Skip to main content

വട്ടപ്പാറയെ സംബന്ധിച്ച് ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവത്കരണം ആവശ്യം

    വട്ടപ്പാറയില്‍ വര്‍ദ്ധിച്ചു വരുന്ന ടാങ്കര്‍ ലോറി അപകടങ്ങള്‍ കുറക്കാനും റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം, മോട്ടോര്‍ വാഹന വകുപ്പ്, ചേളാരി ഐ.ഒ.സി പ്ലാന്റ് അധികൃതര്‍, പോലീസ് മേധാവി എന്നിവരുടെ യോഗത്തില്‍ സുരക്ഷ സംബന്ധിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
    ഐ.ഒ.സിയിലെ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് വട്ടപ്പാറ വളവിന്റെ പ്രത്യേക ഘടന സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ മേഖലയെ സംബന്ധിച്ച് പരിചയമില്ലാത്തത് അപകടത്തിനിടയാക്കുന്നുണ്ട്. വാഹനങ്ങളുടെ വേഗതയും നിയന്ത്രണ വിധേയമാക്കണം. ജി.പി.എസ് സംവിധാനം വഴി വാഹനത്തിന്റെ സ്ഥല വിവരങ്ങളും മറ്റും അറിയുന്നതിനും വട്ടപ്പാറയില്‍ എത്തുന്നത് സംബന്ധിച്ച് എയ്ഡ് പോസ്റ്റില്‍ മുന്‍കൂട്ടി വിവരം അറിയുന്നതിനും സംവിധാനം ഒരുക്കുന്നത് സംബന്ധിച്ചും ഐ.ഒ.സി അധികൃതരുമായി ചര്‍ച്ച നടത്തി. വട്ടപ്പാറ മുകളിലെ എയ്ഡ് പോസ്റ്റില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമാകും വാഹനത്തിന് തുടര്‍ന്ന് പോകാനുള്ള അനുമതി ലഭിക്കുക. ഈ സംവിധാനം എല്ലാ വാഹനങ്ങളിലും ലഭ്യമാക്കുന്നതിനായി ഒരു മാസമാണ് ഐ.ഒ.സി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
    കൂടാതെ വട്ടപ്പാറ മുകളില്‍ എയ്ഡ് പോസ്റ്റിന് സമീപം സ്റ്റഡുകള്‍ സ്ഥാപിക്കാനും പ്രധാന വളവിലെ തകര്‍ന്ന ഭിത്തി പുനര്‍ നിര്‍മിക്കാനും പൊതുമരാമത്ത് ദേശീയ പാത വിഭാഗത്തിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, ഡെപ്യുട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.
 

date