Skip to main content

കോഴിക്കോട് താലൂക്ക് പരാതി പരിഹാര അദാലത്ത് :81 പരാതികള്‍ പരിഗണിച്ചു 

 

 

 കോഴിക്കോട് താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 81 പരാതികള്‍ പരിഗണിച്ചു. 26 പരാതികളില്‍ പരാതിക്കാര്‍ക്ക് അതത് വകുപ്പുകള്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് മറുപടി നല്‍കി.  ബാക്കിയുള്ള പാരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭൂനികുതി,  പട്ടയം, അവകാശ തര്‍ക്കം, സഹായധനം അനുവദിക്കല്‍, സര്‍വേ തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികളാണ് അദാലത്തില്‍ ലഭിച്ചത്.

 

ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തില്‍  കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ എ.ഡി.എം രോഷ്ണി നാരായണന്‍, സബ് കലക്ടര്‍ ജി.പ്രിയങ്ക, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.ബിജു, കെ.ഹിമ, ടി.ജനില്‍കുമാര്‍ തുടങ്ങിയവരും പരാതികള്‍ പരിഗണിച്ചു. കോഴിക്കോട് തഹസില്‍ദാര്‍ പി.ശുഭന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

പത്രപ്രവര്‍ത്തക പെന്‍ഷന്‍: വര്‍ധിപ്പിച്ച വിഹിതം അടയ്ക്കണം

 

 

പത്രപ്രവര്‍ത്തക പെന്‍ഷന്‍ അംശദായം 2019 ഏപ്രില്‍ മുതല്‍ 300 രൂപയില്‍ നിന്നും 500 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ അംശദായം അടച്ചവരില്‍ കുടിശ്ശിക അടക്കാന്‍ ബാക്കിയുള്ളവര്‍ നവംബര്‍ മാസത്തെ പെന്‍ഷന്‍ വിഹിതത്തോടൊപ്പം ബാക്കി തുക ഒടുക്കേണ്ടതാണെന്ന് ഐ-പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കുടിശ്ശിക അടക്കാതെ തുടര്‍ മാസങ്ങളിലെ വിഹിതം സ്വീകരിക്കുന്നതല്ല.

 

 

മാധ്യമ പെന്‍ഷന്‍ പ്രൊഫോര്‍മ: തിയ്യതി നീട്ടി

 

 

പത്രപ്രവര്‍ത്തക/ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കംപ്യൂട്ടര്‍വത്ക്കരണത്തിന്റെ ഭാഗമായി പ്രൊഫോര്‍മ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നവംബര്‍ 16 വരെ നീട്ടി. പ്രോഫോര്‍മയും പാസ്ബുക്കിന്റെ പകര്‍പ്പുകളും ഇനിയും സമര്‍പ്പിക്കാത്ത പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവരും പദ്ധതിയില്‍ അംശദായം അടച്ചു വരുന്നവരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ഐ-പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

 

ലോകായുക്ത : ക്യാമ്പ് സിറ്റിംഗ് മാറ്റി

 

 

കേരള ലോകായുക്ത നവംബര്‍ നാല് മുതല്‍ എട്ട് വരെ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗ് മാറ്റിയതായി രജിസ്ട്രാര്‍ അറിയിച്ചു.  ഈ ദിവസങ്ങളില്‍ വച്ചിരുന്ന കേസുകള്‍ ജനുവരി 20 മുതല്‍ 24 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ക്യാമ്പ് സിറ്റിങ്ങില്‍ പരിഗണിക്കും. 

 

 

ഫയര്‍  ആന്റ് സേഫ്റ്റി  കോഴ്സ് അപേക്ഷ ക്ഷണിച്ചു

 

 

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സെഫ്റ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത പത്താം ക്ലാസ്. താല്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് : 8301098705, 9400635455. 

 

 

ദുരന്തനിവാരണസേനാ രൂപീകരണം- പദ്ധതി ഉദ്ഘാടനം നവംബര്‍ അഞ്ചിന്

 

 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന 'ദുരന്ത നിവാരണ സേനാ രൂപീകരണവും റസ്‌ക്യൂസെന്ററില്‍ ഉപകരണങ്ങള്‍ വാങ്ങലും' പദ്ധതിയുടെ  ഉദ്ഘാടനം നവംബര്‍ 5 രാവിലെ 10-ന് ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.മനോജ്കുമാറിന്റെ അദ്ധ്യക്ഷതയില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി  പദ്ധതി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കോഴിക്കോട് ട്രോമാകെയര്‍ പ്രസിഡണ്ട് റിട്ട.എസ്.പി പ്രദീപ്കുമാര്‍.സി.എം മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിലും തുടര്‍ന്നുള്ള ബോധവല്‍ക്കരണ ക്ലാസ്സിലും താല്‍പര്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന്  കോഴിക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ഫോണ്‍ -  9446355175, 9846154899ഭ

2018 ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്  പ്രദേശത്തെയും സാരമായി ബാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബ്ളോക്ക് പഞ്ചായത്ത് പദ്ധതിയുമായി വന്നത്. 2018 ലെ പ്രളയബാധിതമായി പ്രഖ്യാപിച്ച വില്ലേജുകള്‍ ഉള്‍പ്പെട്ട ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളില്‍ 2019 ലെ വെള്ളപ്പൊക്കവും അതിരൂക്ഷമായി ബാധിച്ചു എന്നത് ഈ പദ്ധതിയുടെ പ്രസക്തി ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു.  പ്രകൃതി ദുരന്തവേളയില്‍ ദുരന്തമുഖത്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ തീവ്ര പരിശീലനം നല്‍കി  സജ്ജരാക്കുകയും, റസ്‌ക്യൂ സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി സൂക്ഷിക്കുക എന്നതുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.  

 

ഈ പദ്ധതി ശാസ്ത്രീയമായി നടപ്പിലാക്കാനും  2018 ലൂം 2019 ലുമുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരന്ത വ്യാപ്തി മനസ്സിലാക്കാനും പ്രദേശങ്ങള്‍ മാപ്  ചെയ്യുന്നതിനായി ഗുരുവായൂരപ്പന്‍ കോളേജിലെയും, പി.കെ കോളേജ് ഒളവണ്ണയിലെയും   എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് സര്‍വ്വേ നടത്തി.  ഈ ഡാറ്റ മഴക്കെടുതി, ഉരുള്‍പൊട്ടല്‍, പ്രളയം, കടലാക്രമണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍   ഉണ്ടാകുമ്പോള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി ആസൂത്രണം ചെയ്യുന്നതിനും, ദുരന്തങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യതയുളള പ്രദേശങ്ങള്‍ കണ്ടെത്തി മാപ് ചെയ്യുന്നതിനും ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കാനും ദുരന്ത വ്യാപ്തി കുറക്കാനും സഹായിക്കും. അടിയന്തിര ജീവന്‍രക്ഷാ സംവിധാനങ്ങള്‍, പ്രഥമശുശ്രൂഷ, നേതൃപാടവം, മുന്‍കരുതല്‍, ഫയര്‍ & റസ്‌ക്യൂ, ഇലക്ട്രിക്കല്‍, വാട്ടര്‍ റസ്‌ക്യൂ എന്നീ മേഖലകളില്‍ ട്രോമാകെയറുമായി യോജിച്ച് തീവ്രപരിശീലനം നല്‍കാനാണ് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്.

date