Skip to main content

അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തിനും തുടക്കമായി

നാളികേര ഉത്പാദനത്തില്‍ നിന്ന് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

 

നാളികേര ഉത്പാദനരംഗത്തും വില നിലവാരരംഗത്തും സംസ്ഥാനം വെല്ലുവിളി നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   നാളികേര വ്യവസായത്തിന് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനാവും. നാളികേര ഉത്പാദനത്തില്‍ നിന്ന് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സും പ്രദര്‍ശനവും ഉദ്ഘാടനം കോഴിക്കോട്  താജ് ഗേറ്റ്‌വേ ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം. നാളികേരത്തിന്റെ വ്യാവസായികമായ  ഉത്പാദനം വര്‍ദ്ധിപ്പിച്ചും മൂല്യാധിഷ്ഠിത ഉത്പന്നങ്ങളില്‍ ശ്രദ്ധ ചെലുത്തിയും മാത്രമെ ഇതു സാധിക്കു. നാളികേരത്തില്‍ നിന്ന് മൂല്യാധിഷ്ഠിത ഉത്പന്നങ്ങളുണ്ടാക്കുന്ന  സ്റ്റാര്‍ട്ട് അപുകളെ ഈ രംഗത്ത് പ്രോത്സാഹിപ്പിക്കും.  മാര്‍ക്കറ്റിങ് സാധ്യത വിപുലപ്പെടുത്തുന്നതിനായി അഗ്രോ പാര്‍ക്കുകളുണ്ടാക്കും.  വ്യവസായ ലിങ്കേജോടു കൂടിയ  കോകനട്ട് സപ്‌ളൈ ചെയിന്‍ സംവിധാനം നിലവില്‍ വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.  കേരളത്തില്‍ കേരകൃഷിയും നാളികേര ഉത്പാദനവും വര്‍ദ്ധിപ്പിക്കാനായി കോക്കനട് ഡെവലപ്‌മെന്റ്  കൗണ്‍സില്‍ തൂപീകരിച്ചിട്ടുണ്ട്. കേരകൃഷിയില്‍ നിന്നും മൂല്യാധിഷഠിത ഉത്പന്ന നിര്‍മാണത്തില്‍ നിന്നും കൃഷിക്കാര്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാനായി വിവിധ പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്. 75 തെങ്ങിന്‍ തൈ വീതം ഓരോ വാര്‍ഡിലും കൊടുക്കാന്‍ പദ്ധതിയുണ്ട്. കഴിഞ്ഞ വര്‍ഷം 500 പഞ്ചായത്തിലാണ് ഇതിന് സാധ്യമായത്. ഈ വര്‍ഷം ഈ പദ്ധതി പൂര്‍ണതയിലെത്തിക്കാന്‍ കൃഷി വകുപ്പ് ശ്രമിക്കുന്നുണ്ട്.  ഈ പദ്ധതി ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് അവസാനിക്കുന്നതല്ല, പകരം സംസ്ഥാനത്ത് ആവശ്യമായത്ര തെങ്ങുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതു വരെ പദ്ധതി തുടരും.  പാമോലിന്‍ ഇറക്കുമതി കാരണം നാളികേരത്തിന്റെ വിലയിടിയുന്ന സാഹചര്യമുണ്ട്. ഇത് കേരകൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്. കേരവുമായി ബന്ധപ്പെട്ട വികസനപരവും നയപരവുമായ കാര്യങ്ങള്‍ ഈ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും നാളികേര വികസന ബോര്‍ഡും സംയുക്തമായി  സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍ അദ്ധ്യക്ഷനായിരുന്നു. കേരകൃഷി സംസ്ഥാനത്തെ ജീവിതരീതിയുടെ തന്നെ ഭാഗമായിരുന്നെങ്കിലും കഴിഞ്ഞ ദശകത്തില്‍ ഇതില്‍ നിന്നൊരു പിന്മടക്കം കാണുന്നുണ്ട്.  അതിനാല്‍ കേരകൃഷിയെ പുനരുജ്ജീവിപ്പിക്കാനും ലാഭകരമാക്കാനും പദ്ധതികള്‍  ആവിഷ്‌കരിക്കേണ്ടതുണ്ട്. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍്  കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. നാളികേര അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സംസ്ഥാനത്ത് വന്‍ സാധ്യതയുണ്ടെന്നും വ്യവസായമന്ത്രി പറഞ്ഞു.

1950 കള്‍ക്കു ശേഷം കേരളത്തില്‍ നാളികേര ഉത്പാദനക്ഷമതയും ഉല്‍പാദനവും കുറഞ്ഞതായി കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ലോകത്തിലെ തന്നെ മറ്റ് രാജ്യങ്ങളിലുണ്ടായ പോല നാളികേര വ്യവസായ സംരംഭ വികസനം നമ്മുടെ നാട്ടിലുണ്ടായിട്ടില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. കൃഷിക്കാരില്‍ നിന്നും തന്നെ സംരംഭകരെ ഉയര്‍ത്തികൊണ്ടുവന്ന് നാളികേരത്തില്‍ നിന്ന് ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തി മൂല്യവര്‍ധിത ഉല്‍പാദന രംഗത്തേക്ക് കടന്നുവരാനും നമുക്കാവണം. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് നാളികേര വ്യവസായ രംഗത്ത് വികസമുണ്ടാകുന്നതിനോടൊപ്പം കര്‍ഷകര്‍ക്കും നേട്ടമുണ്ടാകുന്ന രീതിയിലുള്ള വ്യവസായങ്ങളായിരിക്കണം ഉണ്ടാവേണ്ടത്. തെങ്ങിന്റെ പരിപാലനരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ഇതിനായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും പരിപാലനമുറകളും ശാസ്ത്രീയമായി പുനസംഘടിപ്പിക്കും. തെങ്ങിന് പൊതുവായി കണ്ടുവരുന്ന  കൊമ്പന്‍ചെല്ലി, ചെമ്പന്‍ ചെല്ലി, മണ്ഡരി പോലെയുള്ള രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നടത്തും. മണ്ണിന്റെ പ്രത്യേകത മനസിലാക്കി ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുമെന്ന്  മന്ത്രി പറഞ്ഞു
.

