Skip to main content

ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരം സത്രിയ നർത്തകി ഗുരു ഇന്ദിര പി.പി.ബോറയ്ക്ക്

നടനകലകളുടെ വളർച്ചയ്ക്ക് ജീവിതമർപ്പിച്ച മഹാപ്രതിഭകൾക്കുളള ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം 2019ൽ വിഖ്യാത സത്രിയ നർത്തകി ഗുരു ഇന്ദിര പി.പി.ബോറയ്ക്ക് നൽകും. സാംസ്‌കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ആണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്.
നൃത്തകലയിൽ ഗുരുഗോപിനാഥിനുണ്ടായിരുന്ന കാഴ്ചപ്പാടിലെ സമാനതയും അസമിന്റെ പാരമ്പര്യ നൃത്തകലയായ സത്രിയയ്ക്കു ലോകപ്രചാരം നേടിക്കൊടുക്കുന്നതിൽ അരനൂറ്റാണ്ട് കാലത്തേ സപര്യയുമാണ് ഗുരു ഇന്ദിര.പി.പി. ബോറയെ അവാർഡിന് അർഹയാക്കിയത്. 1949ൽ അസമിലെ ഗോലാഘാട്ടിൽ ജനിച്ച ഇന്ദിര ബോറ തുടക്കത്തിൽ രുഗ്മിണി ദേവി അരുണ്‌ഡേലിന്റെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിച്ചു. സത്രിയയ്ക്കു ക്ലാസിക്കൽ പദവി നേടിയെടുക്കുന്നതിലും ഈ നൃത്തത്തെ നവീകരിക്കുന്നതിലും അസാമാന്യ വൈഭവം പ്രകടിപ്പിച്ചു.
മൂന്നു ലക്ഷം രൂപ, കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരമെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. ദേശീയതലത്തിൽ അംഗീകരിച്ചിട്ടുളള ഒൻപതു നൃത്തകലകളിലെ 50 പ്രതിഭകളുടെ നാമനിർദേശങ്ങൾ കേരള കലാമണ്ഡലം വൈസ് ചാൻസിലർ ആയിരുന്ന ഡോ.കെ.ജി.പൗലോസ് ചെയർമാനായി രൂപീകരിച്ച ദേശീയ വിദഗ്ധസമിതിക്കു ലഭിച്ചിരുന്നു. വിദഗ്ധസമിതി സമർപ്പിച്ച പത്ത് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
2009 മുതൽ കേരളത്തിലെ നൃത്ത പ്രതിഭകൾക്ക് സമ്മാനിച്ചിരുന്ന ഗുരുഗോപിനാഥ് നാട്യപുരസ്‌കാരം നിലവിലുളള ഭരണസമിതി 2018 ൽ ദേശീയ പുരസ്‌കാരമായി ഉയർത്തി. പ്രഥമ പുരസ്‌കാരം മോഹിനിയാട്ടം നർത്തകി ഡോ.കനക് റെലെക്കു ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
പുരസ്‌കാര സമിതി അധ്യക്ഷ വിഖ്യാത നർത്തകി ഷാരോൺ ലോവൻ, സമിതി അംഗം കഥക് നർത്തകൻ മൈസൂർ ബി നാഗരാജ്, ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കെ.സി.വിക്രമൻ, സെക്രട്ടറി സുദർശൻ കുന്നുത്തുകാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്.3953/19

date