മണ്ഡല കാലത്തിന് മുന്നോടിയായി ജില്ലയിലെ എല്ലാ പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സീബ്രാ ലൈനുകള്‍ സിഗ്‌നലുകള്‍ എന്നിവയും സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പ ക്ഷേത്ര പരിസരങ്ങളിലും സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 
    ബാരിക്കേഡുകള്‍ സ്ഥാപിക്കുക, ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കുക, വെളിച്ച സംവിധാനം ഒരുക്കുക, നിലവിലെ ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുക എന്നിവയുടെ ചുമതലയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിനുള്ളത്. പുഴയുടെ ആഴം പരിശോധിച്ച് ഭക്ത•ാര്‍ക്ക് ഇറങ്ങാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നതോടൊപ്പം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ഡല കാലം അവസാനിക്കുന്നത് വരെ ബോട്ട് സര്‍വ്വീസ് ഉപയോഗപ്പെടുത്താനും ഡി.ടി.പി.സി.ക്ക് നിര്‍ദ്ദേശം നല്‍കി.
    തീര്‍ത്ഥാടകര്‍ക്കായി നിലവിലുള്ള ടോയ്‌ലറ്റുകള്‍ക്ക് പുറമെ ഇരുപതോളം ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാനാണ് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചത്.  തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുകയാണെങ്കില്‍ ടോയ്‌ലറ്റുകളുടെ കുറവ് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് താല്‍ക്കാലികമായി ബയോ ടോയ്‌ലറ്റുകള്‍ അടിയന്തിരമായി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിന് ജില്ലാശുചിത്വ മിഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
     കുടിവെള്ളം, ഭക്ത•ാര്‍ക്ക് വിരിവെക്കാനായി പന്തല്‍, പരിസര ശുചീകരണം എന്നിവ തവനൂര്‍ പഞ്ചായത്താണ് ഏര്‍പ്പെടുത്തുക. മാലിന്യ സംസ്‌കരണം, ഹരിതനിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തല്‍ തുടങ്ങിയവ തവനൂര്‍ ഗ്രാമ പഞ്ചായത്തും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്നാണ് നിര്‍വ്വഹിക്കേണ്ടത്.
    ശബരിമല സീസണില്‍ മിനി പമ്പയില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും മിനി പമ്പ ചമ്രവട്ടം വഴി ശബരിമലയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വ്വീസ് ആരംഭിക്കുന്നതിനും ആര്‍.ടി.ഒ, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.
    മിനി പമ്പയിലും പരിസരങ്ങളിലുമുള്ള കടകളില്‍ ഭക്ഷണ സാധനങ്ങളുടെ വില വിവരപട്ടിക നിര്‍ബന്ധമായും സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പിനെയും ജില്ലാ സപ്ലൈ ഓഫീസറെയും ചുമതലപ്പെടുത്തി. ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും തടയുന്നതിനായി ജില്ലാ പൊലീസ് മേധാവിയെയും ഡെപ്യൂട്ടി എക്‌സൈസ് കമീഷണറെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അനധികൃത കച്ചവട സ്ഥാപനങ്ങളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യാനും നിര്‍ദ്ദേശമുണ്ട്.  
    കുറ്റിപ്പുറം മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പ ക്ഷേത്ര പരിസരങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കാനും ദിവസവും പത്ത് പൊലീസുകാരെ വീതം ഡ്യൂട്ടിക്ക് നിയമിക്കാനും കൂടാതെ ആവശ്യമെങ്കില്‍ ട്രോമകെയര്‍ ഉള്‍പ്പടെ സന്നദ്ധ സേവകരെ ഉപയോഗിക്കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ 24 മണിക്കൂറും ഫയര്‍ ആന്റ് റെസ്‌ക്യു ടീമിന്റെ സേവനവും ലഭ്യമാക്കും.
    മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ എയ്ഡ് പോസ്റ്റ് ക്രമീകരിക്കാനും രാവിലെ ആറ് മതല്‍ ഒമ്പത് വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഒമ്പത് വരെയും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍രുടെയൊ ആവശ്യമെങ്കില്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെയോ സേവനം ഉപയോഗപ്പെടുത്താനാണ് ജില്ലാ മെഡിക്കല്‍ ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മകര വിളക്കിനോടനുബന്ധിച്ച് തിരക്കേറിയ ദിവസങ്ങളില്‍ മുഴുവന്‍ സമയവും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനും തീരുമാനമായി. കൂടാതെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് സേവനവും ഒരുക്കും.
    മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കുന്ന പ്രത്യേകം കണ്‍ട്രോള്‍ റൂം സേവനം ഉപയോഗിച്ച് മെക്കാനിക്കുകളുടെയോ മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കോ തീര്‍ത്ഥാടകര്‍ക്ക് ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. വട്ടപ്പാറയിലെ നിലവിലെ എയ്ഡ് പോസ്റ്റിനോടനുബന്ധിച്ചും മിനി പമ്പയിലും കോട്ടക്കലിലുമടക്കം മൂന്നോളം പ്രത്യേകം ക്യാമ്പ് ഓഫീസുകളാണ് വകുപ്പ് ഒരുക്കുന്നത്. രാമനാട്ടുകര മുതല്‍ ചങ്ങരംകുളം വരെയുള്ള ജില്ലയിലെ 72 കിലോമീറ്റര്‍ പരിധിയില്‍ ആകെ ഒമ്പത് സ്‌ക്വാഡുകളില്‍ മൂന്ന് സ്‌ക്വാഡുകളാണ് ഒരേ സമയം സേവനത്തിനായുണ്ടാവുക.  
    എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പൊലീസ് മേധാവി യു. അബദുല്‍ കരീം, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍ തഹസില്‍ദാര്‍മാര്‍ വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date