നാളികേരത്തില്‍ നിന്നുള്ള മൂല്യാധിഷ്ഠിത ഉത്പന്നങ്ങളുടെ വിപുലീകരണം ആവശ്യമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിവിധ തരത്തിലുള്ള ഉത്പന്നങ്ങള്‍ - മരത്തിനു പകരം നില്ക്കാവുന്നവ വരെ - കൃത്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച്  നാളികേരത്തില്‍ നിന്ന്  നിര്‍മിക്കാം. സംസ്ഥാനത്ത് നാളികേരത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി സംസ്ഥാനത്തിന്റെ പ്രത്യേക കൃഷിരീതിയും നൂതനസാങ്കേതിക വിദ്യയും അടിസ്ഥാനമാക്കി പദ്ധതികള്‍ രൂപികരിക്കണം.  

സംസ്ഥാന സര്‍ക്കാരും നാളികേര വികസന ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്യൂണിറ്റി എക്‌സിക്യൂട്ടീവ്  ഡയറക്ടര്‍  ഉറോണ്‍ എന്‍ സലൂം മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി കെ രാമചന്ദ്രന്‍ കോണ്‍ഫറന്‍സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു.  എംകെ രാഘവന്‍ എംപി, എ പ്രദീപ്കുമാര്‍ എംഎല്‍എ, നാളികേര വികസനബോര്‍ഡ് അദ്ധ്യക്ഷ ജി ജയലക്ഷ്മി, ആസൂത്രണബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ എ  ജയതിലക് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ എം എസ് സ്വാമിനാഥന്‍ വീഡിയോ സന്ദേശം നല്കി.

കോണ്‍ഫറന്‍സില്‍ സുസ്ഥിര നാളികേര വികസനത്തിനു വേണ്ട നയങ്ങളും പരിപാടികളും, ഉത്പാദനവും ഉത്പാദനക്ഷമതയും   വ്യാവസായികോത്പാദനവും മൂല്യ വര്‍ധനവും, രാജ്യാന്തര വ്യാപാര പ്രശ്‌നങ്ങള്‍, കയര്‍ മേഖലയുടെ സുസ്ഥിര വികസനത്തിനു വേണ്ട നയങ്ങളും പരിപാടികളും എന്നീ സെഷനുകളാണുള്ളത്. ഫിലിപൈന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, വിയറ്റ്‌നാ, ചൈന, ആസ്‌ത്രേലിയ, തായ്‌ലന്റ്, സിംഗപൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.
കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനവും മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കിക്കണ്ടു. പ്രദര്‍ശനത്തില്‍ നാളികേര രംഗത്തെ ദേശീയ, അന്താരാഷ്ട്ര സംസ്‌കരണ സംരംഭകര്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫാബ്രിക്കേറ്റര്‍മാര്‍, സംരംഭകര്‍ എന്നിവരുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകീട്ട് 8 വരെ പൊതുജനങ്ങള്‍ക്ക്  കാണാം.
 

 

 

 

ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 7 ന്

 

 

മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ യിലെ ഡി.ടി.പി.ഒ, ഇലക്‌ട്രോണിക് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലെ ഓരോ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഒഴിവില്‍  ഇന്‍സ്ട്രക്ടറെ നിയമിക്കും. ഇന്റര്‍വ്യൂ തീയതി നവംബര്‍ ഏഴിന് രാവിലെ 11 മണി. ഡി.ടി.പി.ഒ യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ/ഡിഗ്രി. ഇലക്‌ട്രോണിക് മെക്കാനിക്ക് യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി.

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ഐഡന്റിറ്റി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍ : 0495-2373976.  

 

 

 

സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും ഇന്ന്

 

 

 

കോഴിക്കോട് ജില്ലയിലെ ചാലിയം മുതല്‍ ബേപ്പൂര്‍ വരെയുള്ള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് ഇന്ന് (നവംബര്‍ 3) രാവിലെ എട്ട് മുതല്‍ രണ്ട് മണി വരെ ചാലിയം ഉമ്പിച്ചിഹാജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം വി കെ സി മമ്മദ്‌കോയ എംഎല്‍ എ നിര്‍വഹിക്കും. ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍ കൂടാതെ സ്‌കിന്‍, നേത്രം, ഗൈനക്കോളജി, ഡെന്റല്‍, പീഡിയാട്രിക് സര്‍ജറി (റഫറല്‍ മാത്രം) തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ വിഭാഗങ്ങളില്‍ പരിശോധന നല്‍കും. അലോപ്പതി, ആയുര്‍വേദം  ചികിത്സാ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ഫോണ്‍ :0495   2383780.

 

 

 

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

 

 

കേരളഷോപ്പ്‌സ് ആന്‍ഡ് കമ്മേഴ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ല ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ ഈ അധ്യയനവര്‍ഷത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുളള) കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ഉന്നത വിജയം കൈവരിച്ചവരില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്‍ ലഭിച്ചമാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്ക് - 0495 2372434.

date